ബാലഭാസകര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കാര്‍ ഓടിച്ചത് അര്‍ജ്ജുനെന്ന് പ്രകാശ് തമ്പി

Web Desk
Posted on June 08, 2019, 5:00 pm

കൊച്ചി: സംഗീതസംവിധായകന്‍ ബാലഭാസ്‌കര്‍ അപകടത്തില്‍പെടുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്ന് സ്വര്‍ണ കടത്തുകേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി. പരിക്കുപറ്റി ആശുപത്രിയില്‍ കിടക്കുമ്പോള്‍ അര്‍ജ്ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞുവെന്ന് തമ്പി ക്രൈം ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. പിന്നീട് ഇയാള്‍ മൊഴി മാറ്റിയതിനെ തുടര്‍ന്നാണ് കൊല്ലത്തെ ജ്യൂസ് കടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്.

മൊഴി മാറ്റിയതിന് പിന്നാലെ അയാളെ മൊബൈലില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. പിന്നീട് തന്റെ നമ്പര്‍ ബ്ലോക് ചെയ്യുകയും ചെയ്തു. ഇതിലൊക്കെ സംശയം തോന്നിയാണ് സ്വന്തം നിലയില്‍ അന്വേഷണത്തിന് തുനിഞ്ഞത്. കൂട്ടുകാരന്റെ സഹായത്തോടെയാണ് കൊല്ലത്തെ കടയില്‍ നിന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചതെന്നും തമ്പി പറഞ്ഞു. ബാലഭാസ്‌ക്കറിനൊപ്പം രണ്ട് തവണ ദുബായിയില്‍ പോയിരുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പരിപാടി നടത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തിരുന്നത്. ഇതിന് തക്കതായ പ്രതിഫലം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ബാലഭാസ്‌ക്കറിന്റെ ഏതെങ്കിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ തന്റെ കൈവശമില്ല. അപകട സ്ഥലത്തുനിന്ന് ലഭിച്ച ബാലഭാസ്‌ക്കറിന്റെ എല്ലാ സാധനങ്ങളും ഭാര്യ ലക്ഷ്മിയെ ഏല്‍പ്പിച്ചിട്ടുണ്ട്.

സ്വര്‍ണ കള്ളകടത്തുമായി ബാലഭാസ്‌കറിനോ തനിക്കോ യാതൊരു പങ്കുമില്ലെന്ന് തമ്പി പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തിലാണ് തമ്പിയെ ചോദ്യം ചെയ്തത്. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ചുമണിക്കൂര്‍ നീണ്ടുനിന്നു. പ്രകാശ് തമ്പിയുടെ മൊഴി പരിശോധിക്കുകയും ഈ കേസിലെ മറ്റ് മൊഴികളുമായി ഏതെങ്കിലും തരത്തിലുള്ള വൈരുധ്യം നിലവിലുണ്ടെങ്കില്‍ തുടര്‍ നടപടിളെടുക്കുമെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.