പ്രയാണപുരുഷന്‍

Web Desk
Posted on June 16, 2019, 7:09 am

വി.വി.കുമാര്‍

ചില വലിയ മനുഷ്യരുടെ മുന്നിലിരിക്കുമ്പോള്‍, അവരെ കേള്‍ക്കുമ്പോള്‍ നമ്മുടെ അനുഭവലോകം എത്ര ചെറുതാണ് എന്ന് മനസിലാകും. അത്തരത്തില്‍ എന്നെ സദാ വിസ്മയിപ്പിച്ച വ്യക്തിത്വമാണ് പഴവിള രമേശന്‍ എന്ന എന്റെ രമേശേട്ടന്‍. കൊല്ലത്തെ അതിസമ്പന്നമായ കുടുംബത്തില്‍ നിന്ന്, രാഷ്ട്രീയത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും കവിതയുടെയും സിനിമയുടെയും സൗഹൃദത്തിന്റെയും എന്നുവേണ്ട ജീവിതത്തിന്റെ നല്ലതും ചീത്തയുമായ രാജപാതകളിലൂടെയും ഊടുവഴികളിലൂടെയും സഞ്ചരിച്ച്, തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനടുത്ത് പഴവിള വീട്ടില്‍ രാധേ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം നീട്ടിവിളിച്ച്, തലയിണയില്‍ ചാരിയിരിക്കുന്ന രമേശേട്ടനെ മനുഷ്യപ്രകൃതിയുടെ ഏതു കള്ളിയിലാണ് നമ്മള്‍ ഉള്‍പ്പെടുത്തുക? അരവിന്ദന്‍, അടൂര്‍, കാമ്പിശ്ശേരി, കാര്യാട്ട്, ജോണ്‍ എബ്രഹാം, വര്‍ഗ്ഗീസ്, കാഞ്ചനമാല, ഒ എന്‍ വി, എന്‍.പി. മുഹമ്മദ്, കെ.സി.എസ്, ദേവന്‍, പൊറിഞ്ചുകുട്ടി, ചന്ദ്രചൂഡന്‍, കെ ബാലകൃഷ്ണന്‍, കെ. വേണു, ഫിലിപ്പ് എം. പ്രസാദ്, കണിയാപുരം രാമചന്ദ്രന്‍, മിനര്‍വാ കൃഷ്ണന്‍ കുട്ടി, വയലാര്‍, എം. പി. നാരായണപിള്ള, നിത്യചൈതന്യയതി, ടി. കെ. ദിവാകരന്‍, ഹരികുമാര്‍ ഉപദ്ധ്വധി, സാബു കോട്ടുക്കല്‍, അജയപുരം ജ്യോതിഷ് കുമാര്‍, അഷറഫ്. ഡി. റാസി.… പഴവിളയുടെ ജീവിതയാത്രയിലെ വൈവിധ്യമാര്‍ന്ന മേഖലകളിലെ സൗഹൃദങ്ങളെ ഓര്‍ത്തെടുത്താല്‍ പതിനായിരം പേജിലൊതുങ്ങാത്ത പുസ്തകമാവുമത്.
ഋതുഭേദങ്ങള്‍ പോലെയാണ് പഴവിളയുടെ പ്രകൃതിയും. ചിലപ്പോള്‍ മേഘാവൃതമാവും, പിന്നെ ആര്‍ത്തലച്ച് പെയ്യുന്ന മഴയാവും. ചിലപ്പോള്‍ പൂക്കള്‍ നിറഞ്ഞ് സുഗന്ധപൂരിതമാവും, ചിലപ്പോള്‍ കൊടും വേനല്‍ പോലെ തീക്ഷ്ണമാവും. സാധാരണ മനുഷ്യമനസ്സിന് ഇഴപിരിച്ചെടുക്കാനാവാത്ത ശുദ്ധസ്‌നേഹഭാവങ്ങള്‍.
കഥാകൃത്ത് ശിഹാബുദ്ദീന്‍പൊയ്ത്തുംകടവിലൂടെയാണ് ഞാന്‍ പഴവിള രമേശന്‍ എന്ന പച്ച മനുഷ്യന്റെ മനസ്സിലേക്ക് കടന്നുകൂടിയത്. തന്റെ ജീവിതാനുഭവങ്ങളെപ്പറ്റി പറയുമ്പോള്‍ രമേശേട്ടനൊന്നു നീട്ടി ചിരിക്കും. ങ്ഹ, എന്ന് ഒന്നു കുടയും. ആ ചിരിയിലും കുടച്ചിലിലും ചങ്കൂറ്റവും സത്യസന്ധതയും സ്‌നേഹത്തിന്റെ അപാരതയുമുണ്ട്. ഞാന്‍ വായിച്ചറിഞ്ഞ കെ. ബാലകൃഷ്ണന്റെ മറ്റൊരു പതിപ്പ്. ഒരേ സമയം തീവ്ര അരാജകവാദിയും സ്‌നേഹധനനായ കുടുംബനാഥനുമായിരുന്നു പഴവിള.
