എം എസ് രാജേന്ദ്രൻ

January 12, 2020, 5:10 am

ലോക വ്യാപാര സംഘടനയ്ക്ക് അകാല ചരമം

Janayugom Online

1945 മെയ് ഒന്‍പതിന് ഫാസിസ്റ്റ് ജര്‍മനിയുടെ പട്ടാളം സോവിയറ്റ് ചുവപ്പ് സെെന്യത്തിന് മുന്‍പില്‍ കീഴടങ്ങിയത് ഇരുപതാം നൂറ്റാണ്ടിലെ മാത്രമല്ല, ആധുനിക യുഗത്തിലെ തന്നെ ഒരു മഹാസംഭവമായിരുന്നു. ലോക ഭൂപടം തന്നെ മാറ്റിവരയ്ക്കപ്പെട്ടത് അതിന് ശേഷമാണ്. കോളനിവാഴ്ചയുടെ അവസാനത്തിന്റെ ആരംഭമാണ് ഈ ഭൂപടം മാറ്റിവരപ്പിന് ഇടയാ‌ക്കിയത്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ഡസന്‍കണക്കിന് രാജ്യങ്ങള്‍ സ്വാതന്ത്ര്യം നേടിയതോടെയാണ് ഭൂപടത്തിന്റെ ഈ മാറ്റിവരയ്ക്കല്‍ ഒരു യാഥാര്‍ത്ഥ്യമായത്. ഐക്യരാഷ്ട്രസഭ ലോകസമാധാനത്തിന്റെ കാവലാളായി ജന്മംകൊണ്ടതും അതോടെയാണല്ലൊ. ഐക്യരാഷ്ട്രസഭയോടൊപ്പം സാമ്പത്തികരംഗത്തും നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ഉടലെടുത്തു.

