യാത്രാക്കൂലി കൊള്ളയ്‌ക്കെതിരെ ഓഗസ്റ്റ് 26 ന് പ്രവാസിഫെഡറേഷന്‍ വിമാനത്താവള മാര്‍ച്ച്

Web Desk
Posted on August 19, 2019, 6:25 pm

തിരുവനന്തപുരം: വിമാനക്കമ്പനികളുടെ കൊള്ളയടി അവസാനിപ്പിക്കുന്നതിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള പ്രവാസിഫെഡറേഷന്‍ ഓഗസ്റ്റ് 26 ന് നാല് വിമാനത്താവളങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രസിഡന്റ് ബിനോയ് വിശ്വം എംപി അറിയിച്ചു.
പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം കേന്ദ്ര വ്യോമയാന മന്ത്രിയോട് ആവശ്യപ്പെട്ടു. അവധിക്കാലത്തെ കൊള്ളയടിയുടെ ഉത്സവമായാണ് വിമാനക്കമ്പനികള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ജനങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളാകുന്നത്. ഇക്കാര്യം താനടക്കമുള്ള അംഗങ്ങള്‍ ജനപ്രതിനിധിസഭകളില്‍ ഉന്നയിച്ചിരുന്നതാണ്. യോഗങ്ങളും ചേരുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി ഓഗസ്റ്റ് ആദ്യം ചേര്‍ന്ന യോഗത്തില്‍ രണ്ടു മന്ത്രിമാര്‍ പങ്കെടുത്തിരുന്നതാണ്. അവിടെയും വിപണി സിദ്ധാന്തങ്ങളെ മഹത്വവല്‍ക്കരിച്ചുകൊണ്ട് വിമാനക്കമ്പനികള്‍ക്കുവേണ്ടിയാണ് വ്യോമയാന വകുപ്പ് മന്ത്രി സംസാരിച്ചത്. സര്‍ക്കാരിന്റെ ഈ സമീപനമാണ് യാത്രക്കാരെ കൊള്ളയടിക്കുന്നതിന് കമ്പനികള്‍ക്ക് ധൈര്യം പകരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന ബന്ധമാണ് ഇരുകൂട്ടര്‍ക്കുമുള്ളതെന്നും ഒരിക്കലും നീതീകരിക്കാനാവാത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.