മുന്‍പ്രവാസിക്ക് നവയുഗത്തിന്റെ ചികിത്സ സഹായം കൈമാറി

Web Desk
Posted on September 19, 2019, 12:43 pm

ദമ്മാം/വൈപ്പിന്‍: നാട്ടില്‍ രോഗബാധിതനായി ബുദ്ധിമുട്ടിയ മുന്‍പ്രവാസിക്ക് നവയുഗം സാംസ്‌ക്കാരികവേദിയുടെ ചികിത്സ സഹായം കൈമാറി.

എറണാകുളം വൈപ്പിന്‍ സ്വദേശിയായ കെ എസ് താജുദ്ദീനാണ് ചികിത്സ സഹായം നല്‍കിയത്.
ദീര്‍ഘകാലം സൗദിഅറേബ്യയില്‍ പ്രവാസിയായിരുന്ന താജുദ്ദീന്‍, നവയുഗം ദമ്മാം മേഖല കമ്മിറ്റി സഹഭാരവാഹിയായി പ്രവാസലോകത്ത് സാമൂഹ്യമേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് പാരാലിസിസ് രോഗം തിരിച്ചറിഞ്ഞ് അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി ചികിത്സ തുടങ്ങിയത്. ഏറെ സാമ്പത്തിക ചെലവുള്ള ചികിത്സ കാരണം ബുദ്ധിമുട്ടിലായ അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കിയാണ്, നവയുഗം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചികിത്സ ധനസഹായം നല്‍കാന്‍ തീരുമാനിച്ചത്.
നവയുഗം പ്രവര്‍ത്തകര്‍ ശേഖരിച്ച ചികിത്സ ധനസഹായം, വൈപ്പിനിലുള്ള താജുദ്ദീന്റെ വീട്ടിലെത്തി സിപിഐ വൈപ്പിന്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ സി ശിവദാസ് കൈമാറി.

നവയുഗം ജനറല്‍ സെക്രട്ടറി എം എ വാഹിദ് കാര്യറ, നവയുഗം മുന്‍ഭാരവാഹികളായ കെ ആര്‍ അജിത്ത്, അരുണ്‍ നൂറനാട്, എഐവൈഎഫ് സംസ്ഥാനകമ്മിറ്റി അംഗം കെ എസ് ജയ്ദീപ്, സിപിഐ എടവനക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ കെ ഗിരീശന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി.പി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.