വ്യത്യസ്ത മാനങ്ങളിലൂടെയുള്ള കാവ്യസഞ്ചാരം. അത് താന്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്നവയാണ്, നമ്മുടെ കാലത്തിന്റെ മൂല്യസങ്കല്പങ്ങളോട് ഇടയുന്നതാണ്. വൈവിധ്യപൂര്‍ണ്ണമായ, അത്ഭുതപ്പെടുത്തുന്ന വായന. തെളിഞ്ഞ നദിപോലെ സ്വച്ഛന്ദം ഒഴുകിപ്പോകുന്ന സംഭാഷണം. ജീവിതത്തിലും കവിതയിലും നമുക്ക് പഴവിള രമേശനെ ഒരു കള്ളിയിലും തളച്ചിടാനാവില്ല. തലമുറകളിലൂടെ കടന്നുപോയ കാവ്യ ജീവിതം. അതുകൊണ്ടുതന്നെ പഴവിള രമേശനെ പാടിപ്പുകഴ്ത്താന്‍ ആളുകള്‍ ഏറെയില്ല.
്യു പഴവിളയുടെ ഭവനത്തില്‍ വരാത്ത എഴുത്തുകാരും രാഷ്ടീയനേതാക്കളുമില്ല. ബഷീര്‍, സി.ജെ. തോമസ്, എന്‍.പി., പി. ഭാസ്‌കരന്‍, എം.എന്‍.വിജയന്‍, കടമ്മനിട്ട, റ്റി.ജെ. ചന്ദ്രചൂഡന്‍, വയലാര്‍ രവി, റ്റി.കെ. രാമകൃഷ്ണന്‍,എം.എ.ബേബി… ആ ലിസ്റ്റ് നീണ്ടു പോകുന്നു. അവരെയെല്ലാം സ്വീകരിക്കാന്‍ പഴവിള രമേശനോടൊപ്പം സര്‍വ്വംസഹയായ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി രാധയുമുണ്ട്.


എം.ആര്‍. ചന്ദ്രശേഖരന്‍ പഴവിള രമേശന്‍ എന്ന കവിയെ വിലയിരുത്തുന്നത് നോക്കുക- ‘രമേശന്റെ കവിതകള്‍ തുറന്നെഴുത്തിന്റെ ഉല്പന്നങ്ങളാണ്. ജാതിയെ, മതത്തെ, ആഢ്യത്വത്തെ, നിക്ഷിപ്തതാല്‍പര്യങ്ങളെ, രാഷ്ട്രീയ ചേരിപിടുത്തങ്ങളെ, കവിതയിലെ കൂട്ടങ്ങളെ ഒന്നിനെയും പേടിക്കാത്ത കവിയാണ് പഴവിള രമേശന്‍. കവിതയില്‍ അദ്ദേഹം ഒറ്റപ്പെട്ടുനില്‍ക്കുന്നു. ഒറ്റയ്ക്കു നില്‍ക്കാന്‍ ഉള്‍ക്കരുത്ത് വേണം. രമേശന്റെ കവിതയ്ക്ക് ആ കരുത്തുണ്ട്.’
‘വര്‍ഗ്ഗീസ്, നിനക്കുവേണ്ടി വീണ്ടും’ എന്ന ഓര്‍മ്മക്കുറിപ്പില്‍ പഴവിള രമേശനെഴുതി ‘ഒരു നക്‌സലൈറ്റ് മരിച്ചാല്‍ ആശ്വാസം കൊള്ളുന്ന അന്നത്തെ ജനം ഇന്നും ജീവിച്ചിരിക്കുന്നു. മനുഷ്യസ്‌നേഹികളായ അവര്‍ ഇന്നും വര്‍ഗ്ഗീസിന്റെ കൊലയ്ക്ക് പകരം വീട്ടണമെന്ന വാദക്കാരായി സ്വന്തം ചാരുകസേര തേടുന്നു. എന്നാല്‍ എനിക്ക് സമാധാനമുണ്ടായില്ല. അശരണമായ ഒരു മനസ്സിന് ഭയമെന്ന വികാരമുണ്ടാക്കുന്ന എല്ലാ സാഹചര്യങ്ങളെയും പഴിച്ച് വര്‍ഗ്ഗീസിന്റെ പക്ഷത്തു നിന്ന് സംസാരിക്കാനുള്ള ശക്തിക്കുവേണ്ടി ഈ സമൂഹത്തോട് അഭ്യര്‍ത്ഥിച്ച് ഞാനെന്റെ വാക്കുകളെ മൗനത്തിലേക്കു നയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ‘ഓര്‍മ്മകളില്‍ ഒരു അശരീരി’ എന്ന ഒരു കവിത ഞാന്‍ എഴുതി. നക്‌സലൈറ്റ് പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വര്‍ഗ്ഗീസിന്റെ ഓര്‍മ്മയ്ക്ക് എന്ന അടിക്കുറിപ്പോടെ ഒരു പ്രസിദ്ധ വാരികയ്ക്ക് അയച്ചുകൊടുത്തു. അവര്‍ അത് മടക്കി അയച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു. മടക്കി അയയ്ക്കുവാന്‍ കാരണമായത് ഈ കവിതയുടെ അടിക്കുറിപ്പായിരുന്നു എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി.’
