Web Desk

ന്യൂഡല്‍ഹി

August 24, 2020, 10:46 pm

മാപ്പ് പറയില്ല: നിലപാടറിയിച്ച് പ്രശാന്ത് ഭൂഷൺ

Janayugom Online

മാപ്പ് പറയുന്നത് തന്റെ മന:സാക്ഷിയുടെ കോടതിയില്‍ കോടതിയലക്ഷ്യമാകുമെന്ന് പ്രശാന്ത് ഭൂഷൺ. കോടതി അലക്ഷ്യകേസില്‍ ഇന്നലെ സമര്‍പ്പിച്ച മറുപടി പ്രസ്താവനയിലാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിച്ചുകൊണ്ട് നടത്തിയ ട്വീറ്റിന്റെ പശ്ചാത്തലത്തിലുള്ള കോടതിയലക്ഷ്യക്കേസിലെ ശിക്ഷ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യകേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രശാന്ത് ഭൂഷണ് നിരുപാധികം മാപ്പപേക്ഷ നല്‍കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു. ട്വീറ്റുകളിലൂടെ താന്‍ നടത്തിയത് ക്രിയാത്മക വിമര്‍ശനം മാത്രമാണ്. മാപ്പു പറഞ്ഞാല്‍ അത് തന്റെ മന:സാക്ഷിയുടെ കോടതിയില്‍ കോടതിയലക്ഷ്യമാകുമെന്നും പ്രശാന്ത് ഭൂഷൺ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച പുതുക്കിയ മറുപടി പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കോടതി അതിന്റെ മികച്ച പ്രകടനങ്ങളില്‍നിന്നും വ്യതിചലിക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കേണ്ടത് അനിവാര്യമാണെന്ന് താന്‍ വിശ്വസിക്കുന്നു.

ഉത്തമ വിശ്വാസത്തോടെയാണ് പ്രതികരണങ്ങള്‍ നടത്തിയത്. അത് കോടതിയെയോ ഏതെങ്കിലുമൊരു ചീഫ് ജസ്റ്റിസിനെയോ അപകീര്‍ത്തിപെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് അ‍ഡ്വ. കാമിനി ജയ്സ്വാൾ മുഖേന സമർപ്പിച്ച പ്രശാന്ത് ഭൂഷന്റെ മറുപടി പ്രസ്താവനയിൽ പറയുന്നു. വെറും ഉരുവിടല്‍ മാത്രമാകരുത് മാപ്പപേക്ഷ. വെറുമൊരു പ്രകടനവുമാകരുത്. ഉപാധികളോടെയോ നിരുപാധികമായോ താന്‍ മാപ്പപേക്ഷിച്ചാല്‍ അത് ആത്മാര്‍ത്ഥത ഇല്ലാത്ത പ്രവൃത്തിയാകും. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അവസാന ആശ്രയമാണ് സുപ്രീം കോടതിയെന്നും താന്‍ വിശ്വസിക്കുന്നു.

ജനങ്ങള്‍ക്ക് നീതി ഉറപ്പുവരുത്താനും ഭരണഘടന സംരക്ഷിക്കാനും ബാധ്യതപ്പെട്ട കോടതിക്ക് പ്രവര്‍ത്തനങ്ങളില്‍ അപചയം സംഭവിച്ചെങ്കില്‍ അത് തിരുത്തുക മാത്രമായിരുന്നു വിമര്‍ശനങ്ങളുടെ ലക്ഷ്യം. തന്റെ വിമര്‍ശനങ്ങള്‍ എല്ലാ വിശദാംശങ്ങളോടും കൂടിയുള്ളതായിരുന്നു. അത് പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. അതുകൊണ്ടുതന്നെ മാപ്പ് അപേക്ഷിക്കാന്‍ തയ്യാറല്ലെന്നും പ്രശാന്ത് ഭൂഷൺ സുപ്രീംകോടതിയെ അറിയിച്ചു.

ENGLISH SUMMARY:Prashant Bhushan will not say apology
You may also like this video