ഗർഭിണികൾ രണ്ടാൾക്കുള്ള ആഹാരം കഴിക്കണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

Web Desk
Posted on June 28, 2020, 2:42 pm

ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ കൂടുതല്‍ സ്ത്രീകളും പ്രകടമായി അനുഭവിക്കുന്നത് ശാരീരികമായ മാറ്റങ്ങളാണ്. ഗര്‍ഭകാലത്തെ ഭക്ഷണരീതിയെക്കുറിച്ചും മറ്റും സംശയങ്ങള്‍ എല്ലാവരിലും ആകാംഷ വര്‍ധിക്കുന്നുണ്ടാവും. ഗര്‍ഭവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നമ്മുക്കിടയിലുണ്ട്.

അവയില്‍ പ്രധാനപ്പെട്ടതാണ് ഗര്‍ഭിണി രണ്ടാള്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നത്. കുഞ്ഞിന്റെ ആരോഗ്യം വാര്‍ത്തെടുക്കേണ്ടത് അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. ഇതാണ് മുതിര്‍ന്നവര്‍ ഇങ്ങനെയൊരു ഉപദേശം നല്‍കുന്നത്. ശരിക്കും പറഞ്ഞാല്‍ ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ള ആഹാരം കഴിക്കണോ? നമ്മുക്ക് നോക്കാം…

ഗര്‍ഭകാലത്ത് ശാരീരിക വ്യതിയാനങ്ങള്‍ വരുന്നതിനാല്‍ ഊര്‍ജം അധികമായി വേണ്ടിവരുന്നുണ്ട്. എന്നാല്‍ ഗര്‍ഭിണി രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല. ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ അളവല്ല പോഷകങ്ങളാണ് കൂട്ടേണ്ടത് എന്ന് മനസ്സിലാക്കണം. ഈ കാലയളവില്‍ 300 മുതല്‍ 400 കലോറി വരെ ഊര്‍ജം വേണ്ടിവരുന്നുണ്ട്. എന്നാല്‍ ആദ്യത്തെ മൂന്നുമാസങ്ങളില്‍ ഈ അധിക ഊര്‍ജം ആവശ്യമില്ല. പിന്നീട് ഓരോ ദിവസവും അധികമായി വേണ്ടിവരുന്ന 400 കലോറി ലഭിക്കാന്‍ എത്ര ആഹാരം കൂടുതലായി കഴിക്കേണ്ടി വരും എന്നറിഞ്ഞിരിക്കണം. ആഹാരം ചെറിയ അളവില്‍ ആറു നേരം കഴിക്കുന്നതാണ് നല്ലത്. സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു ദിവസം മൂന്ന് ദോശയോ അതിനു സമാനമായ മറ്റ് ആഹാരങ്ങളോ കഴിക്കുകയും 200 മില്ലിലിറ്റര്‍ പാല്‍ കുടിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഈ അധിക ഊര്‍ജം ലഭിക്കും. മധുരപലഹാരങ്ങള്‍ അധികം കഴിക്കുന്നത് ഗര്‍ഭിണിക്ക് ഗുണം ചെയ്യുകയില്ല. ഇത് ദുര്‍മേദസ്സ്, പ്രമേഹം മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.

ഗര്‍ഭിണികളുടെ ആഹാര രീതികള്‍

*നന്നായി കഴുകി വൃത്തിയാക്കിയ പച്ചക്കറികള്‍ ചേര്‍ത്ത സാലഡുകളും പഴവര്‍ഗങ്ങളും മിതമായ രീതിയില്‍ പാലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുട്ടയും മീന്‍കറിയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം

* കുഞ്ഞിന്റെ അവയവ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ പ്രധാനമാണ്. പാല്‍, പയര്‍ വര്‍ഗങ്ങള്‍, മുട്ട, ഇറച്ചി എന്നിവയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇഡ്ഡലി, ദോശ എന്നിവ കഴിക്കുമ്പോള്‍ അന്നജവും പ്രോട്ടീനും ലഭിക്കും എന്ന മെച്ചവുമുണ്ട്. അതുപോലെത്തന്നെയാണ് കടലയുടെയും പുട്ടിന്റെയും ഗുണവും.

* ചീര, മുരിങ്ങയില, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നീളന്‍ പയറ്, ബീന്‍സ് മുതലായവ കഴിക്കുക

* പൈനാപ്പിള്‍, മാതളം, ഈന്തപ്പഴം എന്നിവ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഗര്‍ഭിണിക്കോ കുഞ്ഞിനോ ദോഷം ചെയ്യുന്നവയല്ല. വീടുകളില്‍ സുലഭമായി കാണുന്ന പഴുത്ത പപ്പായ വിറ്റാമിന്‍ എ യുടെ സ്രോതസ്സാണ്.

* ഗര്‍ഭകാലത്ത് ഹോര്‍മോണുകളടെ വ്യതിയാനങ്ങള്‍ കൊണ്ട് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഗര്‍ഭിണികള്‍ നാരുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം. പഴച്ചാറുകള്‍ കഴിക്കുന്നതിന് പകരം പഴവര്‍ഗങ്ങള്‍ അതുപോലെ കഴിക്കുന്നതു വഴി ഭക്ഷണത്തിലെ നാരിന്റെ അളവ് ഉറപ്പാക്കാം. പച്ചക്കറികളും ഉള്‍പ്പെടുത്തണം.

Eng­lish sum­ma­ry; prag­nan­cy food time

you may also like this video;