തൂവെള്ള കിടക്കവിരി, ചുറ്റും നിറയെ പൂക്കള്‍. ബുക് ഷെല്‍ഫുകള്‍ കവിഞ്ഞ് കിടക്കയിലേക്ക് നീളുന്ന പുസ്തകക്കൂമ്പാരം. മൂന്ന് വിദേശ നിര്‍മ്മിത ട്രാന്‍സിസ്റ്ററുകള്‍. മുന്നില്‍ വലിയ റ്റി.വി. അതിനു താഴത്തെ കള്ളിയില്‍ ഭംഗിയായി അടുക്കിവച്ചിരിക്കുന്ന പലതരം കാസറ്റുകള്‍, പത്രങ്ങള്‍, മാസികകള്‍. സുന്ദരവും വിലപിടിപ്പുള്ളതുമായ അനേകം പേനകള്‍, മൊബൈല്‍ ഫോണുകള്‍. ചുവരില്‍ നിറയെ പ്രശസ്തരും അപ്രശസ്തരുമായവരുടെ പെയിന്റിംഗുകള്‍. അവിടവിടെ ധ്യാനത്തിലിരിക്കുന്ന ബുദ്ധപ്രതിമകള്‍, കൈയ്യെത്താവുന്ന ദൂരത്തിലെ മനോഹരമായ ടേബിള്‍ ലാമ്പുകള്‍ ഒന്നല്ല മൂന്നെണ്ണം. നമ്മള്‍ ഒരിടത്തും കണ്ടിട്ടില്ലാത്ത രൂപഭംഗിയുള്ള ടൈംപീസുകള്‍. സുഗന്ധ വസ്തുക്കളും കളിമണ്‍പാത്രങ്ങളും വല്ലാതെ ഇഷ്ടപ്പെടുന്ന രമേശേട്ടന്റെ ഇടമുറിയാതെ പെയ്യുന്ന അനുഭവ കഥനങ്ങള്‍… അത് രാധച്ചേച്ചിയുടെ പഴയ കുടുംബാവസ്ഥയെപ്പറ്റിയാവുമ്പോള്‍ ചിരിനിറയും. രാമു കാര്യാട്ടും സിനിമാ കാലവുമാവുമ്പോള്‍ എരിവും പുളിയും നിറയും. ഇടയ്ക്ക് ഒരു കവിത നീട്ടിപ്പിടിച്ച് പറയും: ‘ആശാന്‍ ഇതൊന്ന് ഉറക്കെ വായിക്ക്.’
ജനയുഗം ഓണപ്പതിപ്പിന്റെ പണിത്തിരക്കിനിടയില്‍ ഒരു കവിതയ്ക്കായി കത്തയച്ചും നിരന്തരം വിളിച്ചോര്‍മ്മിപ്പിച്ചും ഞാന്‍ കാത്തിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് എഴുതാന്‍ വൈകിയത്. ഒടുവില്‍, ലേഔട്ട് ചെയ്ത് തീര്‍ന്ന ദിവസം ഒരു പേജ് ഒഴിച്ചിട്ട് രാത്രി വൈകി ഞാന്‍ പഴവിളയുടെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി. കവിതയെവിടെ? സ്വതസിദ്ധമായ വെളുക്കെയുള്ള ചിരിയോടെ എന്നോട് ഇരിക്കാന്‍ ആംഗ്യം കാട്ടി. പതിവ് സല്‍ക്കാരങ്ങള്‍ക്കൊടുവില്‍ പേനയും പേപ്പറും എനിക്ക് തന്ന് കണ്ണടച്ചിരുന്ന് പുതിയ കവിത ചൊല്ലി.
പ്രയാണപുരുഷന്‍
സ്ഥലകാല വിസ്തൃതികളില്‍
ഇല്ലാതാകുന്ന ഈടുവയ്പുകളുടെ
കാഴ്ചകള്‍ക്കപ്പുറത്തേയ്ക്ക്
നീണ്ടുപോകുന്ന
വാഴ്‌വ് എന്ന സത്യത്തില്‍
ചുരുങ്ങിച്ചുരുങ്ങി
ഇല്ലാതാകുന്ന മനുഷ്യന്‍
പുറപ്പാടുകള്‍ക്കും
പുറംമോടികള്‍ക്കും
വിശ്വാസങ്ങള്‍ക്കും
ഇടയില്‍പ്പെട്ട്
തകരുന്ന കാഴ്ച്ചയിലേയ്‌ക്കോ
എന്റെ കാത്തിരിപ്പ്.