ജോലി നഷ്ടമായത് രണ്ടര ലക്ഷത്തോളം പ്രവാസികള്‍ക്ക്…!

Web Desk
Posted on July 08, 2018, 12:36 pm

ജിദ്ദ: 2018ലെ ആദ്യ പാദത്തില്‍ സൗദിയിലെ പൊതു-സ്വകാര്യ മേഖലകളില്‍ നിന്നായി 234000 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2017ലെ അവസാന പാദത്തില്‍ സൗദിയില്‍ 10.42 ദശലക്ഷം വിദേശ തൊഴിലാളികളുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച്‌ അവസാനമായതോടെ അത് 10.18 ദശലക്ഷമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴില്‍ മേഖലയില്‍ നിന്ന് ഓരോ ദിവസവും 266 പ്രവാസി സ്ത്രീകളാണ് പുറത്താവുന്നത്. മാസംതോറും 7966 സ്ത്രീകള്‍ക്ക് ജോലി നഷ്ടമാകുന്നു.

വിവിധ തൊഴില്‍ മേഖലകള്‍ സൗദികള്‍ക്ക് മാത്രമായി സംവരണം ചെയ്യാനും സ്വകാര്യ മേഖലകളില്‍ സൗദികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെടുന്ന പുതിയ നിയമങ്ങളുമാണ് പ്രവാസികള്‍ക്ക് ഇത്രയധികം ജോലികള്‍ നഷ്ടമാവാന്‍ കാരണം. അതേസമയം, ഈ കാലയളവില്‍ സൗദി തൊഴിലാളികളുടെ എണ്ണത്തിലും ചെറിയ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം അവസാനം 3.16 ദശലക്ഷം പേരുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 3.15 ദശലക്ഷമായി അത് കുറഞ്ഞു.

എന്നാല്‍ നിലവില്‍ ഓരോ മാസവും ശരാശരി 4800 സൗദികള്‍ക്ക് ജോലി ലഭിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദികളില്‍ 72 ശതമാനം ജോലിക്കാരും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവരാണ്. ബാക്കി 18 ശതമാനം പേര്‍ വീടുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവരാണ്.

അതിനിടെ, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പ്രവാസി ഡ്രൈവര്‍മാരുടെ എണ്ണം രാജ്യത്ത് പകുതായി കുറയുമെന്നും റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞതിനെ തുടര്‍ന്നാണിത്. വീട്ടിലെ വാഹനങ്ങള്‍ക്ക് പ്രവാസി ഡ്രൈവര്‍മാരെ വയ്ക്കുന്നത് അവസാനിപ്പിക്കുന്നതിന് പുറമെ, ടാക്‌സികളിലും മറ്റും സൗദി വനിതകള്‍ ഡ്രൈവര്‍മാരാവുന്നതോടെ കൂടുതല്‍ പേര്‍ക്ക് ജോലി പോവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു