January 26, 2023 Thursday

രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രധാനമന്ത്രി

വി എസ് സുനില്‍കുമാര്‍
കൃഷിവകുപ്പു മന്ത്രി
December 28, 2020 3:20 am

വി എസ് സുനില്‍കുമാര്‍

ദില്ലി ചലോ സമരം രാജ്യതലസ്ഥാനത്ത് കത്തിപ്പടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോഡി കുത്തക കമ്പനികൾക്കുവേണ്ടിയുള്ള വീണാവാദനം തുടരുകയാണ്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസികമായ കർഷകസമരത്തോട് ധാർമ്മികമായി തോറ്റുപോയ പ്രധാനമന്ത്രി കേരളത്തിലെ ഇടതുപക്ഷത്തിനുനേരെയാണ് തിരിഞ്ഞിരിക്കുന്നത്. പ്രതിപക്ഷവും പ്രത്യേകിച്ച്, ഇടതുപക്ഷ പാർട്ടികളും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും വഴിതെറ്റിക്കുകയുമാണെന്നാണ് അദ്ദേഹം പറയുന്നത്. വാസ്തവത്തിൽ, പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരുമാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന കർഷകരെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതും വഴിതെറ്റിക്കാൻ ശ്രമിക്കുന്നതും. കർഷകപ്രക്ഷോഭത്തിൽ ഇടതുപക്ഷത്തെ പഴിചാരിയായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തിയത്. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബിൽ പോയി രാഷ്ട്രീയം കളിക്കുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇടതുപക്ഷം നടത്തുന്നത് ഇവന്റ് മാനേജ്മെന്റാണെന്നും ബംഗാളിലെ കർഷകർ എന്തുകൊണ്ട് സമരം ചെയ്തില്ലയെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. വിലകുറഞ്ഞ പ്രസ്താവന നടത്തിയതുവഴി നരേന്ദ്ര മോഡി സ്വയം കുത്തക മുതലാളിമാരുടെ ഏജന്റാണ് താൻ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടതുപക്ഷ സർക്കാർ എന്തുകൊണ്ട് കേരളത്തിൽ എപിഎംസിയും മണ്ഡിയും നടപ്പാക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

അത് വളരെ പ്രസക്തമാണ്. ഇതേ ചോദ്യം തന്നെയാണ് കേരളത്തിന് തിരിച്ചും ചോദിക്കാനുള്ളത്. എന്തുകൊണ്ടാണ് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ എപിഎംസി ആക്ട് ഇല്ലാത്തത് എന്ന് നരേന്ദ്ര മോഡി മനസിരുത്തി ചിന്തിക്കേണ്ടത്. 2003ൽ മോഡൽ എപിഎംസി ആക്ട് ഇന്ത്യയിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചപ്പോൾ, ഓരോ സംസ്ഥാനത്തിനും ആ ആക്ട് നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം അന്ന് ഉണ്ടായിരുന്നു. അതിനു കാരണം കൃഷി കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയം ആയതുകൊണ്ട് അന്നത്തെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ഈ നിയമം നടപ്പിലാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് അനുവദിച്ചു നൽകി എന്നതാണ്. കേരളം മാത്രമല്ല, അക്കാലത്ത് മണിപ്പൂർ, ബിഹാർ, ജമ്മു കശ്മീർ തുടങ്ങിയ പല സംസ്ഥാനങ്ങളും എപിഎംസി ആക്ട് നടപ്പാക്കിയിട്ടില്ല. കേന്ദ്ര സർക്കാർ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒരു വിഷയത്തിൽ ഏകപക്ഷീയമായി നിയമനിർമ്മാണം നടത്തിയതിനുശേഷം ആ നിയമം സംസ്ഥാനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുകയും അത് നടപ്പിലാക്കണമെന്ന് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ട് ആവശ്യപ്പെടുകയുമാണ്. ഇത് അങ്ങേയറ്റം ഭരണഘടനാവിരുദ്ധവും ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്.

