Web Desk

ന്യൂഡൽഹി

April 03, 2020, 9:46 am

കോവിഡ് പ്രതിരോധത്തിന് മോഡി അവലംബിച്ചത് ബ്രിട്ടീഷ് കിരാത നിയമം

Janayugom Online

സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് സ്വാതന്ത്ര്യ സമര സേനാനികളെ തടങ്കലിലാക്കാൻ ബ്രിട്ടിഷ് കോളനി വാഴ്ചക്കാർ അവംലബിച്ചിരുന്ന 1897ലെ പകർച്ച വ്യാധി നിയമമാണ് (the epicemic s act of 1897) കൊറോണ വ്യാപനം തടയുന്നതിനായി മോഡി സർക്കാർ അവലംബിച്ചത്.
പൊതുജനങ്ങൾ കൂട്ടംകൂടുന്നത് വിലക്കുക, സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുക, വൻകിട സ്ഥാപനങ്ങളുടെ പ്രവർത്തനം റദ്ദാക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി തൊഴിലാളികൾക്ക് നൽകുക, തെറ്റായ വാർത്തകൾ നൽകിയാൽ മാധ്യമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സർക്കാരിന് പൂർണമായ അധികാരം നൽകുന്നതാണ് പകർച്ചവ്യാധി നിയമം. ഇത് കൂടതെ പകർച്ച വ്യാധികൾ തടയാനെന്ന പേരിൽ പൗരൻമാരുടെ വീടുകളിൽ പരിശോധന നടത്തുക, സഞ്ചാരസ്വാതന്ത്ര്യം വിലക്കുക തുടങ്ങിയ കാര്യങ്ങളും നിയമം അനുവദിക്കുന്നു. നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരാവകാശ ലംഘനങ്ങളെ കോടതിയിൽ ചോദ്യം ചെയ്യാനും കഴിയില്ല.
പ്ലേഗിന്റെ വ്യാപനം തടയുന്നതിനായി കോളനികൾക്കായി ബ്രിട്ടിഷ് ഭരണാധികാരികളുടെ നിർദ്ദേശ പ്രകാരം കൽക്കട്ട പ്രസിഡൻസിയുടെ ഗവർണർ ജനറിലിന്റെ കൗൺസിൽ അംഗമായ ജോൺ വുഡ് ബോൺ ആണ് നിയമം അവതരിപ്പിച്ചത്. 1897 ഫെബ്രുവരി നാലിന് പാസാക്കിയ ഒറ്റ പേജുള്ള നിയമമാണ് ഇത്.

ആ കാലത്ത് പ്ലേഗുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ നൽകിയെന്ന പേരിൽ സ്വാതന്ത്ര്യ സമര സേനാനിയും കേസരി പത്രത്തിന്റെ പത്രാധിപരുമായിരുന്ന ബാൽ ഗംഗാധർ തിലകിനെ പകർച്ച വ്യാധി നിയമം ചുമത്തി 18 മാസം ബ്രിട്ടിഷുകാർ ജയിലിൽ അടച്ചു.
ബോംബെ പ്രസിഡൻസിയിൽ 1896–97ൽ പടർന്ന് പിടിച്ച പ്ലേഗ് നിയന്ത്രിക്കാനാണ് നിയമം പാസാക്കിയത്. ഈ നിയമം ഇപ്പോഴും ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ യഥാവിധിയും മറ്റ് കോളനികളായിരുന്ന രാജ്യങ്ങളിൽ ഭേദഗതികൾക്ക് വിധേയമാക്കിയും നടപ്പാക്കുന്നു. കോളറ പടർന്നുപിടിച്ചപ്പോൾ ഗുജാറാത്തിലെ ഒരു ഗ്രാമത്തിൽ 2018ലും മലേറിയ പടർന്ന് പിടിച്ചപ്പോൾ 2015ൽ ചണ്ഡിഗഡലും എച്ച്1എൻ1 ബാധയെ തുടർന്ന് 2009ൽ പൂനെയിലും പകർച്ച വ്യാധി നിയമം നടപ്പാക്കിയിട്ടുണ്ട്.

