ജെയ്സൻ ജോസഫ്‌

May 25, 2020, 4:41 pm

കോവിഡ്‌ കാലത്തെ ഗർഭാവസ്ഥ, സ്ത്രീകൾക്കുള്ള ആശങ്കകൾ അകറ്റാം

Janayugom Online

ഒരു സ്ത്രീ ഗർഭിണി ആകുമ്പോൾ തന്നെ കുഞ്ഞിന്റെ വളർച്ചയ്ക്കു വേണ്ടിയുള്ള ശാരീരിക വ്യതിയാനങ്ങൾ പ്രകടമായിത്തുടങ്ങുന്നു.അതിനോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മാനസികമായി അമ്മയാകുക എന്ന കാര്യം. ഗര്‍ഭകാലത്തെ മൂന്നു ഘട്ടങ്ങളായി തരം തിരിക്കാം. ഈ മൂന്നു ഘട്ടങ്ങളും കുട്ടിയുടെ വളർച്ചയെ സംബന്ധിച്ച് വളരെ പ്രാധാന്യം അർഹിക്കുന്നു.

ആദ്യത്തെ മൂന്നു മാസം (First trimester) കുട്ടിയുടെ വളർച്ച തുടങ്ങുന്ന ഘട്ടമായതിനാൽ ഫോളിക് ആസിഡ് മരുന്നുകളോടൊപ്പം തന്നെ ദഹനശക്തിക്കനുസരിച്ചു പാൽ ചേർത്ത ഔഷധങ്ങൾ പ്രയോജനപ്പെടുത്താം. കുറുന്തോട്ടി, തിരുതാളി എന്നിവ ചേർത്ത പാൽകഷായങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം സേവിക്കാം. കഫക്കെട്ടുള്ളവർ പാലിന്റെ ഉപയോഗം ക്രമീകരിക്കുക. ആദ്യത്തെ മൂന്നു മാസം ഗർഭം അലസുവാനുള്ള സാധ്യത ഉള്ളതിനാൽ ആഹാരത്തിലും വിഹാരത്തിലും ശ്രദ്ധ നൽകേണ്ടത് അത്യന്താപേക്ഷിതമാണ്.

നാലു മുതൽ ആറു മാസം വരെ (Sec­ond trimester) കുഞ്ഞിന്റെ ആന്തരിക അവയവങ്ങളുടെ വളർച്ച കൂടുതലായി നടക്കുന്ന കാലഘട്ടമാണ്. ഈ സമയത്താണ് കുഞ്ഞിനുണ്ടാകുന്ന ജനിതക വൈകല്യങ്ങൾ, അമ്മയിൽ കാണപ്പെടുന്ന ഗഭകാല പ്രമേഹം എന്നിവ പരിശോധിക്കുന്നത്. അമ്മയുടെ ആഹാരത്തിൽ പാലും വെണ്ണയും ഉൾപ്പെടുത്തുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെയും നാഡീ ഞെരമ്പുകളുടെയും വളർച്ചയ്ക്ക് ഗുണകരമാണ്. തിരുതാളി, ചിറ്റമൃത്, ഞെരിഞ്ഞിൽ എന്നീ ഔഷധങ്ങൾ അടങ്ങിയ പാൽകഷായം വൈദ്യ നിർദ്ദേശപ്രകാരം സേവിക്കാം.

എഴാം മാസം മുതൽ പ്രസവം വരെയുള്ള കാലഘട്ടത്തിലാണ് (Third trimester) സർവ്വാംഗളുടെയും വളർച്ച ത്വരിതപ്പെടുന്നത്. കുഞ്ഞിൻറെ തൂക്കത്തിലെ അസാധാരണ വ്യതിയാനങ്ങൾ, അമ്മയുടെ അമിത രക്ത സമ്മർദ്ദം, ശരീരത്തിൽ കാണുന്ന നീർക്കെട്ട് എന്നിവ ശ്രദ്ധിക്കപ്പടേണ്ടതാണ്. കുട്ടിയുടെ വളർച്ചയ്ക്കനുസരിച്ച്‌ അമ്മയുടെ വയറിന്റെ ഭാഗത്തെ ചർമത്തിൽ കാണപ്പെടുന്ന വലിച്ചിൽ, പുകച്ചിൽ , ചൊറിച്ചിൽ എന്നിവയിൽ ചന്ദനം വെണ്ണയിൽ ചേർത്ത് പുരട്ടുന്നത് നല്ലതാണ്. ഔഷധങ്ങൾ ചേർത്ത് തയാറാക്കുന്ന ദാഡിമാദി പോലുള്ള ഘൃതങ്ങളുടെ ഉപയോഗം വൈദ്യനിർദ്ദേശപ്രകാരം സ്വീകരിക്കാം.വയറിലും നടുവിലും മാറിടത്തിലും ധാന്വന്തരം പിണ്ഡ തൈലം മുതലായവ യുക്ത്യാനുസരണം ഉപയോഗിക്കാം.മുലഞ്ഞെട്ടിൽ എണ്ണ തടവുന്നത് കുഞ്ഞിനെ പാലൂട്ടുന്ന സമയത്തുണ്ടാകുന്ന മുലഞെട്ട് ഉള്ളിലേക്കു കയറിയിരിക്കുന്ന അവസ്ഥ (retract­ed nip­ples) മുലഞെട്ട് വിണ്ടുകീറൽ (cracked nip­ples) എന്നിവ തടയുന്നതിന് സഹായകരമാവുന്നു. കുഞ്ഞിന്റെ വളർച്ചയിൽ മൂത്രസഞ്ചിയിലേക്ക്‌ ഭാരം ഉണ്ടാവുകയും തൻമൂലം മൂത്രം തടഞ്ഞു നിന്ന് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. യവം, കുറുന്തോട്ടി, പെരുംകുരുംബ , ശതാവരി എന്നിവ ചേർന്ന പാൽകഷായം വൈദ്യ നിർദ്ദേശ പ്രകാരം സേവിക്കാം.

