സുരേഷ് എടപ്പാൾ

മലപ്പുറം

June 20, 2020, 9:33 pm

ഗൽവാനിൽ മഞ്ഞുരുകാൻ മനസ്സുരുകി പ്രാർത്ഥിച്ച് തിരൂരിലെ ഗൾഫ് മാർക്കറ്റ്

കോവിഡ് കാലത്തെ അതിജീവിക്കാൻ ശ്രമം തുടരുമ്പോൾ വിനയായി യുദ്ധഭീഷണി
Janayugom Online

ഇന്ത്യക്കെതിരെ ചൈന നടത്തുന്ന അതിരുവിട്ട സൈനിക നടപടികൾ മൂലം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുമ്പോൾ പ്രശ്നപരിഹാരത്തിന്നായി ഉള്ളുരുകി പ്രാർത്ഥിക്കുയാണ് കോവിഡ് മൂലം നടുവൊടിഞ്ഞ തിരൂർ ഗൾഫ് മാർക്കറ്റിലെ വ്യാപാരികൾ. കോവിഡ് രൂപത്തിലും യുദ്ധഭീഷണിയായും ചൈന ഇവരുടെ ഉറക്കം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു.

എങ്കിലും അതിജീവനത്തിനുള്ള അതിശക്തമായ പോരാട്ടത്തിലാണ് ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടേയം രാജ്യത്തെ പ്രശസ്തമായ ഈ കച്ചവടകേന്ദ്രം. അതിർത്തിയിൽ കാര്യങ്ങൾ എത്രയും പെട്ടെന്ന് സാധാരണ നിലയിലേക്കു നീങ്ങണമെന്നും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരബന്ധം നിലവിലേതുപോലെ തുടരണമെന്നും ഏറ്റവും കൂടുതലായി ആഗ്രഹിക്കുകയാണിവർ. കോവിഡ് ഭീതിയിൽ രാജ്യം അടച്ചിടലിലേക്ക് നീങ്ങുന്നതിനു മുമ്പുതന്നെ മുൻ കരുതലെന്നോണം തിരൂർ ഗൾഫ് മാർക്കറ്റ് അടച്ചിടുകയായിരുന്നു. പിന്നീടങ്ങോട്ടുള്ള നാലുമാസത്തിലേറെക്കാലം 500 ലേറെ വ്യാപാരസ്ഥാപനങ്ങളും അതിലെ 2000ത്തോളം ജീവനക്കാരും ഉൾപ്പെട്ട മാർക്കറ്റ് നിശ്ചലമായി.

മറ്റ് മേഖലകളെല്ലാം സാവധാനം സാധാരണനിലയിലേക്ക് നീങ്ങാൻ ശ്രമിക്കുമ്പോൾ 3000 ത്തിൽപരം കുടുംബങ്ങളുടെ ജീവിതത്തിന്റെ അത്താണിയായ ഗൾഫ് മാർക്കറ്റിൽ എല്ലാം അനിശ്ചിതത്വത്തിലാണ്. ചൈനയിൽ നിന്ന് നേരിട്ട് നിരവധി കണ്ടെയ്നറുകളാണ് ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റു ഉൽപ്പന്നങ്ങളുമായി ദൈനംദിനം തിരൂർ മാർക്കറ്റിൽ എത്താറുണ്ടായിരുന്നത്. കണ്ടെയ്നറുകളിലെ ചരക്കുകൾ തിരൂരിൽ കൊണ്ടുവന്നതിനുശേഷം മാത്രമാണ് കൊച്ചിയും മംഗലാപുരവും, കോഴിക്കോടുമടക്കമുള്ള കച്ചവട കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്.

ദീർഘനാളത്തെ അടച്ചിടലിനുശേഷം കഴിഞ്ഞ രണ്ടാഴ്ചയായി ഗൾഫ് മാർക്കറ്റ് തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അത്ര ശുഭകരമല്ല. ആവശ്യക്കാർ ഉണ്ടെങ്കിലും ഇടപാടുകാർ ആഗ്രഹിക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾ ലഭ്യമാക്കാനാകുന്നില്ലെന്ന് വ്യാപാരികൾ സമ്മതിക്കുന്നു. ദിവസം ലക്ഷങ്ങളുടെ കച്ചവടം നടന്നിരുന്ന മാർക്കറ്റ് എന്നാണ് പഴയ പ്രതാപത്തിലേക്ക് മടങ്ങാൻ പോകുന്നതെന്നു പറയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് വ്യാപാരി സംഘടനയായ ജി മാറ്റ് സെക്രട്ടറി കെ ടി ഇബ്നൽവഫ ജനയുഗത്തോട് പറഞ്ഞു.

ചൈനയിൽ നിന്നുള്ള കണ്ടെയ്നറുകൾ കൊച്ചിയിൽ ഇപ്പോൾ മുംബൈയിൽ നിന്നാണ് ഗൾഫ് മാർക്കറ്റിലേക്ക് ഉപകരണങ്ങളും അനുബന്ധ സാധന സാമഗ്രികളും എത്തിക്കുന്നത്. ലോറികളിൽ മുംബൈയിൽ എത്തിക്കുന്നതുമൂലം വിലയിലും വലിയ വർധനവുണ്ട്.

Eng­lish sum­ma­ry;Gulf Mar­ket at Tirur, pray­ing for the melt­ing snow of Galvan

You may also like this video;