Monday
18 Feb 2019

പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ അറയുടെ വാതിലടച്ചു പ്രാര്‍ഥിക്കുക

By: Web Desk | Sunday 8 July 2018 10:37 PM IST

devika

മലയാളമാധ്യമങ്ങള്‍ എല്ലാം കൊണ്ടു പുണ്യം ചെയ്ത ജന്മങ്ങളാണെന്ന് പറയാതിരിക്കാന്‍ വയ്യ. വിമാനത്തിനു ഒരു മിനിറ്റുകൊണ്ട് കുറുകേ പറന്നു മറികടക്കാനാവുന്ന ഇത്തിരി കുഞ്ഞന്‍ ഭൂപ്രദേശം. പക്ഷെ വാര്‍ത്തകളുടെ കാര്യത്തില്‍ ഒരു ബ്രഹ്മാണ്ഡ ഭൂമിക. ദൈവം ഒരിക്കലും മലയാളമാധ്യമങ്ങളെ പട്ടിണിക്കിടാറില്ല. അഥവാ പട്ടിണിയുടെ ലക്ഷണം കണ്ടാല്‍ ജലന്ധര്‍ ആര്‍ച്ചു ബിഷപ്പെങ്കിലും എഴുന്നള്ളുന്ന വാര്‍ത്തകള്‍ വാരിവിതറും. പിന്നെയങ്ങോട്ട് ദിവസങ്ങളോളം നീളുന്ന കെങ്കേമന്‍ സദ്യയല്ലേ മാധ്യമങ്ങള്‍ വയറുനീളെ ഉണ്ണുന്നതും പ്രേക്ഷകരെ ഉണ്ണിക്കുന്നതും.
ചാനല്‍ ഒന്നു തുറന്നാല്‍ കണ്ണില്‍ വന്നിടിക്കുന്നത് ബലാല്‍സംഗം. ജലന്ധര്‍ ബിഷപ്പ് ഒരു കന്യാസ്ത്രീയെ 13 തവണ ബലാല്‍സംഗം ചെയ്തുവെന്ന് വാര്‍ത്ത. അതുകഴിഞ്ഞാല്‍ പരിശുദ്ധ ബലാല്‍സംഗത്തിന്റെ ശാസ്ത്രീയ-സാങ്കേതിക വശങ്ങളക്കുറിച്ചും വശപ്പിശകുകളെക്കുറിച്ചും മസാലചര്‍ച്ചകള്‍. കുമ്പസാരക്കൂട്ടിലെത്തിയ വീട്ടമ്മയായ യുവതിയെ നാല് ശിങ്കിടിമുങ്കന്മാരായ യുവ അച്ചന്മാര്‍ ബലാല്‍സംഗം ചെയ്ത കഥയും മാധ്യമങ്ങള്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഈ ജീര്‍ണതകള്‍ക്കു വഴിവെട്ടിയ കാരണങ്ങള്‍ മാത്രം ചര്‍ച്ചാവിഷയമാകാതെ പോകുന്ന ദുരന്തം. കുമ്പസാരവും കുമ്പസാരക്കൂടും എങ്ങനെയുണ്ടായെന്ന കാര്യം മാത്രം മറക്കുന്ന മാധ്യമങ്ങള്‍. യേശുവചനങ്ങളിലോ ശിഷ്യന്മാരുടെ സുവിശേഷങ്ങളിലോ ഒന്നും വിശ്വാസിയുടെ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയാന്‍ വികാരകുളിരണക്കെട്ടായ ഒരു വികാരിവേണമെന്നു പറയുന്നില്ല. മത്തായിയുടെ സുവിശേഷത്തില്‍ പറയന്നു. ”കള്ള പ്രവാചകന്മാരെ സൂക്ഷിച്ചു കൊള്‍വിന്‍. അവര്‍ ആടുകളുടെ വേഷം പൂണ്ട് നിങ്ങളുടെ അടുക്കല്‍ വരുന്നു. അകമേയോ അവര്‍ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.” അതിനാല്‍ ഇത്തരം മധ്യസ്ഥന്മാരില്ലാതെ തന്നെ കുമ്പസരിക്കാനും പ്രാര്‍ഥിക്കാനുമാണ് മത്തായിയുടെ സുവിശേഷത്തിലെ ഇരുപത്തിമൂന്നാം അധ്യായത്തിലെ ആറാം വചനത്തില്‍ ഉപദേശിക്കുന്നത്. ”നീയോ പ്രാര്‍ഥിക്കുമ്പോള്‍ അറയില്‍ കടന്ന് വാതില്‍ അടച്ച് രഹസ്യത്തില്‍ നിന്റെ പിതാവിനോട് പ്രാര്‍ഥിക്ക. അങ്ങനെ രഹസ്യത്തില്‍ കാണുന്ന പിതാവ് നിനക്ക് പ്രതിഫലം തരും.”