ജനനേന്ദ്രിയ ഭാഗത്തെ ചൊറിച്ചിൽ , വെള്ളപോക്ക് എന്നിവയിൽ ഉപ്പുചേർത്ത ചെറു ചൂടുവെള്ളം , ത്രിഫല കഷായം, നാല്പാമരപ്പട്ട കഷായം എന്നിവ ഉപയോഗിച്ചു കഴുകിയ ശേഷം ഈർപ്പം താങ്ങി നിൽക്കാതെ സൂക്ഷിക്കണം. വേനല്ക്കാലമായതിനാൽ ആൻഡ് നേരം വസ്ത്രങ്ങൾ മാറ്റി ഉപയോഗിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക, പകൽ സമയത്തെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കുക. രാത്രിയിൽ വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമായ മുറികാലിൽ ഉറങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

ആഹാരം : ഗർഭിണികൾ രണ്ടു മണിക്കൂർ ഇടവേളയിൽ ഭക്ഷണ ക്രമം ചിട്ടപ്പെടുത്തണം.

ഒഴിവാക്കേണ്ടവ : വറുത്ത ആഹാരങ്ങൾ ‚ജങ്ക് ഫുഡുകൾ , അമിതമായ മധുരം, ഉപ്പ്, പുളി, എരുവ്, കയ്പ്പ് , ചവർപ്പ് , ഗ്യാസുണ്ടാക്കുന്ന ആഹാരങ്ങൾ , തണുത്തത്, ഫ്രിഡ്ജിൽ സൂക്ഷിച്ചു വീണ്ടും ചൂടാക്കിയവ.

ഉപയോഗിക്കേണ്ടത് : വെണ്ണ, പാൽ, നെല്ലിക്ക,മാതളനാരങ്ങയുടെ നീര്, ഉണക്കമുന്തിരി, ചെറുപയർ, ആറ്റു മീൻ, ഇലക്കറികൾ, നാരുകളടങ്ങിയ ഭക്ഷണം.

ഗർഭിണികളുടെ മാനസിക ആരോഗ്യം: ശരീരത്തിലെ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ കാരണം മാനസിക സമ്മർദ്ദം , വിഷാദം, അമിതോത്കണ്ഠ, എന്നിവ സാധാരണയായി വർധിക്കാറുണ്ട്. ലഘുവായ യോഗാസനങ്ങൾ, പ്രാണായാമം , ധ്യാനം എന്നിവ പേശികൾക്ക് ബലം നൽകുന്നതും മാനസികാരോഗ്യം ഗർഭസമയത്തും പ്രസവനന്തരവും നിലനിർത്താൻ സഹായിക്കുന്നതുമാണ് .

ഈ കോവിഡ് കാലഘട്ടത്തിൽ ഭയത്തേക്കാളുപരി ശ്രദ്ധയാണ് വേണ്ടത്. വിദേശത്തു നിന്ന് വരുന്നവർ home quar­an­tine ൽ കഴിയുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ അവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ശാരീരികവും മാനസികവുമായ ആരോഗ്യം വീടുകളിലുള്ള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഏതൊരു പകർച്ച വ്യാധി കാലഘട്ടത്തെയും അതിജീവിക്കാൻ നമുക്കൊരുമിച്ചു പ്രയത്നിക്കാം. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യ സഹായം ലഭ്യമാക്കുക.

തയാറാക്കിയത്‌: ജെയ്സൻ ജോസഫ്‌

കടപ്പാട്‌
ഡോ രാഖി ഇ പി, പ്രസൂതി പ്രൊജക്റ്റ് എം ഒ, ഗവ ആയുർവ്വേദ ആശുപത്രി
ചങ്ങനാശേരി, കോട്ടയം

YOU MAY ALSO LIKE THIS VIDEO