കേരളം എപിഎംസി ആക്ട് വേണ്ട എന്ന് തീരുമാനിച്ചതിന് പല കാരണങ്ങളുണ്ട്. ആക്ടിന്റെ പരിധിയിൽ വരുന്ന മിനിമം സപ്പോർട്ട് പ്രെെസുമായി ബന്ധപ്പെട്ട കാർഷിക വിളകളുടെ വിപണനം നടത്തുന്ന മാർക്കറ്റുകൾ അഥവാ മണ്ഡികൾ കേരളത്തിൽ അനിവാര്യമായും ആവശ്യമുണ്ടായിരുന്നില്ല. അതിനുകാരണം, നെല്ലും കൊപ്രയും മാത്രമാണ് കേന്ദ്രത്തിന്റെ മിനിമം സപ്പോർട്ട് പ്രെെസ് അനുസരിച്ച് കേന്ദ്രം സംഭരിക്കുന്ന കാർഷികവിളകളിൽ ഉൾപ്പെട്ടിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ രണ്ട് കാർഷികവിഭവങ്ങളും സംഭരിക്കുന്നതിന് കേരളത്തിൽ പ്രാദേശികമായി താഴെത്തട്ടു മുതൽ സർക്കാർ സംവിധാനങ്ങൾ നിലവിലുണ്ട്. കേരളത്തിലെ പതിനാല് ജില്ലകളിലും നെല്ല് സംഭരിക്കുന്നതിന് സുശക്തമായ സംവിധാനങ്ങളാണ് ഉള്ളത്. കേരളത്തിൽ സർക്കാർ ഏജൻസിയായ സപ്ലൈകോ വഴി നെല്ല് സംഭരിച്ചുപോരുന്നു എന്ന് മാത്രമല്ല, നെല്ലിന് കേന്ദ്ര സർക്കാർ നൽകുന്ന മിനിമം സപ്പോർട്ട് പ്രെെസ് പ്രകാരമുള്ള സംഭരണവില രൂപയാണ്. ആ വിലയ്ക്ക് പുറമേ സംസ്ഥാന സർക്കാർ പ്രൊഡക്ഷൻ ഇൻസെന്റീവ് ആയി കിലോഗ്രാമിന് 9.23 രൂപ അധികം നൽകി കിലോഗ്രാമിന് 27.48 രൂപയ്ക്ക് കൃഷിയിടത്തിൽ നിന്നുതന്നെ നേരിട്ട് നെല്ല് സംഭരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന സംഭരണവിലയാണ്. പഴങ്ങളും പച്ചക്കറികളും കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനും വില്പന നടത്തുന്നതിനും എപിഎംസി നിയമമില്ലാതെ തന്നെ കൃഷി വകുപ്പിന്റെ കീഴിൽ മാത്രം 1883 സംഭരണ‑വിപണന കാർഷിക ചന്തകൾ കേരളത്തിൽ പ്രവർത്തിച്ചു വരുന്നുമുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം കേരളത്തിലെ കൊപ്ര സംഭരണമാണ്. കേരളത്തിൽ നാളികേരം കൊപ്രയാക്കി വില്പന നടത്തുന്ന സമ്പ്രദായം തുലോം കുറവാണ്. അതിനുപകരം, പച്ചത്തേങ്ങ സംഭരണമാണ് നടന്നുവരുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളികേരത്തിന് വിലയിടിയുന്ന സന്ദർഭങ്ങളിൽ കൊപ്ര സംഭരിക്കുന്നത് അപ്രായോഗികമായതുകൊണ്ടു തന്നെ പച്ചത്തേങ്ങ സംഭരണമാണ് നടത്തുന്നത്. പല തവണ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും പച്ചത്തേങ്ങ സംഭരണം മിനിമം സപ്പോർട്ട് പ്രെെസിന് കീഴിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയ്യാറായിരുന്നില്ല. അതേത്തുടർന്നാണ്, സംസ്ഥാന സർക്കാർ തന്നെ കിലോഗ്രാമിന് 27 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കാൻ തുടങ്ങിയത്. കേരഫെഡിന് കീഴിൽ വരുന്ന 900ത്തോളം സഹകരണ സ്ഥാപനങ്ങളും കൃഷി ഭവനുകളും വഴിയാണ് പച്ചത്തേങ്ങ സംഭരിക്കുന്നത്. ഇപ്പോഴും 27 രൂപയിൽ താഴെ വില താഴ്ന്ന് വന്നാൽ പച്ചത്തേങ്ങ സംഭരിക്കുന്നതിന് ഇപ്പോഴും സംവിധാനമുണ്ട്.

