Janayugom Online
pranab

ആര്‍എസ്എസ് വേദിയിലെ പ്രണബിന്റെ പ്രസംഗം: കാഴ്ചയും കാഴ്ചപ്പാടും

Web Desk
Posted on June 10, 2018, 10:54 pm
KG Sivanandan

കെ ജി ശിവാനന്ദന്‍

കോണ്‍ഗ്രസിന്റെ നേതാവും രാജ്യത്തിന്റെ മുന്‍രാഷ്ട്രപതിയുമായ പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് വേദിയിലെത്തി പ്രസംഗിച്ചത് വലിയ വാര്‍ത്തയായിരുന്നു. തികഞ്ഞ മതനിരപേക്ഷ വാദിയും കോണ്‍ഗ്രസിന്റെ പ്രമുഖനേതാവുമെന്ന നിലയില്‍ പരിണതപ്രജ്ഞനാണ് മുഖര്‍ജി. അതിലുപരി രാഷ്ട്രപതി പദവിയില്‍ പ്രവര്‍ത്തിച്ച നാളുകളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള മതനിരപേക്ഷ ജനതയ്ക്ക് ആശ്വാസം പകരുന്ന വിധത്തിലുള്ളതായിരുന്നു. അതുകൊണ്ട് തന്നെ ഇന്‍ഡ്യയിലെ മതനിരപേക്ഷജനസമൂഹം ആശങ്കയോടെയാണ് മുന്‍രാഷ്ട്രപതിയുടെ ആര്‍എസ്എസ് ആസ്ഥാനമന്ദിര സന്ദര്‍ശനത്തെ കണ്ടത്.

തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും കോണ്‍ഗ്രസ് നേതാവും പ്രിയ പുത്രിയുമായ ശര്‍മിഷ്ഠ മുഖര്‍ജിയുടേയും ‘സന്ദര്‍ശനത്തിനുള്ള നിരുത്സാഹപ്പെടുത്തല്‍’ അവഗണിച്ചുകൊണ്ടാണ് അദ്ദേഹം നാഗ്പൂരിലെത്തി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമൊത്ത് വേദി പങ്കിട്ടത്. ബുദ്ധികൂര്‍മ്മതയില്‍ അഗ്രഗണ്യനാണ് പ്രണബ് മുഖര്‍ജിയെന്ന് അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം തെളിയിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ബുദ്ധികൂര്‍മ്മതയെ കവച്ചുവെയ്ക്കുന്ന സമീപനമാണ് ആര്‍എസ്എസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
അപ്രതീക്ഷിതമായി ക്ഷണം സ്വീകരിച്ചെത്തിയ പ്രമുഖനായ അതിഥിക്ക് ആവോളം ആസ്വദിക്കാന്‍ കഴിയുന്ന പരിചരണമാണ് ആതിഥേയര്‍ ഒരുക്കിയത്. തങ്ങളുടെ ആശയപ്രചരണത്തിന് അതിഥിയെ എങ്ങനെ ആയുധമാക്കാമെന്ന് സംഘം നേതാക്കള്‍ മുന്‍കൂട്ടി കണ്ടിരുന്നു. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസിന്റെ സമുന്നതനേതാവുമായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ, കോണ്‍ഗ്രസ് നേതാക്കള്‍ നോക്കിനില്‍ക്കെ ബിജെപി അവരുടെ രാഷ്ട്രീയ പ്രചാരണായുധമാക്കിയത് കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ രാജ്യം കണ്ടതാണ്. അത്തരത്തില്‍ ഒരു പ്രചരണായുധമാക്കി മുന്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ സംഘപരിവാര്‍ നേതാക്കള്‍ മാറ്റി തീര്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അത് അവര്‍ ആരംഭിച്ചു കഴിഞ്ഞു. ആര്‍എസ്എസ് പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാറിന്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു. ‘പ്രണബ് രാജ്യത്തിന്റെ മഹത്തായ ചരിത്രത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും സര്‍വോന്മുഖതയും ബഹുസ്വരതയും നാനാത്വത്തിലെ ഏകത്വവും ഇന്ത്യയുടെ അടിസ്ഥാനശിലകളായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. രാജ്യത്തിന്റെ 5000 വര്‍ഷത്തെ സാംസ്‌കാരികപാരമ്പര്യം അദ്ദേഹം പരാമര്‍ശിച്ചു”. ഇത് തങ്ങളുടെ നിലപാടിന്റെ സ്വീകാര്യതയായി ആര്‍എസ്എസിന്റെ പ്രചാരക് പ്രമുഖ് അവകാശപ്പെട്ടു. ഇതോടൊപ്പം എല്‍ കെ അദ്വാനിയുടെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ഏറെ കാലമായി ബിജെപിക്കുള്ളില്‍ നിശബ്ദനായി സമയം ചെലവഴിക്കുന്ന ആളാണ് അഡ്വാനി. ആശയപരമായി വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നവര്‍ തമ്മിലുള്ള സംഭാഷണത്തിന്റെ മികച്ച ഉദാഹരണമാണ് പ്രണബിനെ പ്രസംഗിക്കുവാന്‍ ക്ഷണിച്ചതിലൂടെ സംഘം നേതാക്കള്‍ നിര്‍വ്വഹിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ആര്‍എസ്എസ് ഒരു ഫാസിസ്റ്റ് സംഘടനയല്ലെന്ന് സ്ഥാപിച്ചെടുക്കാനും ജനാധിപത്യ വേദികള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കുന്നവരാണ് തങ്ങളെന്ന് സമര്‍ത്ഥിക്കാനും അഡ്വാനി മറന്നില്ല. പ്രസംഗത്തെ പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ‘ഇന്ത്യന്‍ ദേശീയതയുടെ കുലീനമായ ആശയവും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ടുള്ളതായിരുന്നു പ്രണബിന്റെ പ്രസംഗം. വിശ്വാസങ്ങളിലെ ബഹുസ്വരതയടക്കമുള്ള എല്ലാ വൈവിധ്യങ്ങളും അംഗീകരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഇന്ത്യയ്ക്ക് അടിസ്ഥാനപരമായി വേണ്ട ഐക്യത്തെ കുറിച്ചാണ് പ്രണബും ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതും ചൂണ്ടിക്കാട്ടിയത്. പരസ്പരബഹുമാനത്തിലൂന്നിയുള്ള ഇത്തരം സംഭാഷണങ്ങള്‍ സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും അന്തരീക്ഷമുണ്ടാക്കാനും അതുവഴി നമ്മുടെയെല്ലാം സ്വപ്‌നത്തിനനുസരിച്ചുള്ള ഇന്ത്യ രൂപവത്ക്കരിക്കാനും സഹായകമാവും’. ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചതുവഴി ഭാഗവതുമായുള്ള ദീര്‍ഘകാലബന്ധം പ്രണബ് പുതുക്കിയെന്നും അദ്വാനി അഭിപ്രായപ്പെടുകയുണ്ടായി.
