ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് ദുരിതത്തിലായ പാവപ്പെട്ടവരുടെയും പ്രതിദിന വേതനക്കാരുടെയും കഷ്ടപ്പാടുകൾ പരിഹരിക്കുന്നതിനുള്ള സഹായ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്ന് സിപിഐ പാർലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. കോവിഡ് രോഗികളുടെ എണ്ണം 10,000 ത്തിലധികമാകുന്ന സാഹചര്യത്തിൽ രോഗത്തിനെതിരായ പോരാട്ടത്തിന് ലോക്ഡൗൺ നീട്ടുകയെന്നത് അനിവാര്യമായിരുന്നു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചെയ്ത ചില കാര്യങ്ങൾ പറയുകയും ലോക്ഡൗണിനെ പൂർണ്ണ ഹൃദയത്തോടെ ഏറ്റെടുക്കാൻ ആവശ്യപ്പെടുകയുമുണ്ടായി. 20 മിനിട്ട് നീണ്ട തന്റെ പ്രസംഗത്തിൽ ലോക്ഡൗൺ മൂലം ദുരിതത്തിലായ പാവപ്പെട്ടവരെയും ദിവസക്കൂലിക്കാരെയും അദ്ദേഹം പരമാർശിക്കുകയുണ്ടായി. എന്നാൽ ഒരു ആശ്വാസ പദ്ധതിയും പ്രഖ്യാപിച്ചില്ല. പകരം എവിടെയാണോ അവിടെത്തന്നെ കഴിയണമെന്നും ലോക്ഡൗൺ ലംഘിക്കരുതെന്നുമുള്ള ആഹ്വാനമാണ് നൽകുന്നത്.
ഇന്ത്യയിൽ അധ്വാനിക്കുന്ന ജനസംഖ്യയുടെ 50 ശതമാനത്തിലധികം പേർ കരാർ, പ്രതിദിന ജോലികൾ ചെയ്യുന്നവരാണ്. ഈ ആളുകളെ സംബന്ധിച്ചിടത്തോളം ലോക്ഡൗൺ എന്നത് എല്ലാ വരുമാന സ്രോതസ്സുകളുടെയും പൂർണമായ അന്ത്യമാണ്, അതിജീവനത്തിനായി ഭരണത്തിന്റെ കാരുണ്യത്തിനായി നിൽക്കുകയാണ്. ഈ തൊഴിലാളികളിൽ പലരും സാമൂഹ്യ സുരക്ഷയും നാട്ടിലേക്ക് മടങ്ങാനുള്ള മാർഗവുമില്ലാതെ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോഴും അതിന്റെ വ്യാപ്തി കാരണം ഭക്ഷണം എവിടെ നിന്ന് വരുമെന്നറിയാതെ പലരും പരിക്ഷീണിതരാണ്.
ഇതുപോലുള്ള സമയങ്ങളിൽ, ഏതെങ്കിലും തരത്തിലുള്ള വരുമാനവും സമഗ്ര ദുരിതാശ്വാസ പദ്ധതിയും ഫലപ്രദമായി നടപ്പാക്കി കൂടുതൽ പേർക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടത് സർക്കാരുകളുടെ മുൻഗണന ആയിരിക്കണം. നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുപോലെ പ്രധാനമാണ് രാജ്യത്ത് ഒരു വ്യക്തിയും പട്ടിണി നേരിടുന്നില്ല എന്നുറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കൽ. നിലവിലുള്ള മഹാത്മാഗാന്ധി തൊഴിലുറക്ക് പദ്ധതി ഉപയോഗിച്ച് കാർഷിക വിളവെടുപ്പ് നടത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് പേർക്ക് വരുമാനമുറപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.