കേന്ദ്ര സർക്കാരിന്റെ ലിസ്റ്റിൽ വരുന്ന 25 ഇനം കാർഷിക വിഭവങ്ങളിൽ ഒന്നും തന്നെ കേരളത്തിൽ സംഭരണത്തിന് ആനുപാതികമായ രീതിയിൽ ഉല്പാദിപ്പിക്കാത്ത സാഹചര്യത്തിലാണ് എപിഎംസി ആക്ട് കേരളത്തിൽ വരാതിരുന്നത്. കാർഷിക കേരളത്തിലെ പ്രധാന വിളകളായ റബ്ബർ, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകൾ, കാപ്പി, തേയില തുടങ്ങിയ നാണ്യവിളകൾ എന്നിവയുടെ ഉല്പാദനവും വിപണനവുമെല്ലാം നിയന്ത്രിക്കുന്നത് വിവിധ കേന്ദ്ര നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്. 1947ലെ റബ്ബർ ആക്ട്, 1965ലെ കാർഡമം ആക്ട്, 1986ലെ സ്പൈസസ് ബോർഡ് ആക്ട്, ടീ ബോർഡ് ആക്ട് എന്നീ നിയമങ്ങൾ വഴി സ്ഥാപിതമായ റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ്, കോഫീ ബോർഡ്, ടീ ബോർഡ് എന്നീ കേന്ദ്ര സ്ഥാപനങ്ങളാണ് ഈ വിളകളെ സംബന്ധിക്കുന്ന വിപണന നിയമങ്ങളും കയറ്റുമതിയുമെല്ലാം നിയന്ത്രിച്ചുവരുന്നത്. ഈ കാര്യങ്ങളൊന്നും നല്ലവണ്ണം മനസിലാക്കാതെയാണ് പ്രധാനമന്ത്രി കേരളത്തിൽ എന്തുകൊണ്ട് എപിഎംസി ആക്ട് നടപ്പാക്കിയിട്ടില്ല എന്ന് ചോദിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി പാസ്സാക്കിയ കർഷകവിരുദ്ധ കരിനിയമങ്ങൾക്കെതിരെ ദേശീയതലത്തിൽ നടക്കുന്ന സമരങ്ങൾക്കൊപ്പം കേരളത്തിൽ സമരങ്ങളൊന്നും നടക്കുന്നില്ലായെന്നും കേരളത്തിലുള്ള ഇടതുപക്ഷ നേതാക്കൾ പഞ്ചാബിലും ഡൽഹിയിലും പോയി സമരം നടത്തുകയാണ് എന്നുമുള്ള ചില വാദങ്ങൾ ബിജെപി വക്താക്കൾ നടത്തുന്നുണ്ട്.

എന്നാൽ, കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ സമരപരിപാടികൾ കേരളത്തിൽ എല്ലാ ജില്ലാകേന്ദ്രങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ സംഘടനകളും കർഷകഗ്രൂപ്പുകളും ഈ സമരത്തിന് ഐക്യദാർഢ്യവുമായി കേരളത്തിൽ അണിനിരന്നുകഴിഞ്ഞു. ഡിസംബർ 23 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ സംയുക്ത കർഷകമുന്നണി അനിശ്ചിതകാല സത്യഗ്രഹസമരം സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി തന്നെയാണ് ഈ സമരം സംസ്ഥാന തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്തത്. ദില്ലി ചലോ സമരത്തിൽ പങ്കെടുക്കുന്ന സമരഭടന്മാർക്ക് 20 ടൺ പൈനാപ്പിൾ അയച്ചുകൊടുത്തുകൊണ്ട് കേരളത്തിലെ പൈനാപ്പിൾ കർഷകർ കർഷകസമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച അനുഭവവും ഓർക്കുന്നു. ആയിരക്കണക്കായ ബഹുജനങ്ങളാണ് കർഷകസമരത്തോട് ഐക്യപ്പെട്ടുകൊണ്ട് കേരളത്തിൽ രംഗത്തുവരുന്നത്. അതേസമയം, കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം സംസ്ഥാന സർക്കാർ കർഷകരുടെ കൂടെയാണ് നിൽക്കുന്നതെന്ന ബോധ്യവും അനുഭവവും അവർക്കുണ്ട്. കർഷകരുടെ ക്ഷേമത്തിലൂന്നിയ നിരവധി നിയമങ്ങളാണ് ഈ കാലയളവിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കിയത്.