വാണിജ്യരംഗത്ത് അപകടകരമായ കിടമത്സരങ്ങള്‍ ഒഴിവാക്കാനുള്ള ‘ഗാട്ട്’ (വാണിജ്യ‑നികുതി മത്സരങ്ങള്‍ ആരോഗ്യകരമായി നടത്തുന്നതിനുള്ള സംഘടന) ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) തുടങ്ങിയവ അങ്ങനെയാണ് രൂപംകൊണ്ടത്. യുദ്ധത്തിനിടയില്‍ പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ നടത്തിയ ബോംബാക്രമണത്തില്‍ അവിടെ നങ്കൂരമിട്ടിരുന്ന കപ്പല്‍വ്യൂഹത്തിന്റെ ഒഴികെ കാതലായ മറ്റു നഷ്ടമൊന്നും നേരിടേണ്ടിവന്നിട്ടില്ലാത്ത അമേരിക്ക ബാക്കിയുള്ള പാശ്ചാത്യരുടെ രക്ഷകര്‍ത്താവായി മാറിയത് അങ്ങനെയാണ്. ഹിറ്റ്ലറെ ചെറുത്ത് തോല്പിക്കുന്നതിനിടയില്‍ സര്‍വവും നഷ്ടപ്പെട്ട സോവിയറ്റ് യൂണിയനെ ഒറ്റപ്പെടുത്തിക്കൊണ്ട് ലോക രക്ഷകനാകാന്‍ തങ്ങളെ സഹായിക്കാനാണ് അമേരിക്ക ഈ സംഘടനകളുടെയെല്ലാം തലതൊട്ടപ്പന്റെ സ്ഥാനം ഏറ്റെടുത്തത്. ബ്രെറ്റണ്‍വുഡ്സിലെ ഇരട്ടകള്‍ എന്ന ഇരട്ടപ്പേര് സമ്പാദിച്ച ഈ സംഘടനകള്‍മൂലം തങ്ങള്‍ക്ക് ലാഭം മാത്രം കെെവരുന്ന രീതിയിലാണ് എക്സിക്യൂട്ടിവ് സ്ഥാനങ്ങള്‍ക്ക് അമേരിക്ക വ്യവസ്ഥ ചെയ്തിരുന്നത്. ‘ഗാട്ടിന്’ പകരം രൂപീകരിക്കപ്പെട്ട ലോക വ്യാപാരസംഘടനയുടെ ഉദ്ദേശവും മറ്റൊന്നായിരുന്നില്ല. അതിനാല്‍ പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്ന് കണ്ടതോടെ അമേരിക്കയ്ക്ക് ലോകവ്യാപാര സംഘടനയുടെ കാര്യത്തിലുള്ള താല്പര്യം കുറഞ്ഞുവരികയായിരുന്നു. അമേരിക്കയുടെ രക്ഷകനാകാന്‍ മുന്‍പുണ്ടായിരുന്ന നാല്പത്തിനാല് അമേരിക്കന്‍ പ്രസിഡന്റുമാരെക്കാള്‍ സമര്‍ത്ഥന്‍ താനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭഗീരഥ പ്രയത്നം നടത്തുന്ന ഡൊണാള്‍ഡ് ട്രംപ് ലോകവ്യാപാര സംഘടനകൊണ്ട് അമേരിക്കയ്ക്ക് ഇനി വലിയ പ്രയോജനമില്ലെന്ന കണ്ടുപിടിത്തം നടത്തിയിട്ടുണ്ടെന്നാണ് തോന്നുന്നത്. അതുകൊണ്ടാണ് ലോക വാണിജ്യ സംഘടനയുടെ പ്രവര്‍ത്തനത്തിന് പാരവയ്ക്കാന്‍ അദ്ദേഹം വട്ടംകൂട്ടുന്നത്. അദ്ദേഹം, പക്ഷെ, സംഘടനയുടെ മേലല്ല കത്തിവച്ചിട്ടുള്ളത്. സംഘടനയുടെ കീഴില്‍ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഒരു അപ്പീല്‍ കോടതിയെയാണ് അദ്ദേഹം നിര്‍ജീവമാക്കിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് ട്രംപ് ഈ അപ്പീല്‍ കോടതിയെ ഇല്ലാതാക്കുന്ന തരത്തിലുള്ള ഒരു കത്രികപ്രയോഗം നടത്തിയത്. ഏഴ് ജഡ്ജിമാരാണ് രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യതര്‍ക്കങ്ങളെപ്പറ്റിയുള്ള പരാതി കേട്ട് തീര്‍പ്പ് കല്പിച്ചിരുന്ന ഈ കോടതിയില്‍ ഉണ്ടായിരുന്നത്. ഈ കോടതിയിലേക്കുള്ള ജഡ്ജിമാരുടെ പുതിയ നിയമനം വേണ്ടെന്നു വച്ചുകൊണ്ടാണ് പ്രസിഡന്റ് ട്രംപ് ഈ കോടതിയുടെ നിലനില്പ് ഇല്ലാതാക്കിയിരിക്കുന്നത്. ലോക വാണിജ്യ സംഘടന ജന്മം കൊണ്ടപ്പോള്‍ മുതല്‍ നിലവിലുള്ള ഈ കോടതി വളരെ ഫലപ്രദമായി പ്രവര്‍ത്തിച്ചുവന്നിരുന്നതാണ്. സംഘടനയില്‍ 189 പൂര്‍ണാംഗങ്ങളും ഇരുപത്തഞ്ച് നിരീക്ഷകരുമാണുള്ളത്. രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം നടത്തുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും സ്പഷ്ടമായി നിര്‍വചിക്കപ്പെട്ടിട്ടുണ്ടെങ്കിലും കയറ്റുമതിയും ഇറക്കുമതിയും നടത്തുമ്പോള്‍ ചുമത്തുന്ന ഡ്യൂട്ടി സംബന്ധിച്ചാണ് തര്‍ക്കമുണ്ടാകുന്നത്. ലോക വ്യാപാരസംഘടനയ്ക്ക് മുന്‍പ് 1945ല്‍ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതു മുതല്‍ നിലവില്‍ വന്ന ‘ഗാട്ടി‘ന്റെ (താരിഫുകളും കച്ചവടവും സംബന്ധിച്ച പൊതു ഉടമ്പടി) ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. പക്ഷെ, ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ഉയര്‍ന്നുവന്നാല്‍ അവ എങ്ങനെ പരിഹരിക്കുമെന്നത് സംബന്ധിച്ച് ആര്‍ക്കും ഒരു വ്യക്തതയുമുണ്ടായിരുന്നില്ല. ഗാട്ടിന്റെ ഈ വീഴ്ചയാണ് കഴിഞ്ഞ 25 കൊല്ലമായി ഈ കോടതി ഒരുവിധം രമ്യമായി പരിഹരിച്ചുകൊണ്ടിരുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള വന്‍കിട പാശ്ചാത്യര്‍ക്കാണ് അതിന്റെ പ്രയോജനം ലഭിച്ചിരുന്നത്.

ലോക വാണിജ്യ സംഘടനയിലെ അംഗത്വം നിയന്ത്രിച്ചിരുന്നതും പാശ്ചാത്യ വന്‍ ‍ശക്തികളാണല്ലൊ. ലോക ജനസംഖ്യയുടെ നാലില്‍ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചെെനയ്ക്കുപോലും 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ് ബാങ്കിന്റെ അംഗത്വം ലഭിച്ചതെന്ന് പറയുമ്പോള്‍ അംഗത്വത്തിനുള്ള ചരട് വലിക്കുന്നതുപോലും വന്‍കിട പാശ്ചാത്യ ശക്തികളാണെന്ന് സ്പഷ്ടമാകുമല്ലൊ. ഐക്യരാഷ്ട്രസഭയിലെ അംഗത്വംപോലും ചെെനയ്ക്ക് ലഭിച്ചത് 1971ല്‍ മാത്രമാണെന്ന് ഓര്‍ക്കണം. സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയനുമായി ചെെന ശത്രുതയിലായതിനു ശേഷമായിരുന്നു ഇത്. പ്രസിഡന്റ് നിക്സന്റെ കാലത്തുനടന്ന രഹസ്യ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു അതും. എന്നിട്ടും ചെെനയ്ക്ക് ലോക വ്യാപാര സംഘടനയില്‍ അംഗത്വം ലഭിച്ചത് ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ മാത്രമായിരുന്നുവെന്നതും അര്‍ത്ഥഗര്‍ഭമാണല്ലൊ. ഈ കോടതിയെപ്പറ്റി കേട്ടിട്ടുള്ളവര്‍പോലും ചുരുക്കമാണ്. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്ന് പറയുമ്പോലെയാണത്. കുഴഞ്ഞ പല തര്‍ക്കങ്ങള്‍ക്കും ഈ കോടതിയുടെ ഇടപെടല്‍മൂലം മാന്യമായ ഒത്തുതീര്‍പ്പുകള്‍ സാധ്യമാക്കിയ പല അനുഭവങ്ങളുമുണ്ട്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടായ ഒരു തര്‍ക്കം രമ്യമായി പരിഹരിച്ചത് ചിലര്‍ക്കെങ്കിലും ഓര്‍മ കാണും. ബോയിങ്ങും എയര്‍ബസും തമ്മിലുള്ളതായിരുന്നു ഈ തര്‍ക്കം. വികസ്വര രാജ്യങ്ങള്‍ അവരുടെ ഉല്പന്നങ്ങള്‍ക്ക് സബ്സിഡി നല്‍കുമ്പോള്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നവരാണ് രണ്ടു കൂട്ടരുമെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. വമ്പന്‍മാര്‍ എന്തു ചെയ്താലും അതില്‍ ചോദ്യമുണ്ടാകില്ല. ലോക വ്യാപാര സംഘടനയുടെ കോടതിയാണ് ഇരുകൂട്ടര്‍ക്കും രമ്യമായ രീതിയില്‍ ഈ തര്‍ക്കം പരിഹരിച്ചുകൊടുത്തത്. രണ്ടര പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇപ്രകാരം അഞ്ഞൂറ് കേസുകളെങ്കിലും ഒതുക്കിത്തീര്‍ത്തുകൊണ്ട് വിവിധ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകുമായിരുന്ന പൊട്ടിത്തെറികള്‍ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഈ കോടതിയുടെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവുക. ഈ കോടതിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് 2017 വരെയുള്ള രണ്ടര പതിറ്റാണ്ടുകള്‍ക്കിടയില്‍ ലോകവാണിജ്യം ലോക ജിഡിപിയുടെ 41ല്‍ നിന്ന് 58 ശതമാനമായി ഉയര്‍ന്നതെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം ലോകവാണിജ്യ പുരോഗതിക്ക് താങ്ങും തണലുമായിരുന്ന ഒരു സ്ഥാപനത്തെ ബലികഴിക്കാന്‍ പ്രസിഡന്റ് ട്രംപ് ഒട്ടും മടിക്കുന്നില്ലെങ്കില്‍ അതിനുകാരണം ട്രംപിന്റെ തലക്കനവും, എന്തും വ്യത്യസ്തമായി ചെയ്യുന്ന വ്യക്തിത്വമാണ് തന്റേതെന്ന് സ്ഥാപിച്ചെടുക്കാനുള്ള അതിമോഹവുമാണെന്നതില്‍ തര്‍ക്കമില്ല. അമേരിക്കന്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭ അദ്ദേഹത്തെ ‘ഇംപീച്ച്’ (കുറ്റവിചാരണ) ചെയ്യാന്‍ തീരുമാനിച്ചത് സ്വന്തം മഹത്വം സ്ഥാപിച്ചെടുക്കാനും ഈ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ തന്റെ വിജയം സാധ്യമാക്കാനുള്ള പരാക്രമശീലവുമാണ്.

