Monday
18 Feb 2019

നികുതി വര്‍ധനവിന് പിന്നില്‍

By: Web Desk | Friday 6 October 2017 1:57 AM IST

ഡോ. കെ എസ് പ്രദീപ്കുമാര്‍

ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളില്‍പ്പെട്ട പാചകവാതകം, ഡീസല്‍, പെട്രോള്‍ എന്നിവയുടെ നികുതി മോഡി സര്‍ക്കാര്‍ ദിനംപ്രതി വര്‍ധിപ്പിക്കുകയാണ്. നികുതി വര്‍ധനയിലൂടെ കിട്ടുന്ന വരുമാനം പാവപ്പെട്ടവര്‍ക്ക് വീടും, ശൗചാലയവും മറ്റ് സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാനും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നത്. എന്നാല്‍ ഈ നികുതി വര്‍ധനവിന്റെ പ്രയോജനം സമൂഹത്തിലെ താഴെതട്ടിലുള്ളവര്‍ക്കല്ല ലഭിക്കുന്നത്. സര്‍ക്കാര്‍ വരുമാനത്തിന്റെ നല്ലൊരു ശതമാനം നികുതിയിളവ്, വായ്പ എഴുതിതള്ളല്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ അതിസമ്പന്നര്‍ക്കാണ് ലഭിക്കുന്നത്.
മോശപ്പെട്ട വായ്പകളെന്നു കണക്കാക്കി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ എഴുതള്ളിയത് ഏകദേശം 2.49 ലക്ഷം കോടി രൂപയാണ്. വന്‍കിട കോര്‍പ്പറേറ്റുകളും, സ്വകാര്യ കമ്പനികളും ആയത് വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരിക്കുന്നത് മോശപ്പെട്ട വായ്പകളുടെ പലിശയിനത്തിലെ വരുമാന നഷ്ടം 1.7 ലക്ഷം കോടി രൂപയാണ്. പന്ത്രണ്ട് അക്കൗണ്ടുകളില്‍ നിന്നു മാത്രം 2.53 ലക്ഷം കോടി രൂപ കുടിശികയായുണ്ട്, ഇതെല്ലാം തന്നെ വന്‍കിട കമ്പനികളുടെ അക്കൗണ്ടാണ്. വലിയതുക വായ്പയായി നല്‍കുന്നത് ബാങ്കുകളുടെ ബോര്‍ഡ് യോഗം കൂടിയാണ്. ഈ ബോര്‍ഡ് യോഗങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെയും, റിസര്‍വ് ബാങ്കിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. ഇവരുടെ താല്‍പര്യപ്രകാരമാണ് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് വലിയ തുക വായ്പയായി നല്‍കുന്നത്. കിട്ടാക്കടമായി എഴുതിതള്ളിയ വായ്പാതുകയുണ്ടായിരുന്നുവെങ്കില്‍ രാജ്യത്തെ ശൗചാലയം ഇല്ലാത്ത കുടുംബങ്ങള്‍ക്ക് മുഴുവനും അത് നിര്‍മിക്കാനുള്ള പണം കണ്ടെത്താന്‍ കഴിയും.
രാജ്യത്തെ അസന്തുലിത വികസനത്തിന്റെ നേര്‍ചിത്രമാണ് ആരോഗ്യമേഖലയുടെ ഇന്നത്തെ സ്ഥിതി. പൊതുജനാരോഗ്യ പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതിന്റെ ഫലമായി സമൂഹത്തിലെ പാവപ്പെട്ടവരുടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2014-ല്‍ 5.2 ദശലക്ഷം പേര്‍ പകര്‍ച്ചവ്യാധിമൂലം മരണമടഞ്ഞു. ഇത് രാജ്യത്തെ മരണസംഖ്യയുടെ 53 ശതമാനം വരും. ആരോഗ്യ അസമത്വംമൂലം 2015-ലെ ഇന്ത്യയുടെ ആരോഗ്യ സൂചിക മൂല്യത്തില്‍ 25 ശതമാനം ഇടിവ് സംഭവിച്ചതായി മനുഷ്യവികസന അസമത്വ സൂചിക