പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പേര് ദുരുപയോഗം ചെയ്തായി അന്വേഷണ ഉദ്യോഗസ്ഥര്‍

Web Desk
Posted on June 19, 2019, 7:20 pm

കൊച്ചി: സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചു. ഇതല്ലാതെ ബാലഭാസ്‌കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്‌കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സ്വര്‍ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ പറഞ്ഞു.
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പിലെ അംഗങ്ങളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷു സോമസുന്ദരവുമാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെന്ന് റവന്യൂ ഇന്റലിജന്‍സ്. ഇവര്‍ 200 കിലോയിലേറെ സ്വര്‍ണം കടത്തിയിട്ടുണ്ട്.
പ്രകാശന്‍ തമ്പിക്കു പിന്നാലെ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിഷ്ണുവിനെയും ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. നവംബര്‍ മുതല്‍ മേയ് വരെയുള്ള ഏഴു മാസങ്ങളിലായി പ്രകാശന്‍ തമ്പി ഏഴു തവണയും വിഷ്ണു 10 തവണയും ദുബായിലേക്കു യാത്ര ചെയ്തു. സ്വര്‍ണക്കടത്തിലെ കാരിയറായി കണ്ടെത്തിയിട്ടുള്ളവരും ഇതേദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്.

അതിനാല്‍ ഈ യാത്രകള്‍ സ്വര്‍ണക്കടത്തിനായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇത്രയും യാത്രകളിലായി പ്രകാശന്‍ തമ്പി 60 കിലോയും വിഷ്ണു 150 കിലോയും സ്വര്‍ണം കടത്തിയെന്നാണു സൂചന. ബാലഭാസ്‌കറിന്റെ മരണത്തിനു ശേഷമാണ് സ്വര്‍ണക്കടത്ത് നടന്നത്. അതിനു മുന്‍പ് വളരെ കുറച്ച് തവണ മാത്രമേ ഇരുവരും ദുബായിലേക്കു പോയിട്ടുള്ളു. അതുകൊണ്ട് ബാലഭാസ്‌കര്‍ ജീവിച്ചിരിക്കെ സ്വര്‍ണക്കടത്തുള്ളതായി കരുതുന്നില്ല.

സ്വര്‍ണക്കടത്തിന് അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ടിന്റെ മൊഴിയും ഇതു ശരിവയ്ക്കുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ആ പേരു പറഞ്ഞ് പ്രകാശന്‍ തമ്പി പരിചയപ്പെട്ടതെന്നാണ് സൂപ്രണ്ട് രാധാകൃഷ്ണന്റെ മൊഴി. അതേസമയം, കാരിയര്‍ എന്നതിനപ്പുറം അഡ്വ. ബിജുവിനൊപ്പം സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്നയാളാണു വിഷ്ണു. ദുബായിലെത്തുന്ന കാരിയര്‍മാര്‍ക്കു സ്വര്‍ണം എത്തിച്ച് നല്‍കുന്നതും സൗകര്യങ്ങളേര്‍പ്പാടാക്കുന്നതും വിഷ്ണുവിന്റെ ജോലിക്കാരാണെന്നുമാണ് ഡിആര്‍ഐയുടെ കണ്ടെത്തല്‍.