25 April 2024, Thursday

Related news

February 9, 2024
February 6, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023
December 21, 2023
December 20, 2023

വിലക്കയറ്റം: ആഞ്ഞടിച്ച് പ്രതിപക്ഷം

Janayugom Webdesk
ന്യൂഡൽഹി
August 1, 2022 11:26 pm

ലോക്‌സഭയിൽ വിലക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയില്‍ കോവിഡിനെയും റഷ്യ‑ഉക്രെയ്ൻ യുദ്ധത്തെയും മറയാക്കി ഒളിച്ചോടാനുള്ള കേന്ദ്ര നീക്കം പൊളിഞ്ഞു. എന്നാല്‍ നോട്ട് നിരോധനത്തിലൂടെയും തെറ്റായ രീതിയില്‍ ജിഎസ്‌ടി നടപ്പാക്കിയതിലൂടെയും ബിജെപി സർക്കാർ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
കോവിഡ് രണ്ടാം തരംഗം, ഉക്രെയ്‍ന്‍ പ്രതിസന്ധി എന്നിവയുണ്ടായിട്ടും പണപ്പെരുപ്പം ഏഴ് ശതമാനമായി നിലനിർത്താന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമൻ അവകാശപ്പെട്ടു. രാജ്യം മാന്ദ്യത്തിലേക്കോ സ്തംഭനാവസ്ഥയിലോ പോകാനുള്ള സാധ്യതയില്ലെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് മന്ത്രി വാദിച്ചു. പുതിയ ജിഎസ്‌ടി വർധനയിലൂടെ സർക്കാർ സ്വന്തം ബജറ്റ് ശക്തിപ്പെടുത്തിയപ്പോള്‍ 25 കോടി ജനങ്ങളുടെ ബജറ്റ് നശിപ്പിച്ചുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കോൺഗ്രസ് സര്‍ക്കാര്‍ വാങ്ങിയ ഇന്ധന ബോണ്ടുകൾ മൂലമാണ് ഇന്ധന വില ഉയരുന്നതെന്ന കേന്ദ്രത്തിന്റെ വാദത്തെ ബിജെഡിയുടെ പിനാകി മിശ്ര ഖണ്ഡിച്ചു. ‘ഇന്ധന നികുതിയായി കേന്ദ്രം 27.27 ലക്ഷം കോടിയാണ് പിരിച്ചെടുത്തത്. ഇന്ധന ബോണ്ടുകൾക്കായി നല്കിയത് 93,600 കോടി മാത്രമാണ്. വെറും 3.4 ശതമാനം-ശര്‍മ പറഞ്ഞു.
മനീഷ് തിവാരിയാണ് വിലക്കയറ്റ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ എന്‍ഡിഎ സഖ്യകക്ഷികള്‍ പോലും പണപ്പെരുപ്പം തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. 10 ദിവസം സഭാ നടപടികള്‍ തടസപ്പെട്ടതിനു ശേഷമാണ് വിഷയം ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറായത്. 

എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ പ്രതിഷേധത്തില്‍ രാജ്യസഭയും ലോക്‌സഭയും രണ്ടുവരെ നിര്‍ത്തി വച്ചു.
എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തിലാണ് ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തിവച്ചത്. തുടര്‍ന്നു സമ്മേളിച്ച സഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ സമവായം രൂപപ്പെട്ടതോടെ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനുള്ള പ്രമേയം പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി സഭയില്‍ അവതരിപ്പിച്ചു. ഇതിനു സഭ അംഗീകാരം നല്‍കിയതോടെ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. തുടര്‍ന്ന് ലോക്‌സഭയില്‍ വിലക്കയറ്റ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.
രാജ്യസഭ സമ്മേളിച്ചയുടന്‍ ശിവസേന അംഗങ്ങള്‍ സഞ്ജയ് റാവത്തിന്റെ ഇഡി അറസ്റ്റില്‍ പ്രതിഷേധിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് ആദ്യം 12 വരെയും പിന്നീട് രണ്ടുവരെയും നിര്‍ത്തിവച്ചു. വിലക്കയറ്റം രാജ്യസഭ ഇന്ന് ചര്‍ച്ചയ്‌ക്കെടുക്കും. മാരകശേഷിയുള്ള ആയുധങ്ങളുടെ ഫണ്ടിങ്, വിതരണം എന്നിവ നിരോധിക്കുന്നതിനും അവയുടെ അനധികൃത ഉപയോഗം തടയുന്നതിനുള്ള ബില്‍ ഇന്നലെ രാജ്യസഭ പാസാക്കി. ബില്ലിന് ലോക്‌സഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്ലും ശബ്ദവോട്ടോടെ പാസാക്കി. ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇടതു എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 

Eng­lish Sum­ma­ry: Price hike: Oppo­si­tion in shock

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.