18 April 2024, Thursday

കഥകളും കളികളുമായി പ്രീ സ്കൂള്‍ കിറ്റുകൾ എത്തിത്തുടങ്ങി

ഡാലിയ ജേക്കബ്
ആലപ്പുഴ
February 8, 2022 9:37 pm

പ്രീ സ്കൂൾ പഠനത്തിനായി കുരുന്നുകൾക്ക് അങ്കണവാടികളിലെത്താൻ കഴിയുന്നില്ലെങ്കിലും കഥകളും വർണചിത്രങ്ങളും കളർ പേനകളുമെല്ലാം വീടുകളിലെത്തി തുടങ്ങി. അങ്കണവാടി കുട്ടികൾക്കായി കഥാകാർഡുകളും ചെറു കളികളും വർണ ചിത്രങ്ങളുമടങ്ങിയ പ്രീ സ്കൂൾ കിറ്റു വിതരണം ആരംഭിച്ചു.

2021–22 സാമ്പത്തിക വർഷത്തിൽ സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കാണ് പ്രീ സ്കൂൾ എഡ്യുക്കേഷണൽ കിറ്റ് ലഭിക്കുന്നത്. 32986 അങ്കണവാടികളിലും 129 മിനി അങ്കണവാടികളിലുമായി രജിസ്റ്റർ ചെയ്തിട്ടുള്ള 5,26,029 കുട്ടികൾക്ക് ഇവ ലഭിക്കും. ഇതിനായി 7.89 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ മൂന്നു മുതൽ ആറു വയസ്സു വരെയുള്ള അങ്കണവാടി കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ബൗദ്ധിക വികസനത്തിനും സഹായിക്കുന്ന ചില ഇനങ്ങളാണ് കിറ്റിലുള്ളത്. ഒരു കുട്ടിക്ക് 150 രൂപയുടെ കിറ്റാണ് ലഭിക്കുന്നത്. അങ്കണവാടികളിലെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കിറ്റുകൾവാങ്ങി അങ്കണവാടി വർക്കർ/ ഹെൽപ്പർ മുഖേന അവരുടെ വീടുകളിൽ വിതരണം ചെയ്യും. ഈ മാസം വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം.

ചാർട്ട്, ക്രയോൺസ്, കളർ പെൻസിൽ, സോഫ്റ്റ് ബോൾ, പ്രവർത്തന കാർഡുകൾ (വഴി കണ്ടെത്തൽ, കുത്തുകൾ യോജിപ്പിക്കൽ തുടങ്ങിയവ പോലുള്ളത്), ചിത്ര കാർഡുകൾ (കുട്ടികൾക്ക് ഭാഷ സ്വായത്തമാക്കുന്നതിന്), കഥാകാർഡുകൾ, കഥാ ചാർട്ടുകൾ (കുട്ടികളെ ചിത്രങ്ങൾ കാട്ടി വായിച്ചു കേൽപ്പിക്കാൻ കഴിയുന്നവ), മനോഹരമായ വർണ ചിത്രങ്ങൾഉൾപ്പെടുത്തി വലിപ്പത്തിലുള്ള അക്ഷരങ്ങൾഎഴുതിയ, ചെറിയ വാക്യങ്ങൾ ഉള്ള കാർഡുകൾ, പക്ഷികളും മൃഗങ്ങളുടെയും ചിത്രങ്ങളടങ്ങിയ മാസ്കുകൾ, കട്ടൗട്ടുകൾ (റോൾ പ്ലേ, അഭിനയം തുടങ്ങിയവയ്ക്ക് സഹായിക്കുന്നത്), കളറിങ് ബുക്ക് എന്നിവയാണ് കിറ്റിലുള്ളത്.

eng­lish summary;Preschool kits began to arrive with sto­ries and games

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.