Monday
24 Jun 2019

പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള തീര്‍ഥയാത്ര

By: Web Desk | Friday 8 June 2018 10:37 PM IST


മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള ‘തീര്‍ഥയാത്രക്ക്’ പരിസമാപ്തിയായി. അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്നതിനെപ്പറ്റി ഏറ്റവും മികച്ച പ്രവചനം ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റേതു തന്നെയായിരിക്കും- ‘സംഘ് സംഘായിത്തന്നെ തുടരും, പ്രണബ് മുഖര്‍ജി പ്രണബ് മുഖര്‍ജിയായും’. ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായിരുന്ന സ്വന്തം അച്ഛനെപ്പറ്റി കോണ്‍ഗ്രസ് നേതാവു കൂടിയായ ഷര്‍മിഷ്ട മുഖര്‍ജി നടത്തിയ പ്രവചനവും അവഗണിക്കാനാവാത്തതാണ്. ‘അച്ഛന്‍ നാഗ്പൂരില്‍ പറയുന്നത് വിസ്മരിക്കപ്പെടും, എന്നാല്‍ അതിന്റെ ചിത്രങ്ങള്‍ ചരിത്രത്തില്‍ വിലയിരുത്തപ്പെടും.’ സാമൂഹ്യ മാധ്യമങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ക്കൊപ്പം പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങള്‍ മകളുടെ മുന്നറിയിപ്പുകളുടെ സാധൂകരണമായി ഇതിനകം വ്യാഖ്യാനിക്കപ്പെട്ടുകഴിഞ്ഞു. ആര്‍എസ്എസിന്റെ തെരഞ്ഞെടുക്കപ്പെട്ട സ്വയം സേവകര്‍ അവരുടെ ആസ്ഥാനത്ത് മൂന്ന് വര്‍ഷങ്ങളായി പരിശീലനം പൂര്‍ത്തിയാക്കി ‘രാഷ്ട്രസേവന’ത്തിനായി പുറത്തിറങ്ങുന്ന പ്രതിവര്‍ഷ ചടങ്ങില്‍ പങ്കെടുക്കാനാണ് പ്രണബ് അവരുടെ ക്ഷണം സ്വീകരിച്ച് നാഗ്പൂരിലെത്തിയത്. ഒരു പതിവുചടങ്ങിന് അസാധാരണ പ്രാധാന്യം നേടിക്കൊടുക്കുന്നതിനും അതിന് ദൃശ്യമാധ്യമങ്ങളടക്കം മാധ്യമങ്ങളില്‍ അസാമാന്യ പ്രചാരണം ലഭ്യമാക്കുന്നതിനും അതുവഴി തീവ്രഹിന്ദുത്വത്തില്‍ അധിഷ്ഠിതമായ ഒരു അര്‍ധ സൈനിക സമാന്തരസേനക്ക് മാന്യത നേടിക്കൊടുക്കുന്നതിനും ഒരു ഉപകരണമായി മാറുക എന്നതില്‍ കവിഞ്ഞ് യാതൊരു നേട്ടവും കൈവരിക്കാന്‍ മുന്‍ രാഷ്ട്രപതിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തിന് കഴിഞ്ഞുവോ എന്ന് ചരിത്രം തന്നെ വിലയിരുത്തട്ടെ. എന്നാല്‍ താന്‍ വച്ചുപുലര്‍ത്തിയിരുന്നതും കൈവരിക്കാന്‍ കഴിയാതെ പോയതുമായ പ്രധാനമന്ത്രിപദ സാക്ഷാല്‍ക്കാരത്തിലേക്കുള്ള കുറുക്കുവഴി തേടലായിരുന്നു പ്രണബിന്റെ നാഗ്പൂര്‍ തീര്‍ഥയാത്രാ ലക്ഷ്യമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലിനെ അപ്പാടെ തള്ളിക്കളയാനുമാവില്ല.

