പ്രവീണ്‍ തൊഗാഡിയയുടെ കാറില്‍ ട്രക്കിടിച്ചു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Web Desk
Posted on March 07, 2018, 10:18 pm

സൂറത്ത്: വിശ്വ ഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയുടെ വാഹനം അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് തൊഗാഡിയ ജീവനോടെ രക്ഷപ്പെട്ടത്.
ഇന്നലെ സൂററ്റിലെ കമരേജിന് അടുത്ത് വച്ച് തൊഗാഡിയ സഞ്ചരിച്ചിരുന്ന എസ്‌യുവി കാറിന് പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. തന്നെ അപായപ്പെടുത്താന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന തൊഗാഡിയയുടെ ആരോപണം നിലനല്‍ക്കേയാണ് ഇദ്ദേഹത്തിന്റെ വാഹനം അപകടത്തില്‍പ്പെടുന്നത്. സംഭവത്തില്‍ സുരക്ഷാ വീഴ്ച നടന്നതായി തൊഗാഡിയ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരെയാണ് നേരത്തെ തൊഗാഡിയ രംഗത്തെത്തിയിരുന്നത്. രാജസ്ഥാന്‍ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം. ഒരു ദിവസത്തോളം കാണാതായ തൊഗാഡിയയെ പിന്നീട് അബോധാവസ്ഥയില്‍ പാര്‍ക്കില്‍ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവമാകട്ടെ ഏറെ ദുരൂഹതകള്‍ സൃഷ്ടിച്ചിരുന്നു.
ഇന്നലെയുണ്ടായ അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്ക് ആര്‍ക്കും പരിക്കില്ല. കാര്‍ ബുള്ളറ്റ് പ്രൂഫ് ആയിരുന്നതിനാലാണ് അപകടം ഗുരുതരമാകാതിരുന്നതെന്നും അല്ലാത്തപക്ഷം താനുള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവരെല്ലാവരും കൊല്ലപ്പെടുമായിരുന്നു എന്നും തൊഗാഡിയ പ്രതികരിച്ചു.
സുരക്ഷാ ക്രമീകരണങ്ങളില്‍ ദുരുദ്ദേശ്യപരമായി മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വഡോദരയില്‍ നിന്ന് സൂറത്തിലേക്കുള്ള യാത്രയെക്കുറിച്ച് അധികാരികളെ അറിച്ചിരുന്നു. സുരക്ഷാ മാനദണ്ഡമനുസരിച്ച് രണ്ട് കാറുകള്‍ അകമ്പടിയായി വരേണ്ടിയിരുന്നു. എന്നാല്‍ സൂറത്തില്‍ ഒരു പൈലറ്റ് വാഹനം മാത്രമാണ് തന്റെ എസ്‌യുവിക്ക് മുന്നിലുണ്ടായിരുന്നതെന്ന് തൊഗാഡിയ പറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ തൊഗാഡിയക്ക് നല്‍കി വരുന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുസരിച്ച് മുമ്പ് യാത്ര ചെയ്യുമ്പോള്‍ കാറിന് മുന്നിലും പിന്നിലുമായി സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവും ആംബുലന്‍സും ഉണ്ടാകാറുണ്ട്.
വിഎച്ച്പിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് തൊഗാഡിയ ആരോപിച്ചു. ട്രക്ക് ഡ്രൈവറെ വിശദമായി ചോദ്യം ചെയ്യണമെന്നും അപകടത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ട്രക്ക് ഡ്രൈവറെ സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.