February 1, 2023 Wednesday

പ്രവാസി മലയാളികൾ ഭാരതീയരാണ്

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
April 16, 2020 5:15 am

ലോകത്തെവിടെയും മരണമണിമുഴക്കുന്ന കൊറോണ എന്ന മഹാരോഗം ഓരോ ദിവസം കഴിയുംതോറും സമ്പന്ന രാഷ്ട്രങ്ങളിൽ നിയന്ത്രണാതീതമാവുകയാണ്. അതിനനുസരിച്ച് വിദേശങ്ങളിൽ പണിയെടുക്കുന്ന കേരളീയരുടെ ജീവിതവും തുലാസിൽ തൂങ്ങുകയാണ്. ചാനലുകളിൽ പ്രവാസി മലയാളികൾ പൊട്ടിക്കരഞ്ഞു കൊണ്ടാണ് അവരുടെ ആശങ്കകൾ പങ്കുവയ്ക്കുന്നത്. പ്രവാസി മലയാളിയെന്നാൽ എല്ലാവര്‍ക്കും പെട്ടെന്ന് ഓർമ്മ വരുന്നത് ഗൾഫ് നാടുകളിൽ പണിയെടുക്കുന്ന മലയാളികളെയാണ്. ആടുജീവിതം മുതൽ ആനന്ദജീവിതം വരെയുള്ള വിവിധ ജീവിതക്രമങ്ങളിൽ പെട്ടവരായി അവർ ഒറ്റപ്പെടുന്നില്ല. കേരളത്തിൽ നിന്നും തൊഴിൽ തേടി പോയ മനുഷ്യർ, തൊഴിൽ ചെയ്യുക മാത്രമല്ല, സാംസ്ക്കാരിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക കൂടി ചെയ്തു. കേരളത്തിലെ വലിയ പാട്ടുകാരെയും നാടകക്കാരെയും പ്രഭാഷകരെയും മിമിക്രിക്കാരെയും എല്ലാം അവർ അവിടെ കൂട്ടിക്കൊണ്ടു പോയി.

സൗഹൃദവും ധനവും നൽകി അംഗീകരിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് വിയർപ്പിന്റെ വില വാരിക്കോരിക്കൊടുത്തു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അവർ മുൻപന്തിയിലാണ്. ഗൾഫ് മേഖലയിലും അമേരിക്ക, ഓസ്ട്രേലിയ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും മലയാളികൾ സംഘടിപ്പിച്ച ക്ലബ്ബുകളും ഗ്രന്ഥശാലകളും പ്രതിമാസ സാഹിത്യ ചർച്ചകളും, വ്യാപകമായി നടത്തിയ മലയാളം ക്ലാസുകളും കേരളവുമായും അത് വഴി ഭാരതവുമായുമുള്ള അവരുടെ രക്തബന്ധത്തെ കൂടുതൽ ഊർജ്ജമുള്ളതാക്കി. എന്നാലിന്ന് പ്രവാസിമലയാളികൾ രോഗവും അരക്ഷിതാവസ്ഥയും നൽകിയ ഭീതിയുടെ തോക്കിൻ തുമ്പിലാണ്. പല രാജ്യങ്ങളിൽ നിന്നും ശരിയായ വാർത്തകൾ പുറത്തേക്കു വരുന്നില്ല. ഇരുമ്പുമറ എന്ന പ്രയോഗം പണ്ട് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെ ആക്ഷേപിക്കാന്‍ ഉപയോഗിച്ചതായിരുന്നുവെങ്കിൽ ഇന്ന് ആ പ്രയോഗം എല്ലാ രാജ്യങ്ങൾക്കും യോജിക്കുന്നത് ആയിരിക്കുന്നു. ഗൾഫിൽ ഒറ്റമുറിയിൽ ഒൻപതു പേർ ജീവിക്കുന്ന തൊഴിലിടങ്ങളുണ്ട്.

