March 30, 2023 Thursday

പ്രേംചന്ദ് മഹാനായ സാഹിത്യകാരന്‍

ടി വി ഹരികുമാര്‍
കണിച്ചുകുളങ്ങര
February 24, 2020 7:10 am

ഹിന്ദി സാഹിത്യമണ്ഡലത്തിലെ എക്കാലത്തേയും പ്രശസ്തനായ കഥാകൃത്ത്, നോവലിസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഒരേ ഒരുത്തരമേയുള്ളു പ്രേംചന്ദ്. 1880 ജൂലൈ 31ന് ജനിച്ച് 1936 ഒക്ടോബര്‍ എട്ടിന് ഉദരരോഗത്താല്‍ അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് 56 വയസേയുള്ളു. മലയാളത്തിന്റെ പ്രിയ കവി കുമാരനാശാന്‍ അന്തരിച്ച അതേപ്രായം. അസാമാന്യ പ്രതിഭകള്‍ക്ക് ആയുസുകുറവായിരിക്കുമെന്നാണ് പറയുന്നത്.

ദാരിദ്ര്യത്തിലും കുടുംബസാഹചര്യത്തിലുംപെട്ട് പഠനം നിലച്ചെങ്കിലും പിന്നീട് സ്വപ്രയത്നത്താല്‍ ബി എ ഡിഗ്രി സ്വന്തമാക്കി. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴാണ് ഗാന്ധിജിയുടെ ആഹ്വാനം. ബ്രിട്ടീഷുകാരുടെ സേവനം അവസാനിപ്പിക്കണമെന്നും സമരരംഗത്തിറങ്ങണമെന്നും പ്രേംചന്ദ് മറ്റൊന്നും ആലോചിക്കാതെ തന്റെ തൊഴില്‍ രാജിവച്ച് സ്വാതന്ത്ര്യസമരരംഗത്തെത്തി. തുടര്‍ന്ന് ജീവിക്കാനായി പേന കൈയിലെടുത്തു.

തൂലിക പടവാളാക്കി പോരാട്ടം തുടര്‍ന്നു. ഒരു ഡസനിലേറെ നോവലുകള്‍, മുന്നൂറിലധികം ചെറുകഥകള്‍ അദ്ദേഹം ഹിന്ദിസാഹിത്യത്തിനു നല്കി. സേവാസദന്‍, പ്രേമാശ്രമം, രംഗഭൂമി, ഗോദാൻ,‍ നിര്‍മല തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകളും കഫന്‍, ചതുരംഗ് കേഖിലാഡി മുതലായ ചെറുകഥകളും പാവപ്പെട്ടവന്റെയും ദലിതന്റെയും ചവിട്ടിയരക്കപ്പെട്ടവന്റെയും കഥ പറഞ്ഞു. ഇന്നും ഹിന്ദിസാഹിത്യത്തില്‍ പ്രേംചന്ദ് വരച്ചുകാട്ടിയ ജീവിതസാഹചര്യം തന്നെ നിലനില്‍ക്കുന്നു.

ഡാക്കകറിന്റെ കിണര്‍ ജാതി വ്യവസ്ഥകളെ പ്രതിപാദിക്കുന്ന കഥയാണ്. പൂസ്‌കീരാത് പാവപ്പെട്ട കര്‍ഷകന്റെ ജീവിതം വരച്ചിടുന്നു. തന്റെ ചുറ്റിനും കണ്ട ദയനീയ കാഴ്ചകള്‍ ഇത്ര മനോഹരവും ഹൃദയാവര്‍ജകവുമായി ചിത്രീകരിച്ച മറ്റൊരു സാഹിത്യകാരനില്ലതന്നെ. പ്രേംചന്ദ് ഹിന്ദി സാഹിത്യത്തിനു നല്‍കിയ സംഭാവനകളെ മറികടക്കാന്‍ പിന്നീടിതുവരെ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല. ഏറ്റവും രസകരമായ ഭാഷയില്‍ എഴുതപ്പെട്ട രചനകളാണ്. പ്രേംചന്ദിന്റെ മരണശേഷം അദ്ദേഹത്തിന്റെ പത്നി സരസ്വതി എന്ന മാസിക തുടര്‍ന്നുപോന്നു. കേവലം ഇരുപതു വര്‍ഷത്തോളം മാത്രം സാഹിത്യസേവനത്തിനു ലഭിച്ചുള്ളു എങ്കിലും കുന്നോളം രചനകള്‍ ഹിന്ദിസാഹിത്യത്തിനു നല്‍കുവാനും അവയെല്ലാം മുത്തുകള്‍ പോലെ തിളങ്ങിനില്‍ക്കുവാനും കഴിഞ്ഞു എന്നത് നിസാര കാര്യമല്ല. ജൂലൈ 31 അദ്ദേഹത്തിന്റെ സ്മരണാദിനമായി ജന്മദിനാഘോഷം സ്കൂളുകളില്‍ നടത്താറുണ്ട്. എക്കാലത്തേയും മഹാനായ ആ കലാകാരനു സ്മരണാഞ്ജലികളോടെ നിര്‍ത്തുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.