പ്രസിഡന്റ് ട്രംപ് ഇമ്പീച്ച്‌മെന്റ് പേടിയില്‍

Web Desk
Posted on October 06, 2019, 11:09 pm

lokajalakamഏതാണ്ട് രണ്ടര നൂറ്റാണ്ട് മുമ്പ് 1776ല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ യുഎസ്എ എന്ന അമേരിക്കയില്‍ ഇതിനകം ഇപ്പോഴത്തെ ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ 45 പ്രസിഡന്റുമാര്‍ ഭരണം നടത്തിയിട്ടുണ്ടെങ്കിലും അവരില്‍ ഇത്രയധികം ദുഷ്‌പേര് സമ്പാദിച്ച മറ്റൊരാളെ ചൂണ്ടിക്കാണിക്കാനാവുമെന്നു തോന്നുന്നില്ല. ഇവരില്‍ പതിനാറാമത്തെ പ്രസിഡന്റ് എബ്രഹാം ലിങ്കണും 35ാമത്തെ പ്രസിഡന്റ് ജോണ്‍ കെന്നഡിയും രാജ്യത്തിന്റെ സല്‍പ്പേര് വാനോളം ഉയര്‍ത്തിയവരാണ്. ലിങ്കണ്‍ കറുത്ത വര്‍ഗക്കാരുടെ അടിമത്തം നിരോധിച്ചപ്പോള്‍ കെന്നഡി അവരുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുകയാണ് ചെയ്തത്. എന്നാല്‍ നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വംശീയ വിദ്വേഷം ആളിക്കത്തിക്കാനാണ് നോക്കുന്നത്.

ആറ് ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശന’വിസ’ നിഷേധിക്കുകയും മെക്‌സിക്കാെ അതിര്‍ത്തി വഴിക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാന്‍ ആയിരം മൈലുകള്‍ നീളമുള്ള ഒരു വന്‍മതില്‍ നിര്‍മിക്കുകയും ചെയ്തുകൊണ്ടാണ് ട്രംപിന്റെ മുന്നേറ്റം. മക്കളുടേതുള്‍പ്പെടെയുള്ള സ്വജനപക്ഷപാത നിയമനമാണ് അദ്ദേഹത്തിന്റെ മറ്റൊരു ‘നേട്ടം‘ഇപ്രകാരം എന്തും ചെയ്യാന്‍ യാതാെരു മടിയുമില്ലാത്ത, വെട്ടുപോത്തിനെപോലെ മാര്‍ഗമധ്യേയുള്ള സര്‍വതും ചവിട്ടി മെതിച്ചുകാെണ്ട് മുന്നോട്ടു നീങ്ങുന്ന ഡാെണാള്‍ഡ് ട്രംപിന് ഇപ്പാേഴത്തെ ഒരേയൊരു ലക്ഷ്യം 2020ല്‍ നടക്കാനിരിക്കുന്ന പുതിയ തെരഞ്ഞെടുപ്പിലും എങ്ങനെയും കടന്നുകൂടുകയെന്നതുമാത്രമാണ്. അതിനായി എന്തും ചെയ്യാന്‍ അദ്ദേഹം മടിക്കില്ലെന്ന് കഴിഞ്ഞ തവണ തന്നെ അദ്ദേഹം തെളിയിച്ചതാണ്.

