വിദ്യാഭ്യാസ രംഗത്തെ നയസമീപനങ്ങൾ കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കുന്നു

Web Desk
Posted on December 05, 2018, 10:50 pm

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസചട്ടങ്ങളിലെ ഭേദഗതികളും ഈ രംഗത്തെ നയസമീപനങ്ങളും കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസമേഖലയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യവകാശദിനമായ പത്തിന് ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ക്കു മുമ്പില്‍ ധര്‍ണ നടത്തും. അടുത്ത ഘട്ടമായി ജനുവരി മൂന്നാം വാരത്തില്‍ ആയിരക്കണക്കിന് അധ്യാപകും മാനേജര്‍മാരും സെക്രട്ടറിയേറ്റിലേക്കു മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം  പറഞ്ഞു.
2016 ഡിസംബറിലെ കേരള വിദ്യാഭ്യാസചട്ട ഭേദഗതികള്‍ പ്രകാരം 1979നു മുമ്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളില്‍ 50 ശതമാനം നിയമനങ്ങളും 1979നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ മുഴുവന്‍ നിയമനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.  വിവിധ കോര്‍പറേറ്റ് മാനേജുമെന്റുകള്‍, അധികം വരുന്ന തങ്ങളുടെ അധ്യാപകരെ അതേ മാനേജുമെന്റിനു കീഴിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് മാറ്റി നിയമിക്കുകയാണ്. ഇതുമൂലം സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍ ഭരണഘടനയുടെ 301 അനുച്ഛേദമനുസരിച്ചുള്ള മത, ഭാഷാ, ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങളുടെ ധ്വംസനമാണ്. ഇക്കാര്യം നിരവധി തവണ നിവേദനങ്ങളിലൂടെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുള്ളതാണ്. ഇതുമൂലം 2016–17 മുതല്‍ നിയമിതരായിട്ടുള്ള ആയിരക്കണക്കിന് അധ്യാപകരുടെ നിയമനങ്ങള്‍ തടസ്സപ്പെടുത്തിയിരിക്കുന്നു. അതുപോലെ ശമ്പളം വാങ്ങിക്കൊണ്ടിരുന്ന അധ്യാപകരുടെ സ്ഥലം മാറ്റം അംഗീകരിക്കാതെ ശമ്പളം തടഞ്ഞിരിക്കുന്നു.ഹയര്‍സെക്കന്‍ഡറി മേഖലയില്‍ 2014–15 ല്‍ അനുവദിച്ചിട്ടുള്ള ബാച്ചുകളില്‍ തസ്തിക നിര്‍ണയം ഇനിയും നടത്തിയിട്ടില്ല. ഇതുമൂലം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി സ്ഥിരം അധ്യാപകരെ നിയമിച്ചിട്ടില്ല. താത്കാലിക അധ്യാപകര്‍ക്കു ശമ്പളം കിട്ടുന്നില്ല. ഇതു മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ ഏകീകരണ നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. വിദ്യാഭ്യാസമേഖലയിലെ ഈ കേന്ദ്രീകരണ നടപടി വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പു വരുത്തുക എന്ന ആശയത്തിന് വിരുദ്ധമാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.ഹ്രസ്വകാല അവധി ഒഴിവുകളിലെ സര്‍വീസുകള്‍ 2016 ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷനു പരിഗണിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 1968 മുതല്‍ നിലനിന്നിരുന്ന ആനുകൂല്യങ്ങളുടെ നിഷേധമാണെന്നും മാര്‍ ആന്‍ഡ്രൂസ താഴത്ത് ചൂണ്ടിക്കാട്ടി. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി  ഫാ. ജോസ് കരിവേലിക്കല്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് സാലു പതാലില്‍, സെക്രട്ടറി ജോഷി വടക്കന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.