2013ൽ ഈ നിയമത്തിന്റെ സാധുത സംബന്ധിച്ച് ആരോഗ്യ വിദഗ്ധരായ ബിനോദ് കെ പത്രോ, ജയപ്രസാദ് ത്രിപാഠി, രശ്മി കശ്യപ് എന്നിവർ ആക്ഷേപം ഉന്നയിച്ചരുന്നു. അപകടകരമായ പകർച്ച വ്യാധികൾ, ഐസൊലേഷൻ, ക്വാറന്റൈൻ എന്നിവ സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ലെന്നാണ് ഇവർ ഉന്നയിച്ച ആക്ഷേപം. 2005ലെ നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് 1897ലെ പകർച്ച വ്യാധി നിയമത്തെക്കാൾ കാര്യക്ഷമതയുള്ളതെന്നാണ് ഇവർ വാദിച്ചത്. കൊറോണ വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് ഈ കിരാത നിയമം ചർച്ചയാകുന്നത്.

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യൻ സ്ത്രീകളുടെ സ്വാകര്യത ചോദ്യം ചെയ്യുന്ന വിധത്തിൽ പലസംഭവങ്ങളും ഉണ്ടായി. പ്ലേഗിന്റെ പരിശോധന എന്ന പേരിൽ സ്ത്രീകളെ വീട്ടിനുള്ളിലും പൊതുസ്ഥലങ്ങളിലും പരിശോധനകൾ നടത്തി. ഇതിനെതിരെ ശക്തമായ രോഷമാണ് ഇന്ത്യാക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായത്. 1900ൽ കാൺപൂർ ലഹളയ്ക്കുള്ള ( പ്ലേഗ് റയട്ട് ഓഫ് കാൺപൂർ) കാരണവും ഇതുതന്നെയായിരുന്നു. നിയമത്തിന്റെ മറവിൽ സ്ത്രൂീകളെ ലൈംഗീകമായിപോലും ബ്രിട്ടിഷുകാർ ഉപയോഗിച്ചുവെന്നാണ് ചരിത്രകാരിയായ ചാരുഗുപ്ത തന്റെ ഇൻസൈറ്റ് ഫുൾവർക്ക് ‑സെക്ഷ്വാലിറ്റി, ഒബ്സിനിറ്റി, കമ്മ്യൂണിറ്റി (Insight­ful Work Se xual­i­ty, Obscen­i­ty, Com­mu­ni­ty- Charu Gup­ta- 2001) എന്ന പുസ്തകത്തിൽ പറയുന്നത്. നിയമത്തിന്റെ മറവിൽ സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന നടപടികൾ ബ്രിട്ടിഷ് ഭരണാധികാരികൾ 1943 വരെയും തുടർന്നു. 1943ൽ തന്റെ ദേഹം പുരുഷ ഡോക്ടറെ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന പ്രേമമതി മിശ്ര ആഗ്ര ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കുന്നതുവരെയും ഈ രീതികൾ ഇന്ത്യയിൽ തുടർന്നു.

ബ്രിട്ടിഷ് കോളനി വാഴ്ചയുടെ കിരാത നയങ്ങൾ പേറുന്ന നിയമം റദ്ദാക്കണമെന്ന് 2014ൽ മോഡി സർക്കാർ നിയോഗിച്ച ആർ രാമാനുജൻ സമിതി തന്നെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. 1834–1949നുമിടയിൽ പാസാക്കിയ 2781 കേന്ദ്ര ചട്ടങ്ങളും 380 നിയമങളും അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് നൽകിയത്. പകർച്ച വ്യാധി നിയമം പൂർണമായും ഭേദഗതി ചെയ്യണമെന്ന ആവശ്യവും കമ്മിറ്റി റിപ്പോർട്ടിലുണ്ട്.
ഈ നിയമത്തിന് പകരം പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതാണ് ഉത്തമമെന്നും റിപ്പോർട്ടിലുണ്ട്. കോളനിവാഴ്ച്ചയുടെ ഭാണ്ഡം പേറുന്ന 1897ലെ പകർച്ച വ്യാധി നിയമം റദ്ദാക്കി സമകാലീന ഇന്ത്യയ്ക്ക് അനുയോജ്യമായ ചട്ടം രൂപീകരിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.

Eng­lish sum­ma­ry: Prime min­is­ter modi adapt british bru­tal law to defend covid

You may also like this video