ഇതിനായി അമേരിക്കയുടെ ആജന്മശത്രുവായി പ്രഖ്യാപിക്കപ്പെട്ടിരുന്ന സാേവിയറ്റ് യൂണിയനെതിരായെന്ന പാേലെ ഇപ്പാേഴത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെതിരായും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മാറി മാറി വന്നിട്ടുള്ള അമേരിക്കന്‍ പ്രസിഡന്റുമാരെല്ലാം ഏതു വജ്രായുധവും പ്രയോഗിച്ചു കാെണ്ടിരിക്കുകയായിരുന്നെങ്കിലും ഡൊണാള്‍ഡ് ട്രംപ് അതേ പുടിന്റെ സഹായത്തോടെയാണ് എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്റനെ തേജോവധം ചെയ്യുന്ന കുപ്രചരണം നടത്തിയതും നേരിയ ഭൂരിപക്ഷത്തിന് ജയിച്ചതുമെന്ന വസ്തുത ഒരു അങ്ങാടിപ്പാട്ടായിരുന്നു. റഷ്യയുടെ ഈ ഇടപെടല്‍ സംബന്ധിച്ച അന്വേഷണം ഇനിയും ഒരിടത്തുമെത്തിയിട്ടില്ലെങ്കിലും അത്തരത്തിലുള്ള ഹീനമായ കുപ്രചരണ തന്ത്രമാണ് ട്രംപ് ഇപ്പോള്‍ത്തന്നെ ആരംഭിച്ചിട്ടുള്ളത്.

അമേരിക്കയിലെ രണ്ടേ രണ്ടു ഭരണകക്ഷികളായ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍മാരും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള മത്സരത്തിന്റെ നെട്ടോട്ടം ഒന്നും രണ്ടും വര്‍ഷങ്ങള്‍ക്ക് മുമ്പേ ആരംഭിക്കുക പതിവാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി താന്‍ തന്നെയായിരിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ളതിനാല്‍ ട്രംപ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത് ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരെ തിരഞ്ഞുപിടിച്ച് നിറുത്തിപ്പാെരിക്കാനാണ്. മുമ്പ് വൈസ്പ്രസിഡന്റായിരുന്ന ജോ ബിഡനായിരിക്കും ഇപ്രാവശ്യം ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയാകാന്‍ പോകുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തില്‍ ഡാെണാള്‍ഡ് ട്രംപും കൂട്ടരും ബിഡനെപ്പറ്റിയുള്ള രഹസ്യ വിവരങ്ങള്‍ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ്.

ട്രംപിന്റെ ചാരന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഈ രഹസ്യാന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു.ഇതിനുള്ള വണ്ടിച്ചെലവിന് പാെതുഖജനാവ് തന്നെ തുറന്നുവച്ചിട്ടുള്ളതുകൊണ്ട് ഇതിനായി അവര്‍ക്ക് ട്രംപിന്റെ മടിശീലയില്‍ കയ്യിടേണ്ടിവന്നുമില്ല. അവരുടെ പ്രയത്‌നം വൃഥാവിലായതുമില്ല. ബിഡന്റെ മകന്‍ ഹണ്ടര്‍ ഉക്രെയിന്‍ എന്ന രാജ്യത്ത് വലിയ ബിസിനസ് നടത്തുന്നുണ്ടെന്നു അവര്‍ കണ്ടെത്തുകയും ചെയ്തു. ബിഡന്റെ മകന്‍ ഹണ്ടറുടെ ബിസിനസ് ഇടപാടുകളിലെ പാകപ്പിഴകള്‍ കണ്ടെത്താന്‍ ട്രംപും കൂട്ടരും പുതിയ ഉക്രെയിന്‍ പ്രസിഡന്റിന്റെ സഹായം തന്നെ തേടുകയായിരുന്നു. രാഷ്ട്രീയമായി വലിയ അനുഭവങ്ങളാെന്നുമില്ലാത്ത ഒരു ഹാസ്യനടന്‍ മാത്രമാണ് പ്രസിഡന്റ് വ്‌ലാദിമീര്‍ സെലെന്‍സ്‌കി എന്നതുകൊണ്ട് അദ്ദേഹത്തെ കെണിയില്‍ വീഴ്ത്താനും ട്രംപിന്റെ ചാരന്മാര്‍ വഴി കണ്ടെത്തി.

