8 October 2024, Tuesday
KSFE Galaxy Chits Banner 2

പ്രണയത്തിന്റെയും വിരഹത്തിന്റെയും എലിനോർ കുന്ന്

പി ജെ ജിജിമോൻ
August 25, 2024 3:16 am

അംബര ചുമ്പികളായ മലനിരകൾ, മലമടക്കുകളിൽ ഹരിത കമ്പളം വിരിച്ചതുപോലെയുള്ള തേയില തോട്ടങ്ങൾ, ഉയരങ്ങളിൽ നിന്നും പാൽപത കണക്കെ താഴേക്ക് പതിക്കുന്ന അരുവികൾ, വിട്ടൊഴിയുവാൻ മടിക്കുന്ന കോടമഞ്ഞിന്റെ കുസൃതികൾ, കൊടുംവേനലിലും മനസും ശരീരവും കുളിരണിയിക്കുന്ന തണുപ്പ് ഇതാണ് സഞ്ചാരികളുടെ മനം മയക്കുന്ന, തെക്കിന്റെ കാശ്മീർ എന്ന മൂന്നാർ. ഒന്നര നൂറ്റാണ്ടിന് മുമ്പ് കൊടും വനമേഖലയായിരുന്ന മൂന്നാറിനെ തേയില വ്യവസായത്തിന്റെ അവസാനവാക്കായി മാറ്റിയത് ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടെയെത്തിയ ബ്രിട്ടീഷുകാരാണ്. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് വിസ്മയം പകരുന്ന കാഴ്ചയാണ് എലിനോർ കുന്നും പൗരാണിക വാസ്തു വിദ്യയുടെ പര്യായമായ പള്ളിയും സെമിത്തേരിയും. ലോകചരിത്രത്തിൽ തന്നെ പ്രസിദ്ധമായ പല പള്ളികളും ഉണ്ടായിട്ടുണ്ട്, പള്ളികൾ ഉണ്ടായതിനു ശേഷമാണ് സെമിത്തേരികൾ ഉണ്ടായിട്ടുള്ളത്. എന്നാൽ എലിനോർക്കുന്നിൽ ആദ്യം സ്ഥാപിക്കെപെട്ടത് സെമിത്തേരിയായിരുന്നു സെമിത്തേരി സ്ഥാപിക്കപെട്ട് ആറ് വർഷങ്ങൾക്കു ശേഷമാണ് പള്ളി സ്ഥാപിക്കപ്പെട്ടത്. 

1894 ൽ സെമിത്തേരിയിൽ ആദ്യം സംസ്കരിച്ചത് ഹെൻറി നൈറ്റിന്റെ ഭാര്യ എലിനോർ നൈറ്റിന്റെ മൃതശരീരമായിരുന്നു. പിന്നീട് അമ്പതോളം ബ്രിട്ടീഷുകാരെയും സംസ്കരിച്ചത് ഈ സെമിത്തേരിയിലാണ്. മൂന്നാറിന്റെ ചരിത്രത്തിലെ നാഴികകല്ലായി മാറിയെ സെമിത്തേരിക്ക് 130 വർഷവും പള്ളിക്ക് 124 വർഷവും പഴക്കമാണുള്ളത്. 99 ലെ വെള്ളെപൊക്കത്തിൽ മൂന്നാർ പട്ടണം അപ്പാടെ ഒലിച്ചു പോയപ്പോഴും എലിനോർക്കുന്നിലെെ സെമിത്തേരിക്കും പള്ളിക്കും ഒന്നും സംഭവിച്ചില്ലന്നതും ശ്രദ്ധേയമാണ്. 

ചരിത്രം തുടങ്ങുന്നതിങ്ങനെയാണ് തേയില വ്യവസായവുമായി ബന്ധപ്പെട്ട് ഹെൻറി നൈറ്റും ഭാര്യ എലിനോർ നൈറ്റും ശ്രീലങ്ക വഴിയാണ് മൂന്നാറിലെത്തുന്നത്, തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിൽ ഇരുവരും കുറച്ചു ദിവസം താമസിക്കുകയും സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാറിലെത്തുകയും ചെയ്തു. തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളെ സംഘടിപ്പിച്ചു മൂന്നാറിലെത്തിയെ ഹെൻറി ഇവിടെ തേയില കൃഷി ആരംഭിച്ചു. മൂന്നാറിന്റെ വശ്യസൗന്ദര്യത്തിൽ മനം മയങ്ങിയ സഹധർമ്മിണി എലിനോറ്റിന്റെ നിർബന്ധത്തിനു വഴങ്ങി മലനിരകളിലൊന്നിൽ ഹെൻറി വാസസ്ഥലെമൊാരുക്കി. 

എല്ലാ ദിവസങ്ങളിലും സായാഹ്നങ്ങളിൽ ഇരുവരും താഴ്വാരങ്ങളിലൂടെയും, മൂന്നാർ പുഴയുടെ തീരങ്ങളിലൂടെയും സവാരി നടത്തുന്നത് കാണാൻ തൊഴിലാളികൾ കാത്തുനിൽക്കുമായിരുന്നു. അത്രയ്ക്ക് തീവ്രമായിരുന്നു ഇവർ തമ്മിലുള്ള സ്നേഹ ബന്ധം. ഒരു ദിവസം സവാരിക്കിടയിൽ എലിനോർ ഹെൻറിയോട് ഒരാവശ്യം ഉന്നയിച്ചു, താൻ മരിക്കുകയാണെങ്കിൽ പ്രകൃതി എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞിരിക്കുന്ന ഈ വശ്യമനോഹര തീരത്ത് തന്നെ സംസ്കരിക്കണെമെന്നതായിരുന്നു ആവശ്യം. എന്നാലിത് ഒരു തമാശയായിട്ടേ
ഹെൻറി കരുതിയുള്ളൂ. പലപ്പോഴും എലിനോര്‍ ഇതാവർത്തിക്കുകയും ചെയ്തിരുന്നു.
എന്നാൽ എലിനോറിന്റെ വാക്കുകൾ ദിവസങ്ങൾക്കുള്ളിൽ ഫലിക്കുകയായിരുന്നു.

