Janayugom Online
Pravasiyude veedu

പ്രവാസിയുടെ വീട്

Web Desk
Posted on November 11, 2018, 9:23 am

എം ബഷീര്‍

പ്രവാസിയുടെ വീട്
നിങ്ങളുടെ വീട് പോലൊരു വീടല്ല
ചുമരുകള്‍ നിറയെ
ചിറകുകളുള്ളൊരു
പക്ഷിയെപ്പോലുള്ള വീടാണത്

ഒറ്റ നിമിഷം മതി
ഏഴു കടലുകളും താണ്ടി
അവന്റെ ജാലകവാതിലില്‍
അതിന്
വന്നിരിക്കാന്‍

ഹൃദയത്തിലെത്താന്‍
അതിന്റെപകുതിപോലും
നേരം വേണ്ട

വീട്ടിലെന്തു വിശേഷമുണ്ടെങ്കിലും
ഉടനെ വന്നുപറയും
പതിവില്ലാത്തൊരു വിഭവമുണ്ടാക്കിയാല്‍
വിലപ്പെട്ടൊരു അതിഥി വന്നാല്‍
മുറ്റത്തൊരു പൂ വിരിഞ്ഞാല്‍
മതിലിനു മുകളിലൊരു
കാണാപ്പക്ഷിയുടെ നിറം കണ്ടാല്‍
ചുട്ടുപൊള്ളുമ്പോഴൊരു
പുതുമഴ വന്ന് ചുംബിച്ചാല്‍
ജാലകപ്പുറത്തു വന്നറിയിക്കും

പ്രവാസിയുടെ വീട്
എത്ര പുതൂക്കിക്കിപ്പണിതാലും
രൂപം മാറില്ല
ഓര്‍മ്മകള്‍ കുഴച്ചുണ്ടാക്കിയതാണത്
ഏത് നിറം മാറി മാറി തേച്ചാലും
മാഞ്ഞുപോവില്ലൊരിക്കലും
പണ്ടെന്നോ ചുമരില്‍ കോറിയിട്ട
ചിത്രങ്ങള്‍

ഓരോ മുറിയിലൂടെയും
വറ്റാത്ത പുഴകളുടെ
ഓര്‍മ്മകളൊഴുകുന്നുണ്ട്
നനഞ്ഞു കുതിര്‍ന്ന മഴക്കാലരാവുകള്‍
ചോര്‍ന്നൊലിക്കുന്നുണ്ട്
ചിലപ്പോള്‍ പാദസരം കിലുക്കി
കുഞ്ഞു കാലടികളാല്‍
നെഞ്ചില്‍ അമര്‍ത്തിച്ചവിട്ടും
കടലിനെ നോക്കി കണ്ണുനിറയ്ക്കുമ്പോള്‍
ഞരമ്പ് തിണര്‍ത്ത ചുളിഞ്ഞവിരലുകളാല്‍ വന്ന്
മാതൃവള്ളികളായ് നെറുകയില്‍ പടരും
വിരഹത്തിന്റെ മഞ്ഞുകാലം
പുതച്ചു കിടക്കവേ
അണയാത്തൊരു തരി കനലായ്
വന്ന് ഹൃദയത്തെ പൊള്ളിക്കും
പ്രവാസിയുടെ വീട്
ഏത് കൊടുംവേനലിലും
വറ്റിവരളില്ല
എത്ര പേമാരിയിലും കരകവിയില്ല

ഏകാന്തത വേട്ടയാടിക്കൊല്ലുമ്പോള്‍
വീടൊരു ഖബറായി വന്ന് പുണരും
മൗനത്തിന്റെ വാള്‍ത്തുമ്പില്‍
ഹൃദയം മുറിഞ്ഞു പിടയുമ്പോള്‍
മീസാന്‍കല്ലുകളായ്
പാട്ടുപാടി നൃത്തം ചെയ്യും

പ്രവാസിയുടെ വീടിന്
മണ്ണില്‍ വേരുകളില്ല
കടലിനു മുകളിലെ
കാണാത്ത പാതകളിലൂടെ
അത് അങ്ങോട്ടുമിങ്ങോട്ടും
ഓടിക്കൊണ്ടേയിരിക്കുന്നു.…..