‘പ്രിവിലേജ്ഡ് ഇഖാമ’പദ്ധതിക്ക് സൗദിയുടെ അംഗീകാരം

Web Desk
Posted on May 16, 2019, 8:38 am

പ്രാദേശിക സ്‌പോൺസറില്ലാതെ വിദേശികൾക്ക് സൗദിയിൽ ജീവിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ‘പ്രിവിലേജ്ഡ് ഇഖാമ’പദ്ധതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം.

രാജ്യത്തേക്ക് നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. വ്യവസ്ഥകൾക്കു വിധേയമായാണ് പ്രിവിലേജ് ഇഖാമ അനുവദിക്കുക. നിശ്ചിത ഫീസുകൾക്ക് അനുസൃതമായി സ്ഥിരം ഇഖാമ, താൽക്കാലിക ഇഖാമ എന്നിങ്ങനെ രണ്ടുതരം ഇഖാമ അനുവദിക്കും. ചൊവ്വാഴ്ച രാത്രി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അസ്സലാം കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്.

കുടുംബത്തിനൊപ്പം സൗദിയിൽ താമസം, ബന്ധുക്കൾക്ക് വിസിറ്റ് വിസ, ഗാർഹിക തൊഴിലാളികളെയടക്കം റിക്രൂട്ട് ചെയ്യാൻ അനുമതി, താമസ, വ്യാപാര, വ്യവസായ ആവശ്യങ്ങൾക്ക് ഫ്‌ളാറ്റുകളും റിയൽ എസ്റ്റേറ്റും വാഹനങ്ങളും സ്വന്തം പേരിൽ വാങ്ങാൻ അനുമതി, സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ അനുമതി, സ്വകാര്യ മേഖലയിൽ ഇഷ്ടാനുസരണം തൊഴിൽ മാറാൻ അനുമതി, സൗദിയിൽനിന്ന് പുറത്തുപോകാനും രാജ്യത്തേക്ക് മടങ്ങിവരാനുമുള്ള സ്വാതന്ത്ര്യം, എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും സൗദികൾക്കുള്ള കൗണ്ടറുകൾ ഉപയോഗിക്കാനുള്ള അവകാശം, രാജ്യത്ത് വ്യാപാര മേഖലയിൽ പ്രവർത്തിക്കാനുള്ള അവകാശം തുടങ്ങിയ പ്രത്യേക ആനുകൂല്യങ്ങളും ഈ വിസയിലുണ്ട‌്. വിസാ ഉടമകളെ പോലെ കുടുംബാംഗങ്ങൾക്കും തൊഴിൽ അനുമതിയും തൊഴിൽ മാറുന്നതിനുള്ള സ്വാതന്ത്ര്യവുമുണ്ടാകും. എന്നാൽ, സ്വദേശിവൽക്കരിച്ച തൊഴിലുകളിൽ ദീർഘകാല വിസാ ഉടമകൾക്കും ആശ്രിതർക്കും ജോലി ചെയ്യാൻ വിലക്കുണ്ടാകും.

പദ്ധതി നടപ്പാക്കാൻ സെന്റർ ഓഫ് ഡിസ്റ്റിംഗ്വിഷ്ഡ് ഇഖാമ എന്ന സർവീസ് സെന്റർ സ്ഥാപിക്കും. സെന്റർ സ്ഥാപിക്കുന്നതുൾപ്പെടെ പ്രിവിലേജ്ഡ് ഇഖാമയ‌്ക്കുള്ള വ്യവസ്ഥകളും രൂപരേഖയും 90 ദിവസത്തിനകം പൂർത്തിയാക്കും. ബാങ്ക് ഗ്യാരന്റിയും ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയും സാംക്രമിക രോഗങ്ങളില്ലെന്നു തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റും അപേക്ഷകർ ഹാജരാക്കിയിരിക്കണം. നിലവിലെ ഇഖാമ (താമസരേഖ) സംവിധാനപ്രകാരം പ്രാദേശിക സ്‌പോൺസർ (കഫീൽ) ഇല്ലാതെ സൗദിയിൽ വിദേശികൾക്ക് പ്രവേശിക്കാനാകില്ല.

YOU MAY ALSO LIKE THIS