ഉക്രെയിന്‍ അമേരിക്കയുടെ സൈനിക സഹായം തേടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. പത്തുകോടി ഡോളര്‍ വില വരുന്ന സൈനികോപകരണങ്ങളാണ് അവര്‍ക്ക് വേണ്ടിയിരുന്നത്. അതായിരുന്നു ട്രംപിന് കിട്ടിയ പിടിവള്ളി. ഇത് അനുവദിക്കണമെങ്കില്‍ ഹണ്ടറെപ്പറ്റിയുള്ള എന്തെങ്കിലും രഹസ്യ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയാലേ ഈ സഹായം ലഭിക്കൂ എന്ന് ട്രംപിന്റെ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ അറിയിച്ചു. രണ്ട് പ്രസിഡന്റുമാരും നടത്തിയ ടെലിഫോണ്‍ സംഭാഷണമാണ് ഇതിനു തെളിവായി ഹാജരാക്കപ്പെടുന്നത്.

പ്രസിഡന്റ് ട്രംപ് ജൂലൈ 25നാണ് ഉെ്രെകന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചത്. ഇക്കാര്യം ട്രംപ് നിഷേധിക്കുന്നുമില്ല. പ്രസിഡന്റ് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗ്വിലിയാനി ഓഗസ്റ്റ് മാസത്തി സ്‌പെയിനില്‍ വച്ച് ഉെ്രെകന്‍ പ്രസിഡന്റിന്റെ ദൂതനുമായി ഇതെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ ഒന്‍പതിനാണ് പ്രസിഡന്റ് ട്രംപിന്റെ ഈ സംഭാഷണം നടന്നത്. സെപ്റ്റംബര്‍ 11ന് ഉെ്രെകന്‍ ആവശ്യപ്പെട്ട സഹായം അമേരിക്ക അവര്‍ക്ക് എത്തിച്ചുകാെടുക്കുകയും ചെയ്തു. സ്വാഭാവികമായും ട്രംപും സെലെന്‍സ്‌കിയും തമ്മിലുള്ള ധാരണപ്രകാരമാണ് ഈ ഇടപാട് നടന്നതെന്ന നിഗമനത്തില്‍ തെറ്റില്ലെന്നും കാണാവുന്നതേയുള്ളു.

ഇതില്‍ കയറിപ്പിടിച്ചുകൊണ്ടാണ് അമേരിക്കന്‍ പര്‍ലമെന്റിന്റെ അധോസഭയുടെ സ്പീക്കര്‍ സ്ഥാനം വഹിക്കുന്ന പെലോസി പ്രസിഡന്റ് ട്രംപിനെ ഇമ്പീച്ച് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചത്. ജനപ്രതിനിധിസഭയുടെ മൂന്ന് കമ്മിറ്റികളാണ് പ്രസിഡന്റിനെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമിടേണ്ടത്. ഈ സഭയില്‍ ഭൂരിപക്ഷം ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ആയതുകൊണ്ട് അതുസംബന്ധിച്ച പ്രമേയം സഭയില്‍ പാസാവുകയും ചെയ്യും. പക്ഷെ, ഇതുസംബന്ധിച്ച് പ്രസിഡന്റിനെ വിചാരണ ചെയ്യുന്നത് ഉപരിസഭയായ സെനറ്റാണ്. സെനറ്റിന്റെ മൂന്നില്‍ രണ്ടു ഭാഗം അംഗങ്ങള്‍ വോട്ട് ചെയ്താലെ ഇമ്പീച്ച്‌മെന്റിന് ഫലമുണ്ടാകൂ. പക്ഷെ, സെനറ്റില്‍ ഭീരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായതുകൊണ്ട് അത്രയും വലിയ ഭൂരിപക്ഷം ഇമ്പീച്ച്‌മെന്റിന് ലഭിക്കുക പ്രയാസമാണ്. അതുകൊണ്ട് ഇമ്പീച്ച്‌മെന്റിനെ പ്രസിഡന്റ് ട്രംപിന് ഭയപ്പെടേണ്ടതില്ലെങ്കിലും അദ്ദേഹം വലിയ വെപ്രാളത്തിലാണ്.