സംബന്ധിച്ച യുഎന്‍ഡിപിയുടെ കണക്കുകള്‍ പറയുന്നു. മികച്ച സാമ്പത്തിക വളര്‍ച്ചയുള്ള അവസരത്തില്‍പോലും മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 1.5 ശതമാനമാണ് ആരോഗ്യമേഖലയ്ക്കായി മാറ്റി വച്ചത്. ചികിത്സാ ചെലവിന്റെ 75 ശതമാനം വ്യക്തികള്‍ തന്നെ സ്വന്തമായി കണ്ടെത്തണം. ഇതുമൂലം ദരിദ്ര ജനങ്ങള്‍ക്കു ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ വരുന്നു. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രാണവായു നിഷേധിക്കപ്പെട്ട കുഞ്ഞുങ്ങള്‍ കൂട്ടമരണത്തിന് ഇരയാകുന്നതിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായി. ആരോഗ്യം ഒരു ജനതയുടെ ജന്മാവകാശമാണെന്ന ബോധം കമ്പോള താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി നയങ്ങള്‍ നടപ്പിലാക്കുന്ന മോഡി ഭരണം വിസ്മരിക്കുകയാണ്.
ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പൊതു ചെലവിന്റെ ഗുണം സമൂഹത്തിലെ സമ്പന്നര്‍ക്കാണ് ലഭിക്കുന്നത്. ഇന്ത്യയിലെ 70 ശതമാനം ജനങ്ങള്‍ താമസിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ ആശുപത്രികളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, നിലവാരം കുറഞ്ഞതോ, ഭാഗികമായി പ്രവര്‍ത്തിക്കുന്നതോ, അടഞ്ഞുകിടക്കുന്നതോ ആണ്. ഇന്ന് ആരോഗ്യ-വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് സ്വകാര്യസംരംഭകരാണ്. അവര്‍ ഇതിനെ തങ്ങളുടെ സമ്പത്ത് പെരുപ്പിക്കുന്നതിനുള്ള കച്ചവടചരക്കുകളാക്കി മാറ്റികഴിഞ്ഞിരിക്കുന്നു.
2016-ല്‍ ഇന്ത്യയിലെ ജനസംഖ്യ 132 കോടി കടന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ നല്ലൊരു ശതമാനം സാമ്പത്തികവും, മാനസികവുമായ സഹായം ആവശ്യമുള്ള ദരിദ്രരും, നിരാലംബരുമാണ്. ഇവരെ കൂടാതെ ഭിന്നശേഷിക്കാര്‍, പാര്‍ശ്വവല്‍കൃതര്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങിയവര്‍ ജീവിതം മുന്നോട്ട് നയിക്കാന്‍ സര്‍ക്കാരിന്റെ സഹായവും, ഇടപെടലും ആവശ്യമുള്ളവരാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക സുരക്ഷ വ്യവസ്ഥകള്‍ ഭരണഘടനയുടെ 43-ാം വകുപ്പില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. സമൂഹത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി ഭരണം നടത്തുന്ന സര്‍ക്കാര്‍ അവര്‍ക്കായി നയങ്ങള്‍ ആസൂത്രണം ചെയ്യുകയും ദുര്‍ബല വിഭാഗങ്ങള്‍ക്കായി സാമൂഹിക സുരക്ഷാപദ്ധതികള്‍ നടപ്പാക്കുകയും വേണം. ആഗോളവല്‍കരണ സാമ്പത്തിക നയത്തിന്റെ ദുരന്തഫലങ്ങളില്‍ ഒന്നാണ് വൃദ്ധജനങ്ങളുടെ ഇടയില്‍ വര്‍ധിക്കുന്ന ദാരിദ്ര്യം. ആരോഗ്യം നഷ്ടപ്പെടുന്നതോടെ ജീവസന്ധാരണത്തിനായി തൊഴിലെടുക്കാന്‍ കഴിയാതെ വരുന്നു. ക്ഷേമപെന്‍ഷന്‍ എന്ന പേരില്‍ മോഡിസര്‍ക്കാര്‍ തുച്ഛമായ തുകയാണ് ബജറ്റില്‍ മാറ്റിവയ്ക്കുന്നത്. അത് ലഭിക്കാന്‍ നീണ്ട കാലയളവ് കാത്തിരിക്കണം. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന നികുതിയിളവിന്റെ പണമുണ്ടെങ്കില്‍ 60 വയസ്സ് കഴിഞ്ഞ ക്ഷേമപെന്‍ഷന് അര്‍ഹതയുള്ളയെല്ലാവര്‍ക്കും 2000 രൂപ വീതം പ്രതിമാസം പെന്‍ഷന്‍ നല്കാന്‍ കഴിയും.
കമ്പനി നിയമം 2013-ലെ വകുപ്പ് 135(1)-ന്റെ വ്യവസ്ഥകള്‍ പ്രകാരം 500 കോടി രൂപയില്‍ കൂടുതല്‍ ആസ്തികള്‍ ഉള്ള കമ്പനികള്‍, 1000 കോടി രൂപയ്ക്ക് മേല്‍ വിറ്റ് വരവ് ഉള്ള കമ്പനികള്‍, അഞ്ച് കോടി രൂപയ്ക്കുമേല്‍ ലാഭമുള്ള കമ്പനികള്‍ അവരുടെ തൊട്ടു പിന്നിലെ മൂന്നു വര്‍ഷത്തെ ശരാശരി ലാഭവിഹിതത്തിന്റെ 2 ശതമാനമെങ്കിലും സാമൂഹിക ഉത്തരവാദിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ചെലവഴിക്കണം. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഇത്തരത്തില്‍ 8000 കമ്പനികള്‍ ഉണ്ട്. നിയമം അനുശാസിക്കുംവിധം ഇവര്‍ ചെലവിടേണ്ട തുക 10000 മുതല്‍ 12000 കോടി രൂപയാണ്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിനായി ചെലവിടുന്ന തുക 500 കോടിയില്‍ താഴെയാണ്. കോര്‍പ്പറേറ്റുകള്‍ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായുള്ള തുക ചെലവിട്ടാല്‍ തന്നെ ശുചിത്വഭാരത പദ്ധതി നടപ്പാക്കാന്‍ കഴിയും. വെളിയിട വിസര്‍ജനം അവസാനിപ്പിക്കാനും, തോട്ടിവേല നിര്‍മാര്‍ജ്ജനം ചെയ്യാനും, ആധുനിക രീതിയിലുള്ള ശാസ്ത്രീയ മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കാനും കഴിയും.
സാമൂഹ്യ അസന്തുലിതാവസ്ഥകള്‍ പരിഹരിച്ച് ദാരിദ്ര്യവും വിശപ്പും അവസാനിപ്പിച്ച്
ജനങ്ങള്‍ക്ക് സമൂഹത്തില്‍ അന്തസോടെ ജീവിക്കാനുള്ള അവസരം പ്രദാനം ചെയ്യുക ഒരു ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. മോഡിഭരണത്തിന്‍ കീഴില്‍ ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്ക് ഇടയില്‍ പിന്നോട്ട് സഞ്ചരിക്കുകയാണ്. ലോക എക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) മനുഷ്യമൂലധന സൂചികയില്‍ ഇന്ത്യയ്ക്ക് 103-ാം സ്ഥാനമാണ് ഉള്ളത്. ബ്രിക്‌സ് രാഷ്ട്രങ്ങളില്‍ ഏറ്റവും താഴത്തെ രാജ്യവും ഇന്ത്യയാണ്. 25-54 വയസിനിടയില്‍ വരുന്ന പ്രാഥമിക വിദ്യാഭ്യാസ ലഭ്യതയില്‍ ഇന്ത്യയ്ക്ക് 110-ാം സ്ഥാനമാണ്. രാജ്യത്തെ നികുതി വരുമാനം വന്‍തോതില്‍ വര്‍ധിച്ചെങ്കിലും സമൂഹത്തിലെ സാമൂഹികവും, സാമ്പത്തികവുമായ പിന്നാക്കാവസ്ഥയിലും, ദരിദ്ര ചുറ്റുപാടിലും ജീവിക്കുന്നവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുന്നതും കാണാതെ പോകരുത്.

Related News