സുവിശേഷകനായ മത്തായി രണ്ടായിരമാണ്ടുകള്‍ക്കപ്പുറവും ഒരു ക്രാന്തദര്‍ശിയായിരുന്നുവെന്നു കട്ടായം. മധ്യസ്ഥന്മാരായി നിന്നു കമ്പസാരക്കൂടുകളില്‍ തെറ്റുകള്‍ ഏറ്റുപറയുന്ന പെണ്ണിനെ വികാരിയച്ചന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് ബലാല്‍സംഗം ആസ്വദിക്കുമെന്നും പല അച്ചന്മാരും തിന്മയുടെ പത്തായങ്ങള്‍ ആയിരുന്നുവെന്നും മത്തായിക്കറിയാമായിരുന്നു. അതുകൊണ്ടാണല്ലോ പതിനാറാം വചനത്തില്‍ ”മുള്ളുകളില്‍ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍ നിന്നും അത്തിപ്പഴവും പറിക്കാറുണ്ടോ എന്ന് മത്തായി ചോദിച്ചത്.
ബലാല്‍സംഗത്തിനും ശിശുരതിക്കും നൂറുകണക്കിന് ആര്‍ച്ച് ബിഷപ്പുമാരും വികാരിയച്ചന്മാരുമാണ് അകത്തുകിടന്ന് ഗോതമ്പുണ്ട തിന്നുന്നത്. കുമ്പസാരക്കൂട്ടിലും അള്‍ത്താരയിലും പോലും ബാലികാബാലന്മാരെ പീഡിപ്പിച്ച കേസുകളില്‍ കുട്ടികള്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള കോടതി വിധി നടപ്പാക്കാന്‍ അമേരിക്കയിലും യൂറോപ്പിലും പള്ളികള്‍പോലും ലേലത്തില്‍ വിറ്റ സംഭവങ്ങള്‍ ധാരാളം. ഇത്തരം ഹൂസ്റ്റണിലെ ഒരു പള്ളി ലേലത്തില്‍ പിടിച്ച് ക്ഷേത്രമാക്കിയത് ചേങ്കോട്ടുകോണം സ്വാമി സത്യാനന്ദ സരസ്വതിയാണെന്നത് മറ്റൊരു കൗതുകം. ഒരിക്കല്‍ ഇറ്റലിയില്‍ ഒരു പതിനെട്ടുകാരന്‍ ഒരു ബിഷപ്പിനെ വെടിവച്ചു കൊന്ന കഥയുണ്ട്. പള്ളിയില്‍ അള്‍ത്താര ബാലനായിരുന്നപ്പോള്‍ കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയിരുന്ന അച്ചനായിരുന്നു പിന്നീട് ബിഷപ്പായത്. വളര്‍ന്ന് ഒത്ത യുവാവായ പയ്യന്‍ ഒരു ദിവസം ബിഷപ്പിന്റെ അരമനയിലേക്ക് ചെന്നു. താന്‍ പണ്ട് എന്നെ എന്തൊക്കെയാ ചെയ്തൂകുട്ടിയതെന്ന് പയ്യന്റെ തോക്കുചൂണ്ടിയുള്ള ചോദ്യം. ‘മോനേ കര്‍ത്താവിനു നിരക്കാത്തതൊന്നും ചെയ്യരുത്’ എന്ന് ബിഷപ്പിന്റെ അപേക്ഷ. കര്‍ത്താവിന്റെ നാമം മിണ്ടിപ്പോകരുതെന്ന് പയ്യന്‍ പിന്നെ തോക്കുതീതുപ്പി, ഡിഷും ഡിഷും, ബിഷപ്പ് കര്‍ത്താവിങ്കലാണോ നിദ്രപ്രാപിച്ചതെന്നറിയില്ല. എന്തായാലും നവീകരണത്തിന്റെ വഴിയിലേക്ക് ക്രൈസ്തവസഭയെ നയിക്കുന്ന ഇപ്പോഴത്തെ മാര്‍പ്പാപ്പയുടെ കാലത്തെങ്കിലും ഈ കുമ്പസാരമെന്ന പ്രാകൃത ബ്ലാക്ക്‌മെയിലിങ് തന്ത്രത്തിനു വിരാമമുണ്ടാകുമോ? ഇല്ലെങ്കില്‍ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് മുളയ്ക്കല്‍ മാര്‍ ഇനിയുമുണ്ടാകും. തോക്കുകള്‍കൊണ്ട് കഥപറയുന്ന ചില പയ്യന്മാരുമുണ്ടാകും.
