Web Desk

നെടുങ്കണ്ടം

October 23, 2020, 7:13 pm

രക്തസ്രാവത്തെ തുടര്‍ന്ന് ഗർഭിണിയും ഗര്‍ഭസ്ഥ ശിശുവും മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കളുടെ ആരോപണം

Janayugom Online

രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ചു. പുറ്റടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും ആശുപത്രിയിൽ തടിച്ചുകൂടി. കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്റെ ഭാര്യ ജിജി(29)യാണ് മരിച്ചത്. അട്ടപ്പള്ളം സ്വദേശിനിയാണ്. നാല് മാസം ഗർഭിണിയായിരുന്നു ജിജി.

രക്ത സ്രാവത്തെ തുടർന്നാണ് ബന്ധുക്കൾ ജിജിയെ പുറ്റടിയിലെ ലൈഫ് ബ്ലൂംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് നിയന്ത്രണം നിലനിന്നതിനാൽ ബന്ധുക്കളെ പുറത്താണ് നിർത്തിയത്. ഇതിനിടെ രക്തം വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ രക്തം എത്തിച്ചു നൽകിയതായും പറയുന്നു.

ആശുപത്രിയിലേക്ക് പൊലീസ് ജീപ്പ് എത്തിയതോടെയാണ് പുറത്ത് കാത്തു നിന്ന ബന്ധുക്കൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസാണ് അമ്മയും കുഞ്ഞും മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ഇതോടെ നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടി.  കട്ടപ്പന ഡിവൈഎസ്പി എൻ സി രാജ്മോഹനും വണ്ടൻമേട് സ്റ്റേഷനിൽ നിന്നും സി ഐ ഉൾപ്പെടെയുള്ള പൊലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

മരണ കാരണം സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ അറിവായിട്ടില്ല. മൃതദ്ദേഹം കോവിഡ് ടെസ്റ്റിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഈ ഡോക്ടറുടെ പേരിൽ ചികിത്സാ പിഴവിന് മുമ്പ് പലതവണ പരാതി ഉയർന്നിട്ടുള്ളതായി നാട്ടുകാർ ആരോപിച്ചു. വിദഗ്ദരെക്കൊണ്ട്  പോസ്റ്റ്മോർട്ടം ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി മെഡിക്കൽ കോളജ് അധികൃതർക്ക് അഭ്യർത്ഥന നൽകി.

Eng­lish sum­ma­ry: preg­nant woman and  unborn child died

You may also like this video: