രഞ്ജന്‍ ഗോഗോയ്ക്കെതിരെ ഉയര്‍ത്തിയ ലൈംഗീക പരാതിയില്‍ യുവതിയെ ആരോപണം ഉന്നയിക്കാന്‍ സഹായിച്ചത് അഡ്വ. പ്രശാന്ത് ഭൂഷണെന്ന്

Web Desk
Posted on April 30, 2019, 4:04 pm

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ഉയര്‍ത്തിയ ലൈംഗീക പീഡന പരാതിയില്‍ യുവതിയെ രംഗത്തിറങ്ങാന്‍ സഹായിച്ചത് അഡ്വ. പ്രശാന്ത് ഭൂഷണെന്ന് അഡ്വ. എംഎല്‍ ശര്‍മ്മ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് എംഎല്‍ ശര്‍മ്മ ഇക്കാര്യം പറഞ്ഞത്.

ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ വീട്ടിലെ ഓഫീസില്‍വെച്ച്‌ ലൈംഗികമായി ആക്രമിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. സുപ്രീം കോടതിയില്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യാറുള്ള 35 കാരിയാണ് ആരോപണം ഉന്നയിച്ചത്. ഏപ്രില്‍ 19ന് സുപ്രീം കോടതിയിലെ 22 ജഡ്ജിമാര്‍ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ചീഫ് ജസ്റ്റിസിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

ചീഫ് ജസ്റ്റിസിന്റെ റസിഡന്‍സ് ഓഫീസില്‍ വെച്ച്‌ 2018 ആഗസ്റ്റില്‍ തനിക്ക് ദുരനുഭം ഉണ്ടായി എന്നാണ് യുവതി പറഞ്ഞത്. ചീഫ് ജസ്റ്റിസിനെ തള്ളിമാറ്റിയശേഷം താന്‍ അവിടെ പുറത്തിറങ്ങുകയാണുണ്ടായതെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

പിന്നീട് രണ്ടുമാസത്തിന് ശേഷം അനുമതിയില്ലാതെ ഒരു ദിവസത്തെ കാഷ്വല്‍ ലീവെടുത്തുവെടുത്തെന്ന് ആരോപിച്ച്‌ ജോലിയില്‍ നിന്ന് പിരിച്ച്‌ വിട്ടു. എന്നിട്ടും തന്നെ വെറുതെ പിട്ടില്ല പീഡനം തുടര്‍ന്നെന്നും യുവതി പറഞ്ഞു. ശേഷം ഡല്‍ഹി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും ഡിസംബര്‍ 28ന് സസ്പെന്റ് ചെയ്തു. 2012ല്‍ ഒത്തുതീര്‍പ്പാക്കിയ കോളനി തര്‍ക്ക കേസുമായി ബന്ധപ്പെട്ടായിരുന്നു ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്നാണ് യുവതി ആരോപിച്ചത്.