മേഘാലയാ ഗവര്‍ണറും കേന്ദ്രമന്ത്രിയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എം എം ജേക്കബ് ഇന്നലെ വിടചൊല്ലി. ഗാന്ധിയന്‍ ചിന്തകളെ നെഞ്ചകത്തോടു ചേര്‍ത്തുപിടിച്ച കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസുകാരനാകാം അദ്ദേഹം. 92 വയസായിരുന്നു. അദ്ദേഹം മേഘാലയ ഗവര്‍ണറായിരിക്കേ ഗുവാഹത്തിയില്‍ നടന്ന പത്രപ്രവര്‍ത്തകയൂണിയന്‍ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള മുഴുവന്‍ പ്രതിനിധികളേയും ഷില്ലോങിലേക്ക് കൂട്ടിക്കൊണ്ടുപോയി. നാലുദിവസം രാജ്ഭവനില്‍ സംഘത്തിന് രാജകീയ പൊറുതി. പ്രാതല്‍ കഴിഞ്ഞാല്‍ അദ്ദേഹം അവരെ തന്റെ കോണ്‍ഫറന്‍സ് ഹാളിലേക്ക് കൊണ്ടുപോകും. അദ്ദേഹം ഒരു സാധാരണ കസേരയിലിരിക്കും. ഗവര്‍ണര്‍ എന്ന് രജതലിപികള്‍ ആലേഖനം ചെയ്ത ഗവര്‍ണറുടെ രാജകീയ ഇരിപ്പിടം തെല്ലകലെ മാറ്റിയിട്ടിട്ടുണ്ട്. സംഘാംഗമായ ‘കേരളകൗമുദി’യിലെ അടൂര്‍പത്മന്‍ ഗവര്‍ണര്‍ ജേക്കബ് സാറിന്റെ ചങ്ങാതികൂടിയാണ്. അദ്ദേഹം ഗവര്‍ണറുടെ കസേര എടുത്തുകൊണ്ട് വന്ന് പത്മന്‍ ഇരിക്ക് എന്നുപറഞ്ഞ് ബലമായി പിടിച്ചിരുത്തി. മാധ്യമപ്രവര്‍ത്തകരെല്ലാം കയ്യടിച്ചപ്പോള്‍ ഗവര്‍ണര്‍ക്ക് ഒരു കുസൃതിച്ചിരി. പത്മനാണെങ്കില്‍ കരയ്ക്ക് പിടിച്ചിട്ട മാനത്തുകണ്ണിയുടെ പരുവത്തിലും. അതായിരുന്നു ജേക്കബ് സാറിന്റെ ജീവിതത്തിലെ ഗാന്ധിയന്‍ സ്പര്‍ശം.
എം എം ജേക്കബിന്റെ വിയോഗവാര്‍ത്ത വന്ന ഇന്നലെത്തന്നെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് ദേശീയനേതാവായ എന്‍ ഡി തിവാരിയെ ഡല്‍ഹി ആശുപത്രിയില്‍ അത്യാസന്നനിലയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്ത വന്നു. പ്രായം 96. ഇതിനുമുമ്പ് എട്ടുതവണ തിവാരി തട്ടിപ്പോയി എന്ന വാര്‍ത്തയും വന്നിട്ടുണ്ട്. അന്നെല്ലാം കൂളായി അദ്ദേഹം എണീറ്റുപോയി. കോണ്‍ഗ്രസില്‍ ഇത്ര ജഗജില്ലിയായി ഒരു നേതാവുണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല. യുപിയിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തെ ഇക്കാര്യത്തില്‍ തോല്‍പിച്ചത് നമ്മുടെ പട്ടം താണുപിള്ള സാര്‍ മാത്രം. തിരുവിതാംകൂറിലും തിരു-കൊച്ചിയിലും കേരളത്തിലും മുഖ്യമന്ത്രിയായിരുന്ന പട്ടം മാത്രം. പട്ടവും തിവാരിയെപോലെ രണ്ടു സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി. തിവാരി കേന്ദ്രമന്ത്രിയുമായി. ജേക്കബ് സാറും കോണ്‍ഗ്രസുകാരന്‍, തിവാരിയും കോണ്‍ഗ്രസുകാരന്‍.

Related News