പ്രണബ് മുഖര്‍ജിയുടെ നാഗ്പൂര്‍ പ്രസംഗം ആര്‍എസ്എസിനുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാണെന്നും മറ്റുമുള്ള കോണ്‍ഗ്രസിന്റെ ഔദേ്യാഗിക വക്താവിന്റെ പ്രതികരണം സ്വയം ആശ്വസിക്കാനുള്ള ആ പാര്‍ട്ടിയുടെ ശ്രമമായി മാത്രമേ കണക്കാക്കാനാവൂ. അതില്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുന്ന എത്ര കോണ്‍ഗ്രസുകാരുണ്ടെന്ന് അനേ്വഷിക്കുന്നത് കൗതുകകരമായിരിക്കും. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു വിഭാഗമെങ്കിലും അവലംബിച്ചുപോരുന്ന മൃദുഹിന്ദുത്വവാദവുമായി പൊരുത്തപ്പെട്ടുപോകുന്നതാണ് പ്രണബിന്റെ വാക്കുകള്‍ എന്നതിലായിരിക്കാം അത്തരക്കാര്‍ ആശ്വാസം കണ്ടെത്തുന്നത്. തന്റെ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി ഇന്ത്യാ ചരിത്രത്തെത്തന്നെ ഹ്രസ്വമായി വിലയിരുത്താന്‍ ശ്രമം നടത്തിയിരുന്നു. വിസ്താര ഭയത്താല്‍ അത് ഇവിടെ വിശകലനം ചെയ്യുക എന്നത് അപ്രായോഗികമാണ്. ഭരണഘടനയേയും അത് വിഭാവനം ചെയ്യുന്ന സാമൂഹ്യ-സാമ്പത്തിക പരിവര്‍ത്തനത്തേയും അതില്‍നിന്ന് ആവിര്‍ഭവിക്കുന്ന ദേശം, ദേശീയത, ദേശീയാവബോധം എന്നിവയെപ്പറ്റിയെല്ലാം അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മത, വംശ, വര്‍ഗ, വര്‍ണ, ജാതി വ്യത്യാസങ്ങള്‍ക്ക് അതീതമായ ഭരണഘടനാധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയ വികാരത്തെയും അത് പ്രകീര്‍ത്തിക്കുന്നു. ആ പ്രഭാഷണത്തിന്റെ നയതന്ത്രജ്ഞതയ്ക്കും പ്രസന്നതയ്ക്കും അപ്പുറം താന്‍ പങ്കിടുന്ന വേദിയും താന്‍ അഭിസംബോധന ചെയ്യുന്ന പ്രസ്ഥാനം അത്തരം മഹത്തായ ആശയങ്ങള്‍ക്കുനേരെ ഉയര്‍ത്തുന്ന കടുത്ത വെല്ലുവിളിയും തുറന്നുകാട്ടാന്‍ പ്രണബ് മുഖര്‍ജി അറച്ചുനില്‍ക്കുന്നതായാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് കോളനിവാഴ്ചയുടെ ഇരുന്നൂറ് വര്‍ഷത്തിന്റെ തുടക്കത്തെ ‘വാണിജ്യ കമ്പനി’യുടെ വരവായി വിലയിരുത്തുന്ന പ്രണബിന്റെ ചരിത്രാവലോകനം 600 വര്‍ഷത്തെ മുസ്‌ലിം ഭരണത്തെ ‘മുസ്‌ലിം ആക്രമണകാരി’കളുടെ വരവായി വിവരിക്കുന്നത് തികച്ചും യാദൃശ്ചികമായി ആരും കരുതുമെന്നു തോന്നുന്നില്ല.

ഒരുപക്ഷെ ആര്‍എസ്എസ് ആസ്ഥാനത്തേക്കുള്ള പ്രണബ് മുഖര്‍ജിയുടെ വരവിനെ തീര്‍ഥാടനമാക്കി മാറ്റിയത് ആ അര്‍ധ സൈനിക സംഘടനയുടെ സ്ഥാപകന്‍ കെ ബി ഹെഡ്‌ഗെവാറിന്റെ സ്മൃതി മന്ദിറിലേക്കുള്ള യാത്രയാണ്. അവിടെ സന്ദര്‍ശകര്‍ക്കായി സൂക്ഷിച്ചിട്ടുള്ള പുസ്തകത്തില്‍ ഹെഡ്‌ഗെവാറിനെ ‘ഭാരതമാതാവിന്റെ മഹാനായ പുത്രന്‍’ എന്നാണ് പ്രണബ് പ്രകീര്‍ത്തിച്ചത്. അതാണ് ഒരുപക്ഷെ പ്രണബ് മുഖര്‍ജി തന്റെ പ്രഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങളും ഓര്‍മപുസ്തകത്തില്‍ രേഖപ്പെടുത്തിയ പ്രകീര്‍ത്തനവും തമ്മിലുള്ള ഏറ്റവും കടുത്ത വൈരുധ്യം തുറന്നുകാട്ടുന്നത്. ഇതെ ഹെഡ്‌ഗെവാര്‍ തന്നെയാണ് ഭാരതമാതാവിനെ ആദരിക്കാത്ത മുസ്‌ലിങ്ങളെ ‘യവനസര്‍പ്പങ്ങളെ’പോലെ സംശയത്തോടെ നിരീക്ഷിക്കണമെന്ന് ആഹ്വാനം ചെയ്ത ആര്‍എസ്എസിന്റെ പ്രഥമ സര്‍സംഘ്ചാലക്. പ്രണബ് മുഖര്‍ജി പ്രകീര്‍ത്തിച്ച ഹെഡ്‌ഗെവാര്‍ രൂപം നല്‍കിയ ആര്‍എസ്എസാണ് ഗാന്ധിജി, നെഹ്‌റു, പട്ടേല്‍, രാജഗോപാലാചാരി, സരോജിനി നായിഡു തുടങ്ങി അതുല്യരായ ഇന്ത്യക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളെയും അവര്‍ വിഭാവനം ചെയ്ത മതനിരപേക്ഷ രാഷ്ട്രത്തിന്റെയും അടിത്തറയുമിളക്കാന്‍ അതിന്റെ ചരിത്രത്തിലുടനീളം യത്‌നിച്ചുപോരുന്നത്.