അതുകൊണ്ടാണ് ഈ ഇമ്പീച്ച്‌മെന്റ് നടപടിക്ക് മുന്‍കൈയെടുത്തവരെ അദ്ദേഹം ചീത്തവിളിക്കുന്നത്. സെനറ്റില്‍ വിചാരണ നടക്കുന്നതുതന്നെ അടുത്ത കൊല്ലം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെടുന്നു. പ്രസിഡന്റ് ട്രംപിന്റെ അങ്കലാപ്പിനും ചീത്തവിളിക്കും കാരണം അതുതന്നെയായിരിക്കും.
ഇക്കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്‍ ഇമ്പീച്ച്‌മെന്റിന് സാഹചര്യങ്ങള്‍ പലവട്ടം രൂപപ്പെട്ടിരുന്നു. ഇസ്‌ലാം മതത്തിന്റെ പേരില്‍ ആറു രാജ്യക്കാര്‍ക്ക് വിസ നിഷേധിച്ചതു മുതല്‍ക്ക് യു എസ് കോണ്‍ഗ്രസിന്റെ അധോസഭയുടെ അനുമതി കൂടാതെ ബജറ്റ് വകമാറ്റി ചെലവ് ചെയ്തതും അധോസഭയില്‍ വെള്ളക്കാരല്ലാത്ത നാല് വനിതാ സമാജികരോട് പട്ടിണിക്കാരായ അവരുടെ നാടുകളിലേക്ക് മടങ്ങിപ്പൊയ്‌ക്കോളണമെന്ന് കല്‍പ്പിച്ചതും മുതല്‍ക്ക് ഇമ്പീച്ച്‌മെന്റിന് അവസരങ്ങള്‍ വേറെയും പലതുമുണ്ടായിരുന്നു.

അധികാര ദുര്‍വിനിയോഗത്തിന്റെ വ്യക്തമായ തെളിവിന്റെ അഭാവത്തില്‍ അന്ന് അത് ജനപ്രതിനിധി സഭയുടെ ഔപചാരികമായ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മൂന്ന് ഉപസമിതികളുടെ പരിഗണനയ്ക്ക് ശേഷം സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറ്റ് സമിതികളുടെയും ഉദ്യോഗസ്ഥരെ തെളിവെടുപ്പിനായി വിളിച്ചിരിക്കുകയാണ്. അത് തടസപ്പെടുത്താനാണ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ തെളിവെടുപ്പിന് വിടാന്‍ പോലും സമ്മതിക്കാതെ പ്രസിഡന്റ് ട്രംപ് ഇത് ഇമ്പീച്ച്‌മെന്റല്ല, മറിച്ച് ഇതൊരു അട്ടിമറിശ്രമമാണെന്ന് പ്രസിഡന്റ് ട്രംപ് ഗര്‍ജ്ജിക്കുന്നത്.

ഉപരിസഭയായ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് രണ്ടോ മൂന്നോ സീറ്റുകളുടെ ഭൂരിപക്ഷമുള്ളതുകൊണ്ടാണ് താന്‍ കുടുങ്ങിക്കഴിഞ്ഞതെന്ന് ബോധ്യമായപ്പോഴും ഹുങ്കിന്റെയും അഹങ്കാരത്തിന്റെയും ഭാഷയില്‍ അദ്ദേഹം സര്‍വരെയും വെല്ലുവിളിക്കുന്നത്. പക്ഷെ, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ചെറിയ ഭൂരിപക്ഷമുണ്ടെങ്കിലും അധോസഭയുടെ പ്രമെയം അംഗീകരിച്ച് അദ്ദേഹത്തിന് സെനറ്റിന്റെ വിചാരണയെ നേരിടേണ്ടിവരികതന്നെ ചെയ്യും. സെനറ്റിലെ ചില അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്താല്‍ ചരിത്രത്തില്‍ ആദ്യമായി ഇമ്പീച്ച്‌മെന്റിന്റെ ഫലം അദ്ദേഹത്തിന് അനുഭവിക്കേണ്ടിവരും. തന്റെ വിത്തപ്രതാപത്തിലൂടെ അതിന് തടയിടാനായെന്ന് വരില്ല. അതിന്റെ പേടിയാണ് അദ്ദേഹത്തിന്റെ ഉദ്ദണ്ഡസഭയില്‍ പ്രതിഫലിക്കുന്നത്.