ഗർഭിണികൾ റൂം ക്വാറന്റൈൻ കർശനമായും പാലിക്കണം: ഡിഎംഒ

Web Desk

തിരുവനന്തപുരം

Posted on September 15, 2020, 4:52 pm

ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഗർഭിണികൾ കർശനമായും റൂം ക്വാറന്റൈൻ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ എസ് ഷിനു അറിയിച്ചു. ഇവർ വായുസഞ്ചാരവും ശുചിമുറി സൗകര്യവുമുള്ള മുറിയിൽതന്നെ കഴിയണം. പുറത്തുപോയി വരുന്നവരുമായി ഒരുകാരണവശാലും നേരിട്ടുള്ള സമ്പർക്കം പുലർത്തരുത്. ഗർഭിണിയെ പരിചരിക്കുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ബന്ധുക്കളുടെ സന്ദർശനം കർശനമായും ഒഴിവാക്കണം. ചടങ്ങുകളിൽ പങ്കെടുക്കുന്നത് പൂർണമായും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണം. ലഘുവ്യായാമങ്ങൾ മുറിക്കുള്ളിൽ തന്നെ ചെയ്യുക. പോഷകസമൃദ്ധമായ ആഹാരം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ആശുപത്രി സന്ദർശനം നടത്താവൂ. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ച ശേഷം അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണം.

കോവിഡ് രോഗബാധിതരായ ഗർഭിണികൾക്കായി ജില്ലയിൽ പ്രത്യേക ചികിത്സാ സൗകര്യങ്ങൾ സജ്ജമാണ്. ഏഴുമാസം വരെയുള്ള ഗർഭിണികൾക്ക് ചികിത്സയ്ക്കായി പേരൂർക്കട ഇ. എസ്. ഐ ആശുപത്രിയിലും ഏഴു മാസം മുതൽ പ്രസവം വരെ പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും സൗകര്യമൊരിക്കിയിട്ടുണ്ട്. അനുബന്ധ രോഗബാധിതരായവർക്ക് തിരുവനന്തപുരം എസ്. എ. റ്റി. ആശുപത്രിയിലും സൗകര്യമുണ്ട്.

കോവിഡ് രോഗികളല്ലാത്ത ഗർഭിണികൾക്ക് നിലവിൽ ജില്ലയിൽ ലഭ്യമായിട്ടുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. കണ്ടെയിൻമെന്റ് സോണിൽ താമസിക്കുന്നവരും പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുമായഗർഭിണികൾ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കോവിഡ് പരിശോധന നടത്തിയശേഷം മാത്രമേ ആശുപത്രിയിൽപോകാൻ പാടുള്ളുവെന്നും അറിയിപ്പിൽ പറയുന്നു.

you may also like this video