തിരുവനന്തപുരത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

Web Desk
Posted on September 12, 2019, 10:02 pm

തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്ത്. പാച്ചലൂര്‍ സ്വദേശിയായ നീതുവാണ് കോവളത്തെ ഗൗരീഷാ ആശുപത്രിയില്‍ വച്ച് മരിച്ചത്. മരണ കാരണം ചികിത്സാപ്പിഴവാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഗുരുതരാവസ്ഥയിലായ യുവതിയെ മറ്റൊരു ആശുപത്രയിലേക്ക് റഫര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ മരണവിവരം അറിയിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പ്രസവവേദനയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് യുവതി ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ എത്തിയത്. ഉടനെ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. പ്രസവത്തിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളായെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ ഏറെ നേരം ആവശ്യപ്പെട്ടിട്ടും യുവതിയെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടിവെങ്കിലും ഇതിനും തയ്യാറായില്ല. തുടര്‍ന്ന് ബലംപ്രയോഗിച്ച് ലേബര്‍ റൂമില്‍ കയറിയപ്പോഴാണ് യുവതി മരിച്ചതായി മനസിലായതെന്ന് ബന്ധുക്കള്‍ പറയുന്നു.