ഇനി ഇങ്ങനെയൊരു ദിവസം എനിക്ക് വരാനില്ല: പ്രയാഗ മാർട്ടിൻ

Web Desk
Posted on October 21, 2019, 6:38 pm
എത്ര തിരക്കുകളുണ്ടെങ്കിലും വിദ്യാഭ്യാസപരമായ ഉന്നതികളിലെത്താൻ പ്രയത്നിക്കുന്നവരാണ് മലയാളി നടിമാർ. ചുരുക്കം ചില നടിമാർക്കുമാത്രമെ തങ്ങളുടെ സിനിമാതിരക്കുകൾക്കിടയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ഉന്നതി കൈവരിക്കനായുള്ളു.
സിനിമാതിരക്കുകൾക്കിടയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പ്രയാഗ മാർട്ടിന്‍ തൻറെ സന്തോഷം പങ്കുവെച്ചതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. ഹിറ്റ് ചിത്രങ്ങളിലുൾപ്പെടെ അഭിനയിച്ച പ്രയാഗ സിനിമാ തിരക്കുകൾക്കിടയിലാണ് തൻറെ ബിരുദാനന്ദര ബിരുദം സ്വന്തമാക്കിയിരിക്കുന്നത്.   അച്ഛനും അമ്മയ്ക്കുമൊപ്പം ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്മെന്‍റ്  ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു പ്രയാഗ. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ പ്രയാഗ ബിരുദമെടുത്തതും സെന്‍റ് തെരേസാസില്‍ നിന്നാണ്.
‘സെന്‍റ് തെരേസാസിലെ എന്‍റെ വര്‍ഷങ്ങള്‍ ഇതിലും മികച്ച ഒരു ദിവസത്തില്‍ അവസാനിക്കില്ലെന്ന’ കുറിപ്പോടെയാണ് താരം അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
മോഹന്‍ലാല്‍ ചിത്രം സാഗര്‍ ഏലിയാസ് ജാക്കിയില്‍ ചെറിയ വേഷം ചെയ്തു കൊണ്ടാണ് പ്രയാഗയുടെ സിനിമാ അരങ്ങേറ്റം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. പിന്നീട് മിഷ്കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന തമിഴ് ചിത്രത്തില്‍ നായികയായി. ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ഒരു മുറൈ വന്തു പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായിക നിരയിലേക്കെത്തി. പിന്നീട് ഫുക്രി, രാമലീല , പോക്കിരി സൈമണ്‍, ഒരു പഴയ ബോംബ് കഥ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. കലാഭവന്‍ ഷാജോണിന്‍റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്സ് ഡേയിലാണ് പ്രയാഗ ഒടുവില്‍ വേഷമിട്ടത്.