ഇക്കഴിഞ്ഞ മൂന്ന് കൊല്ലത്തിനിടയില്‍ പ്രസിഡന്റ് ട്രംപ് കാട്ടികൂട്ടിയിട്ടുള്ള അവിവേകങ്ങളാണ് ജനപ്രതിനിധി സഭയെക്കൊണ്ട് ഇപ്രകാരമൊരു ഇമ്പീച്ച്മെന്റ് തീരുമാനം എടുപ്പിച്ചത്. അഞ്ച് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാനുള്ള വിസ നിഷേധിക്കാന്‍ പ്രസിഡന്റ് ട്രംപിനെ പ്രേരിപ്പിച്ചത്. മെക്സിക്കോയില്‍ നിന്നുള്ളവരുടെ കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ ഒരു വന്‍മതില്‍ പണിയിക്കാനുള്ള നടപടിക്ക് ഫണ്ട് അനുവദിക്കാന്‍ ജനപ്രതിനിധി സഭ വിസമ്മതിച്ചപ്പോള്‍ ആ നിഷേധത്തെ മറികടക്കാനായി മറ്റിനങ്ങളിലേക്ക് അനുവദിച്ചിരുന്ന തുക മാറ്റി ചെലവിടാനും മടിക്കാത്ത ആളാണ് പ്രസിഡന്റ് ട്രംപ്. ആസന്നമായ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പ്രധാന പ്രതിയോഗിയാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥിയുടെ മകന്റെ പേരില്‍ അന്വേഷണം നടത്തിക്കാന്‍ ഉക്രെയിന്‍ പ്രസിഡന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാണല്ലൊ ട്രംപ് ഇപ്പോള്‍ ഇംപീച്ച് ചെയ്യപ്പെടുന്നത്. അങ്ങനെയൊരു സ്ഥാനമോഹി ലോകവാണിജ്യ സംഘടനപോലുള്ള ഒരു അന്താരാഷ്ട്ര സ്ഥാപനത്തിന്റെ അകാലചരമത്തിന് കളമൊരുക്കുന്നുണ്ടെങ്കില്‍ അതിലും ആശ്ചര്യപ്പെടേണ്ടതില്ല.