‘ദേശം, ദേശീയത, ദേശസ്‌നേഹം’ എന്ന വിഷയത്തെ അധികരിച്ച് 45 മിനിറ്റ് നേരമാണ് ആര്‍എസ്എസിന്റെ വേദിയില്‍ മുന്‍ രാഷ്ട്രപതി പ്രഭാഷണം നടത്തിയത്. ഈ പ്രസംഗത്തിന്റെ പൂര്‍ണരൂപം ശ്രദ്ധിച്ചാല്‍ ഏതൊരു ജനാധിപത്യവാദിക്കും പ്രസംഗത്തിന്റെ ഉള്ളടക്കത്തോട് യോജിക്കാനെ കഴിയൂ. തികച്ചും നെഹ്‌റുവിയന്‍ കാഴ്ചപ്പാട് ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രഭാഷണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം കണ്ണിലെ കരടും പ്രഖ്യാപിത ശത്രുവുമാണ് പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസിന്റെ നേതാവുമായിട്ടുള്ള പണ്ഡിറ്റ് നെഹ്‌റു. എന്നാല്‍ നെഹ്‌റുവിന്റെ ആശയങ്ങളെ പ്രണബിന്റെ വാക്കുകളില്‍ നിന്ന് അടര്‍ത്തിയെടുത്ത് തങ്ങളുടെ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്രത്തിന് മാറ്റ് കൂട്ടുന്നതിനായി അരിച്ചെടുത്ത് ഉപയോഗിക്കുന്നതില്‍ സംഘം നേതാക്കള്‍ വിജയിക്കുന്നുണ്ടെന്നത് കാണാതിരുന്നു കൂടാ. തന്റെ മതേതരമായ ആശയങ്ങളെ വെള്ളം ചേര്‍ക്കാതെയും ശക്തമായും അവതരിപ്പിച്ച് ജനഹൃദയം കവര്‍ന്നെടുത്ത തികഞ്ഞ മതനിരപേക്ഷ വാദിയായിരുന്നു നെഹ്‌റു. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മൃദുഹിന്ദുത്വ സമീപനമെന്ന വഴിയിലൂടെ സഞ്ചരിച്ച് നെഹ്‌റുവിന്റെ മതനിരപേക്ഷ ആശയങ്ങളെ തന്നെ അടിമുടി അട്ടിമറിച്ചിരിക്കുന്നു. വര്‍ഗീയ‑ഫാസിസത്തെ ചെറുക്കാന്‍ ശക്തമായ ആശയവ്യക്തതയില്ലാതെ ഇരുട്ടില്‍ തപ്പുന്ന കോണ്‍ഗ്രസിനെയാണ് സമകാലീന ഭാരതം കാണുന്നത്.
ഭൂതകാലത്തിന്റെ തടവറയില്‍ നിന്ന് ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാന്‍ അശ്രാന്തം പരിശ്രമിച്ച നേതാവായിരുന്നു പണ്ഡിറ്റ്ജി. അതോടൊപ്പം ഭൂതകാല ഇന്ത്യയുടെ സംസ്‌കാരത്തില്‍ നിന്ന് ‘നാനാത്വത്തിലെ ഏകത്വം’ എന്ന ആശയം ഉരുത്തിരിച്ചെടുക്കുകയും ചെയ്തു. ഹിന്ദുമതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: ‘ഒരു വിശ്വാസം എന്ന നിലയില്‍ ഹിന്ദുമതം അവ്യക്തമാണ്. അരൂപമാണ്, ബഹുമുഖമാണ്, ആര്‍ക്കും എന്തുമാണ്, അതിനെ നിര്‍വചിക്കുകതന്നെ സാദ്ധ്യമല്ല’. ഈ ബഹുസ്വരത അംഗീകരിക്കുന്നവരല്ല ആര്‍എസ്എസ്. മതരഹിതമായ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ടായിരുന്ന ഇന്ത്യയും, പ്രാചീനസംസ്‌കാരങ്ങളും. ആസ്‌ത്രോലോയിഡ്, ദ്രാവിഡര്‍, ആര്യന്മാര്‍, മംഗോളിയര്‍ തുടങ്ങിയ വംശങ്ങളില്‍ നിന്ന് ഏഴ് പ്രധാന മതങ്ങള്‍ പിന്തുടരുന്ന ഭാഷകളും, ഭാഷാഭേദങ്ങളും, സാംസ്‌കാരിക വൈവിധ്യങ്ങളും ഉള്‍ക്കൊള്ളുന്ന ജനങ്ങളുടെ ശാശ്വതമായ വിശ്വമാനവികതയാണ് ഇന്ത്യയുടെ ബഹുസ്വരത. ഇത് ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിനാകില്ല. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ‘സാംസ്‌കാരിക ദേശീയത’ ചാതുര്‍വര്‍ണ്യ സംസ്‌കാരത്തിലൂന്നിയുള്ള ഹിന്ദുരാഷ്ട്രീയ വാര്‍ത്തിലൂന്നിയിട്ടുള്ളതാണ്. ഇതൊരിക്കലും ഇന്ത്യയുടെ പൈതൃകത്തിനു ചേര്‍ന്നതുമല്ല. ജനാധിപത്യ, മതനിരപേക്ഷ, സോഷ്യലിസ്റ്റ്, ഇന്ത്യന്‍ റിപ്പബ്ലിക്കിനെ പ്രഖ്യാപിത ഹിന്ദു രാഷ്ട്രമാക്കി മാറ്റി തീര്‍ക്കുക’ എന്ന തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിനു വേണ്ടി പിന്തിരിപ്പന്‍ ആശയങ്ങളുമായി മുന്നോട്ട് പോകുന്ന സംഘപരിവാര്‍ സംഘടനകളുടെ കെണിയില്‍ വീഴാതിരിക്കാന്‍ ഓരോ മതനിരപേക്ഷ വാദിയും ജനാധിപത്യവിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്.
