ശ്രീമതി സുഗതകുമാരിക്കു ശേഷം പ്രകൃതിയെ സ്നേഹിക്കുന്ന, പരിസ്ഥിതിയെ സംരക്ഷിക്കുന്ന, അധർമ്മങ്ങൾക്കെതിരെ ആക്രോശിക്കുന്ന ഒരു കവയിത്രി കുടി രംഗപ്രവേശനം ചെയ്തിരിക്കുന്നു — വിജി വട്ടപ്പാറ. വിജി വട്ടപ്പാറ പ്രഭാത് ബുക്ക് ഹൗസിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്ന 36 കവിതകൾ ഉൾക്കൊള്ളുന്ന സമാഹാരമാണ് ‘മഴനീർത്തുള്ളികൾ. ’ ‘ഭൂമി’ എന്ന കവിതയിൽ മനുഷ്യർ കാണിക്കുന്ന നെറികേടുകളെ വർണിക്കുന്നു. ഭൂമിയിൽ നിന്നും ജലം ആവോളമൂറ്റിയെടുത്ത് കുപ്പികളിലടച്ച് വിൽക്കുന്നു. ആ വെള്ളം ഊറ്റിക്കുടിച്ചിട്ട് ഭൂമിയുടെ വയറ്റിലേക്ക് എറിഞ്ഞ് പാരിസ്ഥിതിക്കാഘാതമുണ്ടാക്കുന്നു.
സ്ത്രീധനം എന്ന വിപത്തും കവിയെ വേദനിപ്പിക്കുന്നു. ഈ സാമൂഹ്യ വിപത്തിനെക്കുറിച്ച് ഏറെനാളായി പണ്ഡിതപാമരഭേദമന്യേ പരാമർശിക്കുന്നു. പെണ്ണായി ജനിച്ചുപോയാൽ ജീവിതത്തിലും വിവാഹാനന്തരജീവിതത്തിലും സൃഷ്ടിക്കുന്ന സ്ത്രീധനത്തിന്റെ വിപത്തുകൾ ആഹ്വാനങ്ങളാലും നിയമങ്ങളാലും പരിഹാര മുണ്ടാക്കാനാകാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. വിജിയുടെ അഭിപ്രായത്തിൽ സ്ത്രീസമൂഹം തന്നെ ഒന്നിച്ച് പോരാടി വിജയിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
സ്ത്രീധന പീഡനമെന്നതിൽ ഒളിച്ചോട്ടമല്ല ആത്മഹത്യയല്ല ഈ ദുഃസ്ഥിതിക്കുമനീതി- ക്കുമെതിരെ പോരാടി പ്രതികരിച്ചു പൊരുതി ജയിച്ചു ജീവിക്കണം സോദരരേ.
പല സാധനങ്ങളും എന്തിനെന്നുള്ളതാണെന്നറിയാതെ ഉപയോഗിക്കുന്നതുകാരണം സമൂഹത്തിൽ പലവിധ ആപത്തുകളാണുണ്ടാകുന്നത്. ആയുധങ്ങൾ കയ്യിൽ കിട്ടുന്ന മനുഷ്യൻ മൃഗതുല്യനായി മാറി മറ്റുള്ളവന്റെ നാശത്തിലേക്ക് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നാശം ആയുധങ്ങൾ പോലുമറിയുന്നില്ല. ഇതിന്റെയൊക്കെ ഫലമാണ് സമൂഹത്തിൽ രാഷ്ട്രങ്ങൾ പോലും തമ്മിലടിച്ച് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ജാതിമതവർഗ രാഷ്ട്രീയ വൈരഭ്രാന്തുകൾ ചേർന്ന് കറുത്തരൗദ്രനിറമായി മാറുന്നുവെന്ന് കവി പറയുന്നു.
വിജിയുടെ കവിതകളിൽ കാണുന്ന സ്വകാര്യ ചിന്തകളാകുന്ന അനുഭൂതികൾ ആവിഷ്കരിച്ച് കാലികപ്രസക്തിയുള്ള പലസംഭവങ്ങളും വായനക്കാരെ ആകർഷിക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്. സ്വാതന്ത്യത്തിന്റെ മഹത്വത്തെക്കുറിച്ചും അത് നേടിയെടുക്കാൻ പൂർവികർ അനുഭവിച്ച ത്യാഗസുരഭിലമായ പ്രവർത്തനങ്ങളും പരാമർശിക്കുന്ന കവി കപടവർണാപദാനങ്ങളും പൂവും ശലഭവും തമ്മിലുള്ള പ്രണയ സ്വപ്നങ്ങളും അവയുടെ ജന്മാന്തരമോഹങ്ങളും പ്രതിപാദിച്ചിരിക്കുന്നു. മരണവും പ്രതിപാദ്യ വിഷയമായ മഴനീർത്തുള്ളികൾ ഒരു പ്രവാഹമായി മാറി മലീമസമായ സമൂഹത്തെ പവിത്രമാക്കുന്നു.
മഴനീര്‍ത്തുള്ളികള്‍
(കവിത)
വിജി വട്ടപ്പാറ
പ്രഭാത് ബുക് ഹൗസ്
വില: 80 രൂപ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.