Web Desk

കൊച്ചി

October 28, 2020, 1:55 pm

അനധികൃത വില്‍പന തടയുന്നത് രാജ്യ വികസനം സുഗമാക്കുന്നതില്‍ നിര്‍ണായകം; മന്ത്രി പി തിലോത്തമന്‍

Janayugom Online

ഉപഭോക്താക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയും അനധികൃത വിപണി പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറക്കുകയും ചെയ്യുന്നത് രാജ്യത്ത് വികസനോന്‍മുഖ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തില്‍ ഏറെ നിര്‍ണായകമാണെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്തും അതിനു ശേഷവും വ്യാജ, കള്ളക്കടത്തു വസ്തുക്കള്‍ തടയുന്നതിനെ കുറിച്ച് കള്ളക്കടത്തും വ്യാജ ഉല്‍പന്നങ്ങളും തടയുന്നതിനു വേണ്ടിയുള്ള ഫിക്കിയുടെ സമിതി (ഫിക്കി കാസ്‌ക്കേഡ്) സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വ്യാജ, കള്ളക്കടത്ത് ഉല്‍പന്നങ്ങളെ കുറിച്ചുള്ള ഉപഭോക്തൃ അവബോധം വളരെ കുറവാണെന്നും തങ്ങള്‍ അത്തരത്തിലുളള ഉല്‍പന്നങ്ങളാണു വാങ്ങുന്നതെന്ന് അറിയാതെയാണ് പല ഉപഭോക്താക്കളും അതു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പലര്‍ക്കും അവയുടെ പരിണിത ഫലങ്ങളെ കുറിച്ച് അറിവുമില്ല. ഉപഭോക്തൃ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും സര്‍ക്കാര്‍ പ്രാധാന്യത്തോടെയാണു കാണുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കാന്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികളുണ്ടെങ്കിലും കേരളത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ വന്‍ തോതിലുള്ള വ്യാജ മദ്യം, വ്യാജ സാനിറ്റൈസര്‍ ഉല്‍പന്നങഅങള്‍, സ്വര്‍ണം, പുകയില തുടങ്ങിയവയാണ് പിടികൂടിയതെന്ന് ഫിക്കി കാസ്‌കേഡ് ചെയര്‍മാന്‍ അനില്‍ രാജ്പുത്ത് ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കാന്‍ മികച്ച അവസരമാണ് ഇപ്പോഴുള്ളത്. ഇന്ത്യയ്ക്ക് മികച്ച ഭാവി കൈവരിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ നിയമ വിരുദ്ധ വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് വെബിനാറിനു തുടക്കം കുറിച്ചു കൊണ്ട് ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ കോ ചെയര്‍ കൂടിയായ കിംസ് മാനേജിങ് ഡയറക്ടര്‍ എംഐ സഹാദുള്ള പറഞ്ഞു. കേരളാ പോലിസിന്റെ കാഴ്ചപ്പാടുകള്‍ കേരളാ പോലിസ് ക്രൈം വിഭാഗം ഐജി എസ് ശ്രീജിത്ത് പങ്കു വെച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ കസ്റ്റംസ് വിഭാഗത്തിന്റെ കാഴ്ചപ്പാടുകള്‍ കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, പ്രിവന്റീവ് സുമിത്ത് കുമാര്‍ പങ്കു വെച്ചു.

വ്യവസായ രംഗത്തും ജനങ്ങള്‍ക്കിടയിലും വന്‍ തോതില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തേണ്ടതിന്റെ ആവശ്യകത നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കള്ളക്കടത്തും വ്യാജ ഉല്‍പന്നങ്ങളും തടയാന്‍ സംയോജിത സംവിധാനങ്ങള്‍ വേണമെന്നും ചൂണ്ടിക്കാട്ടി. അനധികൃത ഇടപാടുകള്‍ തടയാന്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനെ കുറിച്ചും വിവരിച്ചു. 

ഫിക്കി കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയറും ലഞ്ച്മാന്‍ഡാസ് ആന്റ് സണ്‍സ് മാനേജിങ് പാര്‍ട്ട്ണറുമായ ദീപക് എല്‍ അശ്വനി, വികെസി ഗ്രൂപ് എംഡി വി നൗഷാദ്, മദേഴ്‌സ് അഗ്രോ ഫൂഡ്‌സ് എംഡി വര്‍ക്കി പീറ്റര്‍, കെഎല്‍എഫ് നിര്‍മല്‍ എംഡി പോള്‍ ഫ്രാന്‍സിസ്, മലബാര്‍ ഗോള്‍ഡ് ബുള്ള്യന്‍ ആന്റ് ട്രഷറി മേധാവി ദിലീപ് നാരായണന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഉപഭോക്തൃ സംരക്ഷണത്തെ കുറിച്ചും വ്യാജ ഉല്‍പന്നങ്ങള്‍ ചെറുക്കുന്നതിനെ കുറിച്ചും വിശദമായി പ്രതിപാദിച്ചു. ഈ മേഖലയില്‍ ബോധവല്‍ക്കരണത്തിനായി ഫിക്കി കാസ്‌കേഡും സര്‍ക്കാരും വന്‍ തോതിലുള്ള നീക്കങ്ങളാണ് നടത്തി വരുന്നത്.

ENGLISH SUMMARY:Preventing ille­gal sales is cru­cial in facil­i­tat­ing the devel­op­ment of the country
You may also like this video