മുന്‍രാഷ്ട്രപതി ആര്‍എസ്എസ് ആസ്ഥാനത്ത് പ്രഭാഷണം നടത്തുക മാത്രമല്ല ചെയ്തത്. ആര്‍എസ്എസിന്റെ ആദ്യസംഘചാലക് ആയ ഡോക്ടര്‍ കേശവബലിറാം ഹെഡ്‌ഗെവാറിന്റെ പ്രതിമയില്‍ ഹാരമണിയിക്കുകയും സന്ദര്‍ശക പുസ്തകത്തില്‍ എഴുതുകയും ചെയ്തു. പുസ്തകത്തില്‍ മുന്‍രാഷ്ട്രപതി എഴുതിയ വാക്കുകള്‍ ജനാധിപത്യസമൂഹത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. ‘ഹെഡ്‌ഗെവാര്‍ ഭാരതത്തിന്റെ മഹാനായ പുത്രന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ആര്‍എസ്എസിന്റെ ചരിത്രം മനസ്സിലാക്കിയവര്‍ക്ക് ഒട്ടും യോജിക്കാന്‍ കഴിയുന്ന വാക്കുകളല്ല അത്. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്‌ഗെവാര്‍ എഐസിസി ആയിരുന്നു. 1926ല്‍ നടന്ന എഐസിസി സമ്മേളനത്തില്‍ അദ്ദേഹം ഒരു പ്രമേയം അവതരിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സമരം ഹിന്ദു ജനതയെ ഉണര്‍ത്തിക്കൊണ്ടുള്ളതായിരിക്കണം എന്നതായിരുന്നു പ്രമേയത്തിന്റെ അന്തഃസത്ത. ഹിന്ദു ഉണര്‍ന്നാല്‍ ഇന്ത്യയുണര്‍ന്നു എന്നതായിരുന്നു തലവാചകം. പ്രമേയത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നത് മറ്റാരുമായിരുന്നില്ല. സാക്ഷാല്‍ ഗാന്ധിജിയായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള സമരത്തിന് ശക്തി പകരാന്‍ ഹിന്ദു-മുസ്‌ലിം മൈത്രി വളര്‍ന്നുവരണമെന്ന് ഗാന്ധിജി ആഹ്വാനം ചെയ്തു. ഗാന്ധിജിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ച സമ്മേളനം ഹെഡ്‌ഗെവാറിന്റെ പ്രമേയം കടലാസിന്റെ വില പോലും മാനിക്കാത്തവിധത്തില്‍ തള്ളിക്കളഞ്ഞു. ആര്‍എസ്എസിന്റെ ആരംഭകാലം മുതല്‍ അതിനെ നയിച്ചിരുന്ന ഹെഡ്‌ഗെവാറിന്റെ ജീവിതം അവസാനിക്കും വരേയും സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1934ല്‍ ഹിന്ദു മഹാസഭ, ആര്‍എസ്എസ്, മുസ്‌ലിം ലീഗ് എന്നീ സംഘടനകളുമായി ബന്ധമുള്ളവരെ കോണ്‍ഗ്രസിന് നിരസിക്കേണ്ടി വന്നുവെന്ന വസ്തുത ഇവിടെ സൂചിപ്പിക്കാതെ വയ്യ.
