June 11, 2023 Sunday

ഇസ്രയേല്‍ കലുഷിതം; പ്രധാനമന്ത്രിക്കെതിരെ പ്രസിഡന്റ്

സുപ്രീം കോടതിയുടെ അധികാര പരിധി നിയമത്തെ എതിര്‍ത്ത പ്രതിരോധ മന്ത്രി പുറത്ത്
web desk
ജറുസലേം
March 27, 2023 9:54 pm

സുപ്രീം കോടതിയുടെ അധികാര പരിധി പരിമിതപ്പെടുത്താനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തെ എതിര്‍ത്ത് പ്രസിഡന്റ്. നിയമം പിന്‍വലിക്കണമെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എതിർപ്പ് അറിയിച്ചതോടെ ഗാലന്റിനെ തനിക്ക് വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി നെതന്യാഹു അദ്ദേഹത്തെ പുറത്താക്കി. ഇതേത്തുടർന്ന് ഇസ്രയേലിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധത്തിന് പിന്നാലെയാണ് നിയമപരിഷ്കരണം ഉപേക്ഷിക്കണമെന്ന് ഇസ്രയേൽ പ്രസിഡന്റ് സർക്കാരിനോട് ആവശ്യപ്പെട്ടത്. രാജ്യത്ത് നടക്കുന്ന ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നിയമ പരിഷ്കരണം പിന്‍വലിക്കണമെന്ന് പ്രസി‍ഡന്റ് ഐസക്ക് ഹെര്‍സോഗ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഇസ്രയേൽ ജനതയുടെ ഐക്യത്തിനും അവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനുമായി നിയമം പാസാക്കുന്ന പ്രക്രിയ ഉടൻ നിർത്തിവയ്ക്കണമെന്ന് ഹെർസോഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഞാൻ പ്രധാനമന്ത്രിയെയും സർക്കാരിനെയും അഭിസംയോധന ചെയ്താണ് സംസാരിക്കുന്നത്. എല്ലാ ഇസ്രയേൽ ജനങ്ങളുടെയും മുഴുവൻ ജൂതസമൂഹത്തിന്റെയും ആകെമൊത്തം ലോകത്തിന്റെയും നോട്ടം നിങ്ങളിലേക്കാണ്. തിരികെ ബോധത്തിലേക്ക് വരൂ. ഇതൊരു രാഷ്ട്രീയ വിഷയമല്ല, ഉത്തരവാദിത്തത്തിന്റെയും നേതൃത്വത്തിന്റെയും വിഷയമാണെന്ന് ഹെർസോഗ് ട്വിറ്ററിൽ കുറിച്ചു.

ഇസ്രയേൽ നഗരമായ ടെൽ അവീവിൽ ദേശീയ പതാക വീശിയും റോഡിന്റെ മധ്യഭാഗത്ത് തീയിട്ടുമെല്ലാം ആളുകൾ പ്രതിഷേധിച്ചു. ബീർഷെബ, ഹൈഫ, ജറുസലേം എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരുമായി പൊലീസ് ഏറ്റുമുട്ടുകയും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്കും മാർച്ച് നടത്തി.

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് പുതിയ നിയമം എന്നായിരുന്നു പ്രതിരോധ മന്ത്രി ഗാലന്റിന്റെ പക്ഷം. പരിഷ്കാരം സമൂഹത്തിൽ വിടവുണ്ടാക്കിയെന്നും സൈന്യത്തിലും സുരക്ഷാ ഏജൻസികളിലും വരെ അത് പ്രതിഫലിക്കുന്നുവെന്നും ഗാലന്റ് പറഞ്ഞിരുന്നു. ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന, പ്രതിരോധ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ അവഗണിക്കുന്ന സയണിസ്റ്റ് വിരുദ്ധ സർക്കാരിന്റെ മറ്റൊരു പഠനമാണ് ഗാലന്റിന്റെ പിരിച്ചുവിടലെന്ന് പ്രതിപക്ഷ നേതാവ് യെയിർ ലാപിഡ് പറഞ്ഞിരുന്നു.

എന്നാല്‍ എതിര്‍പ്പുകളെ അവഗണിച്ച് നിയമം നടപ്പിലാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് നെതന്യാഹു. ജുഡീഷ്യറിയുടെ അധികാരങ്ങൾക്ക് മുകളിൽ പാർലമെന്റിന് നിയന്ത്രണം നൽകുന്നതിന്റെ ഭാഗമായുള്ള ഒരു നിയമം ഈ ആഴ്ച നെസറ്റിൽ അവതരിപ്പിക്കും. ജുഡീഷ്യൽ നിയമനങ്ങൾ നടത്തുന്ന കമ്മിറ്റിയിൽ ഭരണസഖ്യത്തിന് കൂടുതൽ പ്രാതിനിധ്യം നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. തുടർന്നുള്ള ആഴ്ചകളിൽ സുപ്രീം കോടതി വിധികളെ മറികടക്കാനുള്ള നിയമങ്ങളും നെസറ്റിൽ അവതരിപ്പിച്ചേക്കും.

 

Eng­lish Sam­mury: opposed the Supreme Court’s juris­dic­tion­al law; Israel defense min­is­ter is out

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.