ലേബർ ക്യാമ്പുകളിൽ വലിയ ഹാളിൽ നൂറിലധികം പേർ ഖുബൂസും കറിയും മാമലകൾക്കപ്പുറത്ത് എന്ന സിനിമാപ്പാട്ടും പാടി കഴിയുന്നുണ്ട്. ഇവരൊക്കെ സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വിഷമിക്കുന്നുണ്ട്. ഫ്രാൻസ്, ഈജിപ്റ്റ്, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർ ഒഴിവായതിനെ തുടർന്നു മലയാളി നഴ്സുമാർ മാത്രം പണിയെടുക്കുന്ന ആശുപത്രികളുണ്ട്. കൊറോണ ബാധിതരെന്നു സംശയമുള്ളവരുമായി ഇടപഴകേണ്ട മറ്റു തൊഴിലാളികൾ ഉണ്ട്. ഇവരുടെ ആശങ്ക അകറ്റേണ്ടത് അത്യാവശ്യമാണ്. പോകണമെന്ന് വിദേശ സർക്കാരും എവിടെയാണോ അവിടെ തുടരുക എന്ന് കുഞ്ചൻ നമ്പ്യാരുടെ വായു പണിമുടക്കിയ കാലത്തെക്കുറിച്ചുള്ള തുള്ളൽക്കഥപോലെ നമ്മളും പറഞ്ഞാൽ ആ പാവം മനുഷ്യരുടെ ആശങ്കകൾ ഒഴിവാകുകയില്ല. രോഗമുള്ളവർ എത്തിയാൽ നിരീക്ഷിക്കാനും ചികിത്സിക്കാനും ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് എന്നു കേരളം ഉറപ്പു പറയുന്നുണ്ട്. അവരെ ഇവിടെ എത്തിക്കുക എന്ന കൃത്യമാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്. കുവൈറ്റ് ആക്രമണകാലത്ത് കെ പി ഉണ്ണികൃഷ്ണൻ എന്ന കേന്ദ്രമന്ത്രി വിമാനസംവിധാനമുണ്ടാക്കി മലയാളികളെ നാട്ടിലെത്തിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഐ കെ ഗുജ്റാൾ വിദേശകാര്യചുമതല ഉണ്ടായിരുന്ന കാലത്ത് സദ്ദാം ഹുസൈനുമായി നേരിട്ടു ചർച്ച നടത്തി മലയാളികളെ നാട്ടിൽ എത്തിച്ചതും ചിലർക്കെങ്കിലും ഓർമ്മയുണ്ടാകും. രോഗബാധിതരെ വിമാനത്തിൽ കൊണ്ടുവരികയും നാട്ടിലെത്താൻ തിടുക്കപ്പെട്ടു നിൽക്കുന്ന രോഗമില്ലാത്തവരെ കപ്പൽ മാർഗം എത്തിക്കുകയും ചെയ്യാമല്ലോ എന്നൊരു നിർദ്ദേശം ചില മലയാളികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

കപ്പലിൽ നാട്ടിലെത്താൻ പതിനാലു ദിവസമാണ് വേണ്ടത്. അപ്പോഴേക്കും അവരുടെ നിരീക്ഷണ കാലയളവ് അവസാനിക്കുകയും ചെയ്യും. ഗൾഫ് മലയാളികൾ അധ്വാനിക്കുന്നത് ഗൾഫ് രാജ്യങ്ങൾക്ക് വേണ്ടിയാണ്. കിട്ടുന്ന കൂലിയിൽ കുറച്ചു തുക മാത്രമാണ് ജന്മനാട്ടിലേക്ക് അവർ അയയ്ക്കുന്നത്. ബാക്കിയെല്ലാം അവിടെ ചെലവഴിക്കുന്നവരാണ്. അവരുടെ വിയർപ്പിന്റെ ഫലമായി ഉണ്ടാകുന്ന രമ്യ ഹർമ്മ്യങ്ങളും നിരത്തുകളും പൂന്തോട്ടങ്ങളും അടുക്കളയിൽ വേവുന്ന കറികളും ഓടിക്കുന്ന വണ്ടികളും എല്ലാം സ്നേഹധനരായ അറബികളുടെതാണ്. അതിനാൽ ഗൾഫ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം വളരെ വലുതാണ്. പ്രവാസി മലയാളികൾ അഭിമാനികളായ ഭാരതീയരാണ്. വക്കം ഖാദറിന്റെയും ക്യാപ്റ്റൻ ലക്ഷ്മിയുടെയും പാരമ്പര്യമുള്ളവർ. അവരുടെ ആശങ്ക അകറ്റുവാനുള്ള ഭാരത സർക്കാരിന്റെ ഉത്തരവാദിത്തവും വളരെ വലുതാണ്.

ENGLISH SUMMARY: pravasi malay­alis are also Indians

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.