സ്മാര്‍ട്‌സിറ്റിയില്‍ പ്രസ്റ്റിജ് ഐടി ടവറിന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു

Web Desk
Posted on June 13, 2018, 6:43 pm
സ്മാര്‍ട്‌സിറ്റിയില്‍ പ്രസ്റ്റിജ് സൈബര്‍ ഗ്രീന്‍1 ഐടി ടവറിന്റെ പൈലിങ് ജോലികള്‍ പുരോഗമിക്കുന്നു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഐടി സമുച്ചയങ്ങള്‍ വികസിപ്പിച്ചിട്ടുള്ള പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനി പ്രസ്റ്റിജ് ഗ്രൂപ്പിന്റെ കൊച്ചി സ്മാര്‍ട്‌സിറ്റിയിലെ ഐടി സമുച്ചയം പ്രസ്റ്റിജ് സൈബര്‍ ഗ്രീന്‍1 ന്‍റെ പൈലിംഗ് ജോലികള്‍ ആരംഭിച്ചു. സ്മാര്‍ട്‌സിറ്റിയില്‍ 4.61 ഏക്കറിലാണ് സൈബര്‍ ഗ്രീന്‍1 ഉയരുന്നത്. 8,77,630 ച അടി ബില്‍റ്റ്അപ്പ് ഏരിയയുള്ള സമുച്ചയത്തില്‍ 5,39,800 ച.അടി സ്ഥലം ഓഫീസുകള്‍ക്ക് ലീസിന് നല്‍കും.

പ്രസ്റ്റിജ് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഐടി പദ്ധതിയായ പ്രസ്റ്റിജ് സൈബര്‍ ഗ്രീന്‍1 ല്‍ ലോകോത്തര സൗകര്യങ്ങളൊരുക്കി ഐടി രംഗത്തെ ഭീമന്മാരെ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസ്റ്റിജ് കേരള സീനിയര്‍ വൈസ് പ്രസിഡന്റ് തങ്കച്ചന്‍ തോമസ് പറഞ്ഞു. ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് കേരളവും പ്രത്യേകിച്ച് സ്മാര്‍ട്‌സിറ്റി വന്‍ സാധ്യതകളാണ് തുറന്നിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൈലിംഗ് ജോലികള്‍ നാല് മാസത്തിനുള്ളിലും ടവറിന്റെ നിര്‍മാണം രണ്ട് വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രീന്‍ ബില്‍ഡിങ് ആശയത്തില്‍ ആര്‍എസ്പി ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സാണ് പദ്ധതി ഡിസൈന്‍ ചെയ്തിരിക്കുന്നത്. രണ്ട് ടവറുകളില്‍ ഗ്രൗണ്ട് ഫ്‌ളോറിന് പുറമേ ഏഴ് നിലകളാണ് ഉണ്ടാകുക. ബേസ്‌മെന്റിലാണ് കാര്‍ പാര്‍ക്കിങ് സൗകര്യം ഒരുക്കുക. 4 ഐടി സ്‌പേസുകള്‍ക്കായി 54,000 ച.അടി കാര്‍പെറ്റ് ഏരിയയാണ് ഓരോ നിലയിലും ഉണ്ടാവുക. പ്രസ്റ്റിജ് സൈബര്‍ ഗ്രീന്‍1ല്‍ 5500 ജീവനക്കാരെ ഉള്‍കൊള്ളാനാകും.

സ്മാര്‍ട്‌സിറ്റിയില്‍ മൊത്തം 8 ഏക്കര്‍ സ്ഥലമാണ് പ്രസ്റ്റിജ് ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ 12 ലക്ഷം ച.അടി ബില്‍റ്റ് അപ് ഏരിയ കമ്പനി വികസിപ്പിക്കും. കമ്പനിയുടെ രണ്ടാം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാല് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. 4 ഏക്കറില്‍ വരുന്ന രണ്ടാം പദ്ധതിയില്‍ 6.21 ലക്ഷം ച.അടി ബില്‍റ്റ്അപ്പ് ഏരിയയുണ്ടാകും. രണ്ട് പദ്ധതികള്‍ക്കുമായി 300 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. നിലവില്‍ ബംഗലൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഐടി ടവറുകളുള്ള കമ്പനിക്ക് ജേപി മോര്‍ഗന്‍ ചേസ്, ഒറാക്ക്ള്‍, നോക്കിയ, എയര്‍ടെല്‍ ഉള്‍പ്പെടെ വന്‍കിട കമ്പനികള്‍ ക്ലയന്റുകളായുണ്ട്.

സ്മാര്‍ട്‌സിറ്റിയില്‍ കോഡെവലപ്പര്‍മാരുടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പദ്ധതികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും 2021ഓടെ 6 ദശലക്ഷം ച.അടി ഐടി സ്‌പേസ് എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണെന്നും കൊച്ചി സ്മാര്‍ട്‌സിറ്റി സിഇഒ മനോജ് നായര്‍ പറഞ്ഞു.