രാജ്യത്തെ ഒമ്പതു കോടി കർഷകർക്ക് 18,000 കോടി രൂപ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി വഴി കൊടുക്കുന്നതായി കൊട്ടിഘോഷിക്കുന്നുണ്ട്. പ്രതിവർഷം ആറായിരം രൂപ വീതമാണ് ഇങ്ങനെ കൊടുക്കുന്നതെന്ന് പറയുന്നു. എന്നാൽ, ആയിരത്തി അഞ്ഞൂറ് രൂപ വീതം 60 വയസ് കഴിഞ്ഞ അർഹരായ മുഴുവൻ കർഷകർക്കും പെൻഷനായി എല്ലാ മാസവും നൽകുന്ന ഏക സംസ്ഥാനമാണ് കേരളം. പ്രതിവർഷം ആറായിരം രൂപ വീതം കേന്ദ്രം നൽകുമ്പോൾ പ്രതിവർഷം 18,000 രൂപ വീതമാണ് സംസ്ഥാന സർക്കാർ കർഷകർക്ക് പെൻഷൻ നൽകുന്നത്. കർഷക ക്ഷേമബോർഡ് പ്രാബല്യത്തിൽ വന്നതോടുകൂടി എല്ലാ കർഷകർക്കും 60 വയസ് പൂർത്തീകരിക്കുമ്പോൾ ചുരുങ്ങിയത് 3000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ഉറപ്പാക്കുന്ന പദ്ധതി ഇതിനകം തന്നെ കേരളം ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളൊന്നും തന്നെ കേരളത്തെ ബാധിക്കുന്നവയല്ല എന്ന ബിജെപി നേതാക്കളുടെ പ്രസ്താവനകൾ പച്ചക്കള്ളമാണ്. എപിഎംസി ആക്ട് മാത്രമല്ല, കരാർ കൃഷി നിയമവും അവശ്യ സാധന നിയമവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന നിയമങ്ങളാണ്.

ആത്യന്തികമായി അവ മൂന്നും കുത്തക ഭീമന്മാരായ ബഹുരാഷ്ട്ര കമ്പനികളെ സഹായിക്കുന്നതിന് മാത്രം തിരക്കിട്ട് തയ്യാറാക്കിയ നിയമങ്ങളാണ്. കേരളത്തിന്റെ പ്രധാന നാണ്യവിളകളായ റബ്ബർ, സുഗന്ധവ്യഞ്ജന വിളകൾ, കാപ്പി, തേയില മുതലായവയുടെ വിപണി കോർപ്പറേറ്റുകളുടെ കൈകളിലേക്ക് വരുന്നതോടെ ഈ മേഖലയിലെ കർഷകർ വലിയ വെല്ലുവിളി നേരിടേണ്ടിവരും. കോർപ്പറേറ്റുകളുടെ താല്‍പര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടത്തെ അധികാരത്തിലെത്തിച്ച്, ആ ഭരണകൂടത്തിന് ഭരണത്തുടർച്ചയ്ക്ക് അവസരമുണ്ടാക്കി, അവരെക്കൊണ്ടുതന്നെ തങ്ങൾക്ക് അനുകൂലമായ നിയമങ്ങൾ ഉണ്ടാക്കി, ഭരണം നടത്തുകയാണ് കോർപ്പറേറ്റ് ഭീമന്മാർ. അത്തരം ആളുകളുടെ ആശ്രിതരായി നിൽക്കാതെ രാജ്യത്തെ കർഷകരുടെയും സാധാരണക്കാരുടെയും പാവപ്പെട്ട ജനവിഭാഗങ്ങളുടെയും താല്‍പശര്യങ്ങളെ സംരക്ഷിക്കുക എന്ന വിശാലമായ ലക്ഷ്യവും കാഴ്ചപ്പാടുമാണ് കേന്ദ്ര സർക്കാരിന് ഉണ്ടാകേണ്ടത്. സമരം നടത്തുന്ന കർഷകർ ഉന്നയിക്കുന്നതുപോലെ കേന്ദ്രം കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങളും പൂർണമായും പിൻവലിക്കുന്നതാണ് കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഇനി കരണീയമായ മാർഗം. അതിനുപകരം വ്യാജപ്രചരണങ്ങൾ നടത്തിയും കർഷകസമരത്തെ അപകീർത്തിപ്പെടുത്തിയും ജനവികാരത്തെ തോൽപ്പിക്കാൻ മോഡി സർക്കാർ ശ്രമിക്കരുത്. കാരണം ഇത് ഇന്ത്യൻ ജനതയുടെ ജീവന്മരണ പ്രശ്നമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.