മറൈന്‍ ഡ്രൈവില്‍ പാരമ്പര്യത്തനിമയോടെ അന്താരാഷ്ട്ര പ്രദര്‍ശന നഗരി

Web Desk
Posted on June 18, 2019, 6:30 pm
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ വികസനമെന്ന കാഴ്ചപ്പാടില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ പാരമ്പര്യത്തനിമയോടെ അന്താരാഷ്ട്ര പ്രദര്‍ശന നഗരിയുമായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്.  പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം വ്യാഴം വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറൈന്‍ ഡ്രൈവ് പദ്ധതിയുടെ ഇഒഐ, ഡിജിറ്റല്‍ പ്രസന്റേഷന്‍ എന്നിവ ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക് പ്രകാശനം ചെയ്യും. റവന്യൂമന്ത്രി  ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ്  ഇപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 17.9 ഏക്കര്‍ വിസ്തൃതിയുള്ള ഭൂപ്രദേശത്ത് 3105 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍, ഇന്റര്‍നാഷണനല്‍ ട്രേഡ് ഫെയര്‍, കേരള ഡിസൈന്‍ ഫെസ്റ്റിവല്‍, മോട്ടോര്‍ ഷോ, കണ്‍വെന്‍ഷനുകള്‍, മേളകള്‍ എന്നിവയ്ക്കായി അന്താരാഷ്ട്ര നിലവാരത്തില്‍ ഹരിതചട്ടം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥിരം വേദികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ അനുഷ്ഠാന കലകള്‍, തനതു നാടന്‍ കലകള്‍, സംസ്‌കാരം, ചരിത്രം എന്നിവ ഉള്‍ക്കൊള്ളിച്ചു കള്‍ച്ചറല്‍ ലിവിങ് മ്യൂസിയം, പൈതൃകഗ്രാമം എന്നിവയും ഈ പദ്ധതിയുടെ പ്രത്യേക ആകര്‍ഷണമാണ്.
പദ്ധതി പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ചിട്ടുണ്ട്. പ്രദര്‍ശന വേദികള്‍, സ്റ്റാളുകള്‍, റസ്റ്റാറന്റ്, ഓപ്പണ്‍ തിയേറ്റര്‍ എന്നിവയുള്‍പ്പെട്ട എക്‌സിബിഷന്‍ സോണ്‍, കളിസ്ഥലം, പാര്‍ക്ക്, വിശ്രമ കേന്ദ്രങ്ങള്‍, ഭക്ഷണശാലകള്‍ എന്നിവ അടങ്ങുന്ന ടൂറിസം സോണ്‍, പൊതുപരിപാടികള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവയാക്കായി കണ്‍വെന്‍ഷന്‍ സോണ്‍, വിവാഹ ചടങ്ങുകള്‍ പോലുള്ളവ നടത്താനായി ഇവന്റ്‌സ് സോണ്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവ ഉള്‍പ്പെട്ട ഓഫീസ് സോണ്‍ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. സ്വകാര്യ പൊതു മേഖലാ പങ്കാളിത്തത്തിലൂടെ ധനസമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
കെട്ടിടനിര്‍മ്മാണ മേഖലയില്‍ കാലത്തിനനുസൃതമായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വരുത്തിയ മാറ്റങ്ങള്‍ക്ക് ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റം ഐഎസ് ഒ 9001: 2015, എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് സിസ്റ്റം ഐഎസ് ഒ 14001:2015 എന്നീ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ മാര്‍ഗരേഖയിലൂടെ അന്താരാഷ്ട്ര നിലവാരത്തില്‍ നടപ്പിലാക്കുന്നതിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ്, സെക്രട്ടറി ബി അബ്ദുള്‍ നാസര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.