1894. ഇരുവരും മൂന്നാറിലെത്തിയ ശേഷമുള്ള ആദ്യത്തെ ക്രിസ്തുമസാണ്. ഇത് മനോഹരമാക്കാനള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നാൽ എല്ലാം തകിടം മറിച്ചുകൊണ്ട് ക്രിസ്മമസ് തലേന്ന് രാത്രി എലിനോർ മയങ്ങിവീണു. കുടിവെള്ളവുമായി ഹെൻറി എത്തുമ്പോളേക്കും എലിനോറിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ബോഡിനായ്ക്കന്നൂരിലെ താമസത്തിനിടയിൽ എലിനോറിനെ കോളറ പിടിപെട്ടിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധിച്ചതുമില്ല. ഇതാണ് എലിനോറിന്റെ ആകസ്മിക വേർപാടിന് ഇടയാക്കിയ കാരണം. എലിനോറിന്റെ പെട്ടെന്നുള്ള മരണം ഹെൻറിയേയും സഹപ്രവർത്തകരെയും തൊഴിലാളികളെയുമെല്ലാം അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു. പിറ്റേ ദിവസം എലിനോറിന്റെ ആഗ്രഹപ്രകാരമുള്ള അന്ത്യവിശ്രമസ്ഥലം ഒരുങ്ങി. എലിനോറിന്റെ വേർപാട് ഹെൻറിയെ മാനസികമായി തളർത്തി എലിനോറിന്റെ കുടീരത്തിൽ ചാർത്താൻ ഒരുപിടി പൂക്കളുമായി ഹെൻറി എത്തുമായിരുന്നു. അങ്ങനെയാണ് ഈ സ്ഥലം എലിനോർ കുന്ന് എന്ന് അറിയപ്പെടുവാൻ തുടങ്ങിയതും സെമിത്തേരിയായി മാറിയതും. 

മരണം ഉണ്ടായി ആറ് വർഷങ്ങൾക്കു ശേഷം പള്ളി നിർമ്മാണത്തിന് മുൻകൈ എടുത്തത് ഹെൻറിയായിരുന്നു. പള്ളി നിർമ്മാണത്തിന് ശേഷം ആദ്യമായി തിരുകർമ്മങ്ങൾ നടത്തുന്നതിന് ബിഷപ് നോയൽ ഹോഡ്ജയെ ഇങ്ങോട്ടെത്തിച്ചതും ഹെൻറിയായിരുന്നു.
1929 വരെയുള്ള കാലഘട്ടത്തിൽ 27 ബ്രിട്ടീഷ് പൗരൻമാരുടെ ഭൗതിക അവശിഷ്ടങ്ങളാണ് ഇവിടെ നിന്നും കൊണ്ടുപോയിട്ടുള്ളത്. എലിനോറിന്റെ സംസ്കാരത്തിനു ശേഷം ഏറ്റവും അധികം തൊഴിലാളി പങ്കാളിത്തത്തോടു കൂടി നടന്ന സംസ്കാരം ടോബി എന്ന അയ്മൽ എഫ്ഫ്ലൂക്ക് മാർട്ടിൻ എന്ന ബ്രിട്ടീഷുകാരന്റെയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും തൊഴിലാളികളെ ജോലിക്കായി എത്തിക്കുന്ന പണിയിലേർപ്പെട്ടിരുന്ന അദ്ദേഹം തൊഴിലാളികളെ അത്രമേൽ സ്നേഹിച്ചിരുന്നു. മരണത്തിൽ പോലും വേർപ്പിരിയാത്ത സുഹൃത്തുക്കളും, തോട്ടംഅസിസ്റ്റന്റ് മാനേജർമാരുമായിരുന്ന ജയിംസ് മെയ്ഫീൽഡും ആൻഡ്രു ജോൺ പയറ്റ്നെയുമായിരുന്നു അവസാനം എലിനോർ കുന്നിലെത്തിയ ബ്രിട്ടീഷുകാർ. 

എലിനോറിന്റെ ഓർമ്മകൾക്കായി സ്ഥാപിച്ച പള്ളി 1981 ന് ശേഷം സിഎസ്ഐ നോർത്ത് ഡയോസസ് ഏറ്റെടുത്തു. ചരിത്രത്തിന്റെ ഭാഗമായ സെമിത്തേരി ബ്രിട്ടീഷ് അസോസിയേഷൻ ഫോർ സെമിറ്ററീസ് ഇൻ സൗത്ത് ഏഷ്യ തയ്യാറാക്കിയ പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്നും പുതിയ മൂന്നാർ ടൗണിലേക്ക് പോകുന്ന വഴിയിലാണ് എലിനോർക്കുന്ന്. ആധുനിക വൽക്കരണത്തിന്റെ ആർഭാടങ്ങൾ ഒന്നും കടന്നുവരാത്ത എലിനോർക്കുന്നിലും പള്ളിയിലും വാക്കുകളിൽ വിസ്തരിക്കാൻ കഴിയാത്തത്ര ശാന്തതയാണ് തളം കെട്ടിനിൽക്കുന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥകൾ പള്ളിയുടെ കൽകെട്ടുകളിൽ കോറിയിട്ടിട്ടുള്ളത് വായിക്കുമ്പോൾ ഇവിടെ മിന്നി മറയുന്നത് മറ്റൊരു ഷാജഹാനും മുംതാസും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.