13 April 2024, Saturday

Related news

March 3, 2024
September 30, 2022
August 17, 2022
July 21, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 12, 2022
June 27, 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

Janayugom Webdesk
July 18, 2022 7:00 am

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ഇന്ന് വോട്ടെടുപ്പ്. എംപിമാരും എംഎല്‍എമാരുമുള്‍പ്പെടുന്ന ഇലക്ട്രല്‍ കോളജാണ് വോട്ട് ചെയ്യുക. പ്രതിപക്ഷത്തിന്റെ യശ്വന്ത് സിന്‍ഹയും എന്‍ഡിഎയുടെ ദ്രൗപദി മുര്‍മുവുമാണ് സ്ഥാനാര്‍ത്ഥികള്‍. 21ന് ഡല്‍ഹിയിലാണ് വോട്ടുകള്‍ എണ്ണുക. 25ന് പുതിയ രാഷ്ട്രപതി അധികാരമേറ്റെടുക്കും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി 24ന് അവസാനിക്കും. 60 ശതമാനം പേര്‍ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുന്നതായി എന്‍ഡിഎ അവകാശപ്പെടുന്നു. 10,86,431ല്‍ 6.61 ലക്ഷം വോട്ട് മുര്‍മുവിന് ലഭിക്കുമെന്ന് ബിജെപി കരുതുന്നു. യശ്വന്ത് സിന്‍ഹയ്ക്ക് 4.19 ലക്ഷം വോട്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

എന്‍ഡിഎയ്ക്ക് ഇലക്ട്രല്‍ കോളജിന്റെ ഭൂരിപക്ഷം ഉറപ്പാക്കാന്‍ 9,000 വോട്ടിന്റെ കുറവ് മാത്രമാണുള്ളത്. ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലി ദള്‍, ടിഡിപി, ശിവസേന എന്നിവരെല്ലാം മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ഗോത്രവിഭാഗക്കാരിയും രണ്ടാമത്തെ വനിതയുമാകും ദ്രൗപദി മുര്‍മു. പച്ച, നീല നിറങ്ങളിലെ ബാലറ്റ് പേപ്പറാണ് വോട്ടിങ്ങിന് ഉപയോഗിക്കുന്നത്. എംപിമാര്‍ക്ക് പച്ചയും എംഎല്‍എമാര്‍ക്ക് നീലയുമാണ് നല്‍കുക. ജമ്മു കശ്മീര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് 700 മുതല്‍ 708വരെയാണ് എംപിമാരുടെ വോട്ട് മൂല്യം.

സംസ്ഥാനങ്ങളുടെ വലിപ്പം അനുസരിച്ച് എംഎല്‍എമാരുടെ വോട്ട് മൂല്യം വ്യത്യാസപ്പെടും. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 208 പേര്‍. ഇതില്‍ അഞ്ച് എംഎല്‍എമാര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ സംസ്ഥാനത്തിന് പുറത്താണ് വോട്ട് രേഖപ്പെടുത്തുന്നതെന്ന് വരണാധികാരി ബ്രിജ് ഭൂഷണ്‍ ദുബെ പറഞ്ഞു. ഒരാള്‍ തിരുവനന്തപുരത്തും നാല് പേര്‍ ഡല്‍ഹിയിലുമാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും കുറവ് വോട്ടുള്ളത് സിക്കിമിലാണ്. ഏഴുപേര്‍.

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടം

ഭരണഘടനാ, ജനാധിപത്യ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണിതെന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ പറഞ്ഞു. രണ്ട് ആശയങ്ങള്‍ തമ്മിലാണ് ഇവിടെ ഏറ്റുമുട്ടുന്നതെന്നും ഒരു രാജ്യം, ഒരു പാര്‍ട്ടി, ഒരു പരമോന്നത നേതാവ് എന്ന ദുരാചാരം ഇന്ത്യയില്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Presidential elec­tion today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.