June 11, 2023 Sunday

വിപണിയില്‍ വിലക്കയറ്റം: ഭക്ഷ്യധാന്യങ്ങള്‍ക്ക് ഒരു വര്‍ഷത്തിനിടെ 17 ശതമാനം വിലവര്‍ധന

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2023 10:57 pm

രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലനിലവാരം കുതിച്ചുയരുന്നു. മറുവശത്ത് ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാതെ കര്‍ഷകര്‍ നട്ടം തിരിയുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ വില നിലവാര സൂചിക പ്രകാരം രാജ്യത്ത് ഭക്ഷ്യധാന്യങ്ങളുടെ വില ക്രമാതീതമായി ഉയരുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 17 ശതമാനം വര്‍ധനവാണ് ഭക്ഷ്യധാന്യ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വിലത്തകര്‍ച്ച കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തി. ഗോതമ്പിമ്പിന്റെ വില കൂപ്പ് കുത്തിയത് കര്‍ഷകരെ ദോഷകരമായി ബാധിച്ചു. എന്നാല്‍ പൊതു വിപണിയില്‍ ഗോതമ്പ് വില ഉയര്‍ന്നു നില്‍ക്കുകയാണ്. പാലിന്റെയും അനുബന്ധ ഉല്പന്നങ്ങളുടെ വില 10 ശതമാനവും സുഗന്ധവ്യജ്ഞന മേഖലയില്‍ 20 ശതമാനം വര്‍ധനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പച്ചക്കറി, മുട്ട, മാംസം എന്നിവയുടെ വിലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്യമായ വിലക്കയറ്റം ദൃശ്യമല്ലെങ്കിലും വിപണിയില്‍ ചാഞ്ചാട്ടം ഉണ്ടാകുന്നുണ്ട്. 

ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്ന വിധത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അരിയുടെ വിലയില്‍ 12 ശതമാനവും ഗോതമ്പ് വിലയില്‍ 15 ശതമാനവും വര്‍ധനവാണ് ഉണ്ടായത്. കേന്ദ്ര ഉപഭോക്തൃകാര്യ മാന്ത്രാലയം പുറത്തിറക്കിയ കണക്ക് പ്രകാരം പൊതുവിപണിയില്‍ ഏഴ് ശതമാനം വര്‍ധനവ് ഉണ്ടായി.
ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തതിന്റെ ഫലമായി സംഭരണത്തില്‍ വന്ന പാളിച്ചയാണ് ഗോതമ്പ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. പൊതുവിതരണം രംഗത്ത് ഉണ്ടായ പാളിച്ചയും ഗോതമ്പിനു പകരം അരിയും ബജ്റയും പ്രോത്സാഹിപ്പിച്ച കേന്ദ്ര നിലപാടും വിലക്കയറ്റത്തിനു ആക്കം കൂട്ടി. 

പി എം ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം ഒരു കുടുംബത്തിന് അഞ്ച് കിലോ വീതം ഗോതമ്പ് നല്‍കിയത് മുതലെടുത്ത് വ്യാപാരികള്‍ പൂഴ്ത്തിവയ്പ് നടത്തിയതും ബിസ്കറ്റ് നിര്‍മ്മാതാക്കാള്‍ ഗോതമ്പ് സംഭരിച്ചതും വിലക്കയറ്റത്തിനു വേഗത വര്‍ധിപ്പിച്ചു. രാജ്യത്തെ ഉളളി, ഉരുളക്കിഴങ്ങ് ഉല്പാദകര്‍ കനത്ത വിലത്തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. ഏറ്റവുമധികം ഉളളിയും ഉരുളക്കിഴങ്ങും ഉല്പാദിപ്പിക്കുന്ന ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ന്യായവിലയായി 650 രൂപ നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുകയാണ്.
മഹാരാഷ്ട്രയില്‍ ഉളളി കര്‍ഷകര്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയിരുന്നു. തമിഴ‌്നാട്ടിലെ ക്ഷീര കര്‍ഷകരും പാല്‍ വില വര്‍ധനവിനായി സമരമുഖത്താണ്.
2022–23 സാമ്പത്തിക വര്‍ഷം ഉള്ളിയുടെയും ഉരുളക്കിഴങ്ങിന്റെയും വിലയില്‍ 28 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2022 ല്‍ ഒരു ക്വിന്റല്‍ ഉരുളക്കിഴങ്ങ് 1289 രൂപയ്ക്ക് വിറ്റിരുന്നത് ഇപ്പോള്‍ ക്വിന്റലിന് 923 രൂപയായി താഴ്ന്നു. ക്വിന്റലിന് 1998 രൂപയ്ക്ക് വില്പന നടത്തിയ ഉളളിയുടെ വില 1438 ആയി കുറഞ്ഞു. എന്നാല്‍ പൊതു വിപണിയില്‍ വില കുറഞ്ഞതുമില്ല. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കാത്ത സാഹചര്യവും പൊതു വിപണിയില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുണ്ടായ വിലക്കയറ്റവും ജനജീവിതം ദുസഹമാക്കുകയാണ്. 

Eng­lish Sum­ma­ry: Price rise in the mar­ket: 17 per­cent increase in prices of food­grains in one year

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.