1940ല്‍ ഹെഡ്‌ഗെവാറിന്റെ മരണത്തിനു ശേഷം സര്‍ സംഘ് ചാലക് പദവി ഏറ്റെടുത്ത മാധവ സദാശിവഗോള്‍വാള്‍ക്കര്‍ ആര്‍എസ്എസിന്റെ ലക്ഷ്യം കൂറെക്കൂടി വ്യക്തമാക്കി. 1940ല്‍ അദ്ദേഹം എഴുതി. ‘ഹിന്ദുസ്ഥാനിലെ ഹിന്ദുയേതരജനങ്ങള്‍ ഒന്നുകില്‍ ഹിന്ദുസംസ്‌കാരം അംഗീകരിക്കുകയോ, ഹിന്ദുമതത്തെ മാനിക്കാന്‍ പഠിക്കുകയോ, ഹിന്ദുമതത്തെ പ്രശംസിക്കാത്ത ഒരു ആശയവും കൈകാര്യം ചെയ്യാതിരിക്കുകയോ, വിദേശികളായിരിക്കുന്നത് അവസാനിപ്പിക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം യാതൊരു പ്രതേ്യക ആനുകൂല്യങ്ങള്‍ക്കും ഇന്‍ഡ്യന്‍ പൗരത്വത്തിനു പോലും അര്‍ഹതയില്ലാതെ, പൂര്‍ണ്ണമായും ഹിന്ദു രാഷ്ട്രത്തിന് കീഴ്‌പെട്ട് ഈ രാജ്യത്ത് ജീവിക്കണം’. അതാണ് ആര്‍എസ്എസ് എന്ന് ഓരോ ജനാധിപത്യവിശ്വാസിയും മനസിലാക്കിയിരിക്കണം.
ഫാസിസത്തോടുള്ള ജനാധിപത്യവാദിയുടെ സമീപനം എന്തായിരിക്കണമെന്ന് നെഹ്‌റു തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. 1936ല്‍ ഇറ്റലിയുടെ ഭരണാധികാരിയായ ബെനിറ്റോ മുസോളിനി ജവഹര്‍ലാല്‍ നെഹ്‌റുവിനെ സന്ദര്‍ശനത്തിനായി ഇറ്റലിയിലേക്ക് ക്ഷണിച്ചപ്പോള്‍ അദ്ദേഹം ആ ക്ഷണം നിഷ്‌കരുണം തള്ളിക്കളയുകയുണ്ടായി. ഇതേ ക്ഷണം രണ്ടുവര്‍ഷത്തിനു ശേഷം ജര്‍മ്മനിയിലെ ഭരണാധികാരി ഹിറ്റ്‌ലറില്‍ നിന്നും ഉണ്ടായപ്പോഴും ആദ്യ നിലപാട് തന്നെ നെഹ്‌റു സ്വീകരിച്ചതായി അദ്ദേഹത്തിന്റെ വിഖ്യാതഗ്രന്ഥമായ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന ഗ്രന്ഥത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത് മതനിരപേക്ഷ വാദികള്‍ക്ക് ഒരു പാഠമാണ്.
ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് യോജിച്ച വിധത്തില്‍ ചരിത്രത്തെ രൂപപ്പെടുത്തിയെടുക്കുകയെന്നത് പ്രവര്‍ത്തനതന്ത്രവും പ്രചരണതന്ത്രവുമാണ്. ഈ ദൗത്യമാണ് ബിജെപിയുടെ ഭരണത്തില്‍ ആര്‍എസ്എസ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇവിടെയാണ് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തിന്റെ അനൗചിത്യം ബോധ്യപ്പെടുന്നത്.