പൊതുവിതരണ മേഖലയില്‍ വിലക്കയറ്റമില്ലാതാക്കി: മന്ത്രി പി തിലോത്തമന്

ശൂരനാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ പൊതുവിതരണ മേഖലയില്‍ വില വര്‍ദ്ധനവ് ഇല്ലാതാക്കിയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി പി തിലോത്തമന് പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 2018-19 സാമ്പത്തിക വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ തറക്കല്ലിടീല്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിതരണ സംവിധാനത്തില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കു കൂടി വിലക്കയറ്റമില്ലാതെ നിര്‍ത്തും.
രണ്ടു വര്‍ഷക്കാലം കൊണ്ട് ഒട്ടേറെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി വലിയ തുക മാറ്റിവയ്ക്കാന്‍ കഴിഞ്ഞതും, പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞതും, കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ രോഗീ സൗഹൃദ കേന്ദ്രങ്ങളാക്കാന്‍ കഴിഞ്ഞതും എടുത്തുപറയത്തക്ക നേട്ടങ്ങളാണ്. ജനോപകാരപ്രദമായ നടപടികളിലൂടെ സാധാരണ ജനങ്ങളുടെ തണലാകാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സുമ ടീച്ചര്‍ സ്വാഗതം ആശംസിച്ചു. താലൂക്കിലെ മികച്ച പ്രകടനം നടത്തിയ ഗ്രാമ പഞായത്തുകള്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി ഉപഹാരങ്ങള്‍ നല്കി. എസ് ശിവന്‍പിള്ള, അക്കരയില്‍ ഹുസൈന്, മുബീന ടീച്ചര്‍, കലാദേവി, അബ്ദുള്‍ ലത്തീഫ്, തോമസ് വൈദ്യന്, കൃഷ്ണകുമാരി, താരാഭായി വിവിധ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മികച്ച കൃഷി അസി ഡയറക്ടര്‍ ഹരികുമാര്‍, ബ്ലോക്ക് പഞ്ചായത്തും സൂചിത്വ മിഷനും ചേര്‍ന്നൊരുക്കിയ ഡോക്യുമെന്ററി സംവിധാനം നിര്‍വഹിച്ച ഗിരീഷ് കല്ലട, ബിഡിഒ അബ്ദുള്‍ സലാം എന്നിവരെ ആദരിച്ചു.