പൗരോഹിത്യത്തിലേക്ക് ഇനി അറബിപെണ്ണും

Web Desk
Posted on October 01, 2017, 10:37 pm

പ്രതേ്യക ലേഖകന്‍

റിയാദ്: പൗരോഹിത്യം കുത്തകയാക്കിയിരുന്ന പുരുഷന്മാരുടെ സൗദിഅറേബ്യയില്‍ ഇനി പെണ്ണുങ്ങളും പുരോഹിതകളാകും. പുരോഹിതന്മാരെപോലെ ഈ പെണ്‍ മുഫ്തിമാര്‍ക്കും ഇനി മതശാസനകള്‍ (ഫത്‌വി) നല്‍കാം.
വാഹനമോടിക്കുന്നതിന് വനിതകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിക്കൊണ്ട് സല്‍മാന്‍ രാജാവ് പുറപ്പെടുവിച്ച രാജവിളംബരത്തിന് പിന്നാലെയാണ് സൗദി സ്ത്രീകള്‍ക്കും പുരോഹിതകളാകാമെന്ന് രാജഭരണകൂടത്തിന്റെ ഉപദേശകസമിതിയായ ഷൂറാ കൗണ്‍സില്‍ തീരുമാനിച്ചത്. മതശാസനം നല്‍കാന്‍ സ്ത്രീകള്‍ക്കും അധികാരം നല്‍കണമെന്ന് ഷൂറാ കൗണ്‍സിലിലെ വനിതാ അംഗങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 45 വര്‍ഷത്തിനപ്പുറമാണ് പൗരോഹിത്യം പുരഷന്മാര്‍ക്ക് മാത്രമായി സൗദി രാജഭരണകൂടം നിജപ്പെടുത്തിയത്.
ഇതിനെതിരെ സ്ത്രീ പൗരോഹിത്യവും അനുവദിച്ചുകൊണ്ടുള്ള തീരുമാനം മഹാഭൂരിപക്ഷത്തോടെയാണ് അംഗീകരിച്ചത്. വനിതകളെ പുരോഹിതകളായി നിയമിക്കുന്നതും രാജവിളംബരത്തിലൂടെയായിരിക്കും. പുരുഷന്മാരായ പുരോഹിതരുടെ മതശാസനകള്‍ പലപ്പോഴും സ്ത്രീ വിദേ്വഷത്തിലൂന്നിയവയാണെന്ന വിമര്‍ശനം വ്യാപകമായ സാഹചര്യത്തില്‍ വനിതാ മുഫ്തിമാര്‍ ഇതിനു വിരാമമിടുമെന്നും പ്ര ത്യാശിക്കപ്പെടുന്നു.
സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെ രൂക്ഷമായ ഭാഷയില്‍ എതിര്‍ത്തുകൊണ്ടുള്ള സൗദി അറേബ്യയിലെ മുഖ്യപുരോഹിതന്‍ മുഫ്തി അബ്ദുല്‍ അസീസ് ബിന്‍ അബ്ദുള്ളയുടെ നിലപാടിനുള്ള പ്രഹരമായിരുന്നു പെണ്ണുങ്ങള്‍ക്കും വളയം പിടിക്കാമെന്ന രാജകല്‍പന. പെണ്ണുങ്ങള്‍ വാഹനമോടിക്കുന്നത് നേരെ തിന്മയിലേയ്ക്കാണെന്നു പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മത്സരിക്കുന്നത് നിഷിദ്ധമാണെന്നും പറഞ്ഞിരുന്നു. വലിയ പുരോഹിതന്‍ ഹറാം എന്നു പറഞ്ഞ കാര്യങ്ങള്‍ ഹലാലാക്കിക്കൊണ്ട് സല്‍മാന്‍ രാജാവ് ഒന്നൊന്നായി പുറപ്പെടുവിക്കുന്ന കല്‍പനകളെ സൗദി സമൂഹമാധ്യമങ്ങള്‍ സഹര്‍ഷം സ്വാഗതം ചെയ്യുമ്പോള്‍ പുരുഷാധിപത്യത്തിനു വാദിക്കുന്നവര്‍ നവമാധ്യമങ്ങളില്‍ നിന്നു മുങ്ങിയമട്ടാണ്.