Friday
22 Feb 2019

പ്രവാസി പണം വിലച്ചുഴിയിലേക്ക്

By: Web Desk | Friday 21 September 2018 10:37 PM IST

കെ രംഗനാഥ്
ദുബായ്: കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഗള്‍ഫിലെ വിദേശികള്‍ നാട്ടിലേക്ക് അയച്ച പണത്തില്‍ 40 ശതമാനത്തോളം ഇന്ത്യന്‍ പ്രവാസികളുടേതാണെന്ന് കണക്ക്. ഏറ്റവുമധികം ഇന്ത്യാക്കാരുള്ള ഗള്‍ഫ് രാജ്യമായ യുഎഇയില്‍ നിന്നും ഈ കാലയളവില്‍ ഇന്ത്യയിലേക്ക് ഒഴുകിയത് 35,000 കോടി രൂപ.

എന്നാല്‍ രൂപയുടെ വിലയിടിവുമൂലം സാധനവിലകള്‍ മാനംമുട്ടെ കുതിക്കുമ്പോള്‍ പ്രവാസിപ്പണ പ്രവാഹത്തിലെ അഭൂതപൂര്‍വമായ വര്‍ധന കടലില്‍ കായം കലക്കുന്നതുപോലെ നിഷ്ഫലം. പ്രവാസിപ്പണത്തില്‍ രണ്ടാം സ്ഥാനത്തുനില്‍ക്കുന്ന പാകിസ്ഥാനികള്‍ അയച്ചത് മൊത്തം തുകയില്‍ 8.5 ശതമാനം മാത്രം. ഇമ്രാന്‍ഖാന്‍ അധികാരത്തിലെത്തിയതിനെത്തുടര്‍ന്ന് പാക് പ്രവാസികളിലുണ്ടായ ശുഭാപ്തി വിശ്വാസവും നികുതിയടയ്ക്കുന്നതില്‍ പൊതു മാപ്പു നല്‍കിയതും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പാക് പണമൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയോളമാക്കാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ വര്‍ഷം ആദ്യത്തെ മൂന്നു മാസങ്ങളില്‍ യുഎഇയില്‍ നിന്ന് പ്രവാസികള്‍ മൊത്തം അയച്ചത് 88,000 കോടി രൂപയായിരുന്നതാണ് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 1.76 ലക്ഷമായി കുതിച്ചുയര്‍ന്നത്. ഗള്‍ഫ് നാടുകളിലെ ദിര്‍ഹം, ദിനാര്‍, റിയാല്‍ തുടങ്ങിയ കറന്‍സികള്‍ ശക്തിയാര്‍ജിച്ചപ്പോള്‍ ഇന്ത്യന്‍ രൂപ ഏഷ്യന്‍ കറന്‍സികളില്‍ ഏറ്റവും ദുര്‍ബലമായതാണ് ഇന്ത്യയിലേക്കുള്ള പ്രവാസിപ്പണ പ്രവാഹം ശക്തമാകാന്‍ കാരണമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് മേധാവി അദീബ് അഹമ്മദ് പറയുന്നു. വിദേശനാണ്യവിനിമയ സ്ഥാപനങ്ങളിലൂടെയാണ് പ്രവാസിപ്പണത്തില്‍ 70,000 കോടിയും യുഎഇയില്‍ നിന്ന് അയച്ചതെന്ന് യുഎഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് ഒഴുകിയത് 69 ലക്ഷം കോടി രൂപയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചൈനയിലേക്ക് എത്തിയത് 64 ലക്ഷം കോടിയും. ഈ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അത് ഇന്ത്യയിലെത്തുന്ന പ്രവാസിപ്പണം 80 ലക്ഷം കോടിയാകുമെന്നാണ് കണക്ക്. പ്രവാസിപ്പണമൊഴുക്കിലുണ്ടായ സര്‍വകാല റിക്കാര്‍ഡ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് കരുത്തു പകരുന്നതിനു പകരം വിലക്കയറ്റത്തിന്റെ കയങ്ങളിലേക്ക് അത് അപ്രത്യക്ഷമാകുന്നുവെന്നാണ് ഗള്‍ഫിലെ സാമ്പത്തികനിരീക്ഷകരുടെ പക്ഷം. രൂപയുടെ സര്‍വകാല വിലത്തകര്‍ച്ചയും ഇന്ധനത്തിന്റെ അനുദിനം കുതിച്ചുയരുന്ന വില വര്‍ധനയും മൂലം നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന 40 ശതമാനത്തോളം ശരാശരി ഉയര്‍ന്ന ഇന്ത്യയിലെ വിലക്കയറ്റവും പണപ്പെരുപ്പവും പിടിവിട്ടു പായുന്നുവെന്നും സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. എണ്ണവില വര്‍ധനയോടെ സ്വദേശിവല്‍ക്കരണം കടുപ്പിക്കുന്ന സൗദി അറേബ്യ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം പ്രവാസികളുടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ പ്രവാസിപ്പണം ഇന്ത്യയിലെത്തിയാലും വിലക്കയറ്റത്തിനു ശമനമില്ലാത്ത ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ പണപ്പെരുപ്പത്തിന്റെ തോതു കൂട്ടാന്‍ മാത്രമേ വിദേശത്തു നിന്ന് ഒഴുകുന്ന പണം പ്രയോജനപ്പെടൂ എന്നും സാമ്പത്തിക നിരീക്ഷകര്‍ കരുതുന്നു.
കഴിഞ്ഞവര്‍ഷം ഇന്ത്യയിലേക്ക് പ്രവഹിച്ചത് 69 ലക്ഷം കോടി രൂപ നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമുള്ളതാണ്. എന്നാല്‍ 50 ലക്ഷം കോടിയെങ്കിലും ഹവാലാപണമായി നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ ഇന്ത്യയിലെത്തിയത് കള്ളപ്പണത്തിന്റെ കരുത്തു വര്‍ധിപ്പിച്ചിട്ടുണ്ടെന്ന നിഗമനവും സാമ്പത്തിക വിദഗ്ധര്‍ക്കുണ്ട്.