പ്രാണന്റെ വെള്ളിനൂല്‍

Web Desk
Posted on June 30, 2019, 11:03 am

രമ്യ മേനോന്‍

പ്രാണന്‍ ഒരു പറക്കുന്ന വെള്ളനൂലാണ്,
എന്നോടവള്‍ പറഞ്ഞു
മറ്റിടങ്ങളില്‍ച്ചെന്ന് ഒട്ടി നില്‍ക്കുംവരെ
ഈ ഭൂമിയിലുണ്ടായിരുന്നുവെന്നറിയാന്‍
പ്രയാസമാണ്.
മാറിമാറി ഇടുന്ന കുപ്പായത്തില്‍
നിന്നുപൊട്ടിപ്പോയ
എത്രയോ നൂലുകള്‍
നിങ്ങള്‍ അറിയാതെ നിങ്ങള്‍ക്കുചുറ്റും
പറന്നിരിക്കും
ഒരു നൂലിന്റെ വിലയെത്രയെന്നറിയാമോ?

ഒരു തയ്യല്‍ക്കാരിയുടെ അധികാരം
അവളുടെ ചോദ്യത്തില്‍ നിഴലിച്ചു..
ഒരു ബ്ലൗസ് തയ്ക്കാന്‍ എത്തിയതാണ്
തത്വങ്ങള്‍ പറയാതെ തയ്ച്ചുതായോ
ഞാന്‍ പറഞ്ഞു.

അവള്‍ തുടര്‍ന്നു…
സ്‌നേഹത്തില്‍ച്ചെന്ന് ഒട്ടിച്ചരാന്‍
കഴിയാത്ത നൂലുകള്‍
കാമത്തിന്റെ തൂണുകളെ ചുറ്റിവരിയും
തയ്യല്‍ക്കാരിയുടെ
ചുണ്ടുകളിലൊട്ടുന്ന നൂലിന്
പണത്തിനോട് ഒട്ടിച്ചേരാനാണ്
ഇഷ്ടം
കല്യാണം കഴിഞ്ഞ്
പത്തുദിവസം തികയുന്നതിന് മുമ്പ്
ഭര്‍ത്താവിന്റെ ഷര്‍ട്ടിലെ ബട്ടണ്‍സ്
തയ്ക്കാന്‍ ഭാര്യ നൂലുതപ്പും
പിന്നെ അത്തരം ആചാരങ്ങള്‍
നൂലു കണ്ടിട്ടില്ല.

കാലുകളില്‍ കടത്തിന്റെ
നൂല്‍ കടുംകെട്ടിടും
വായ്പ പേപ്പറുകളെ
ബന്ധിപ്പിക്കുന്നത്
ബാധ്യതകളുടെ നൂലാണ്

നൂലിന്റെ സാന്ദ്രത ഏറിവരും
പരിണാമം സംഭവിക്കുമെങ്കിലും
അറിയാന്‍ ഒത്തിരി വൈകും
പിന്നെ പോകെപ്പോകെ
നൂലിനെ മറന്ന് പതിയെ
കയറിലേക്ക് ചിന്തകള്‍
ഇറങ്ങിച്ചെല്ലും.