പി ആർ റിസിയ

December 22, 2019, 8:53 pm

ക്രിസ്തുമസ് മധുരം പകരാൻ വിയ്യൂർ ജയിലിന്റെ കേക്കുകൾ

Janayugom Online

തൃശൂർ: ക്രിസ്തുമസ് — പുതുവത്സരാഘോഷങ്ങളെ വരവേൽക്കാൻ വിയ്യൂർ സെൻട്രൽ ജയിൽ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്നും പ്രീമിയം കേക്കുകളും വിപണിയിൽ. ജയിൽ ആന്റ് കറക്ഷണൽ ഹോമിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഫുഡ്ഫാക്ടറിയിൽ തയ്യാറാക്കുന്ന ബിരിയാണിയും ചപ്പാത്തിയും ചിക്കൻകറിയുമെല്ലാം ശ്രദ്ധേയമായതോടെയാണ് ഇത്തവണ പ്രീമിയം കേക്ക് നിർമ്മാണം ആരംഭിച്ചത്. ഫ്രീഡം ബനാന, ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിയ്യൂർ ജയിൽ വിപണിയിലിറക്കിയ പുതിയതരം കേക്കുകൾ.

യഥാർത്ഥ പഴങ്ങൾ തന്നെയാണ് കേക്കിന്റെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നതെന്നത് കേക്കിന്റെ സ്വാദ് വർധിപ്പിക്കുന്നു. പ്രിസർവേറ്റീവുകൾ ഒന്നും ചേർക്കാതെ നിർമ്മിക്കുന്നതിനാൽ ഈ കേക്കുകൾ യാതൊരു ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ലെന്ന് അധികൃതർ പറയുന്നു. 730 ഗ്രാം തൂക്കമുള്ള രണ്ടു തരം പ്രീമിയം കേക്കുകളും ജയിലിന്റെ മുന്നിലെ ഔട്ട് ലെറ്റിൽ നിന്നും 230 രൂപയ്ക്ക് ലഭ്യമാണ്. സാധാരണ പ്ലം കേക്കുകളും ലഭിക്കും. പ്ലം കേക്കുകൾ 360 ഗ്രാമിന് 80 രൂപയ്ക്കും 730 ഗ്രാമിന് 160 രൂപയുമാണ് വില.

ബേക്കറി യൂണിറ്റിൽ നിന്നും വിൽപ്പന നടത്തിയിരുന്ന പ്ലം കേക്ക്, കപ്പ് കേക്ക് എന്നിവ ഹിറ്റായത് പ്രീമിയം കേക്ക് നിർമ്മാണം ആരംഭിക്കുന്നതിന് പ്രചോദനമായി. പ്രീമിയം ഫ്രൂട്ട് കേക്കുകൾ ന്യൂ ഇയർ ദിനം വരെ മാത്രമെ ലഭിക്കുകയുള്ളു. പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ അധിക ദിവസം സൂക്ഷിക്കുവാൻ കഴിയില്ല. പരമാവധി 5 ദിവസത്തിനുള്ളിൽ തന്നെ കേക്കുകൾ ഉപയോഗിക്കണം. അതേസമയം ഫ്രീഡം ഫാക്ടറിയുടെ കേക്കുകൾ നിമിഷനേരം കൊണ്ടാണ് വിറ്റുപോകുന്നത്. ആവശ്യക്കാർ വർധിക്കുന്നതനുസരിച്ച് വരും ദിവസങ്ങളിൽ ഉല്പാദനം കൂട്ടാനാണ് അധികൃതരുടെ തീരുമാനം. മലബാറിന്റെ തനതുവിഭവമായ കിണ്ണത്തപ്പവും ഫ്രീഡം ഫുഡം ഫാക്ടറിയിൽ നിന്നും വിപണിയിലെത്തുന്നുണ്ട്. ‘ഫ്രീഡം കണ്ണൂർ കിണ്ണത്തപ്പം’ എന്ന പേരിൽ പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന കിണ്ണത്തപ്പം തൃശൂർ നിവാസികളെയും ഏറെ ആകർഷിക്കുന്നു.

500 ഗ്രാം 75 രൂപയ്ക്കും, ഒരു കിലോ പാക്കറ്റ് 150 രൂപയ്ക്കുമാണ് വിൽപ്പന നടത്തുന്നത്. ബിരിയാണിയും ചപ്പാത്തിയും ചിക്കൻ കറിയുമെല്ലാം ഉൾപ്പെടുന്ന ഫ്രീഡം ഫുഡ് കോംമ്പോയും ഫ്രീഡം ഫുഡ് ഫാക്ടറി അവതരിപ്പിച്ചിരുന്നു. ഭക്ഷ്യോല്പാദനമേഖലയിൽ മികച്ച സാന്നിധ്യമായ മാറിയ വിയ്യൂർ സെൻട്രൽ ജൗിലിലെ ഭക്ഷ്യോല്പാദന യൂണിറ്റിന്റെ ഈ വർഷത്തെ വരുമാനം ഒരു കോടിയാണ്. കഴിഞ്ഞ മാസം മാത്രം 11 ലക്ഷമാണ് ഭക്ഷണവിൽപനയിലൂടെ നേടിയത്. ഫുഡ് ഫാക്ടറിയിൽ പ്രവർത്തിക്കുന്ന തടവുകാർക്ക് പ്രതിദിനം 127 മുതവൽ 170 രൂപ വരെ വേതനമായി നൽകുണ്ട്. പ്രതിമാസം കൃത്യമായി നൽകുന്ന വേതനത്തിന്റെ പകുതി അവർക്ക് വീട്ടാവശ്യത്തിനു നൽകാം. ബാക്കി പകുതി തുക തടവുകാരന്റെ സമ്പാദ്യമായി സൂക്ഷിക്കും. ഈ തുക മോചനസമയത്ത് സമ്പാദ്യമായി നൽകും.

you may also like this video