Web Desk

March 26, 2020, 5:05 am

നിരാശപ്പെടുത്തിയ രണ്ടാം അഭിസംബോധന

Janayugom Online

 പ്രധാനമന്ത്രി നരേന്ദ്രമോഡി മാർച്ച് 19 ന് രാത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിഞ്ഞപ്പോൾ വല്ലാതെ പ്രതീക്ഷിച്ചവരായിരുന്നു ഇന്ത്യക്കാർ. ഇതിന് മുമ്പ് രാജ്യത്തെ അബിസംബോധന ചെയ്തപ്പോഴെല്ലാം ദുരിതപ്രഖ്യാപനങ്ങളോ വാഴ്ത്തിപ്പാടലുകളോ മാത്രമായിരുന്നുവെങ്കിലും നാം കൊറോണക്കാലത്തെ ദുരിതമകറ്റാൻ എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു, ഒന്നുമുണ്ടായില്ല. എന്നാൽ ഈ മഹാമാരിയെ നേരിടാൻ ഒരുദിനം ജനത കർഫ്യൂ എന്ന പ്രഖ്യാപനമാണുണ്ടായത്. അതിനൊപ്പം ആരോഗ്യ — സന്നദ്ധ പ്രവർത്തകരെ അഭിനന്ദിക്കാനെന്ന പേരിൽ കൊട്ടിപ്പാട്ടിനുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് അന്ധവിശ്വാസമുറപ്പിക്കാനുള്ള ശ്രമം അദ്ദേഹം നടത്തി. സമൂഹമാധ്യമങ്ങളിലൂടെ സംഘപരിവാർ നടത്തുന്ന ശ്രമങ്ങളോട് ചേർന്നുനിന്നുകൊണ്ട് അടിയുറച്ച സംഘപരിവാറുകാരനാണ് താനെന്ന് തെളിയിക്കാൻ അദ്ദേഹം മറന്നില്ല. കൊറോണ രാജ്യത്തോ ലോകത്തോ ആരോഗ്യ ദുരന്തം മാത്രമല്ല സൃഷ്ടിച്ചതെന്ന് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. ഒരു ദിവസത്തെ കർഫ്യൂ (വീട്ടിലിരിപ്പ്) പോലും പട്ടിണിയിലാക്കുന്ന എത്രയോ ദശകോടി കുടുംബങ്ങളുള്ള രാജ്യമാണ് നമ്മുടേത്. അന്നത്തെ പ്രസംഗത്തിൽ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുന്നതിന് പദ്ധതി പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. കുറച്ചു ഉപദേശങ്ങളും വർത്തമാനങ്ങളും ഒപ്പം ‍ഞായറാഴ്ചത്തെ കർഫ്യൂ പ്രഖ്യാപനവുമാണുണ്ടായത്. അതിനിടെ കേരളവും ലോകത്തെ പല രാജ്യങ്ങളും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം ലഭിക്കുന്നതിനും വിപണിയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള 20,000 കോടി രൂപയാണ് മൂന്നരകോടിയോളം ജനസംഖ്യയുള്ള കേരളത്തിൽ ഇടതുമുന്നണി സർക്കാർ പ്രഖ്യാപിച്ചത്.

8.28 കോടി ജനസംഖ്യയുള്ള ജർമ്മനി 12.65 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പാക്കേജാണ് പ്രഖ്യാപിച്ചത്. 47.6 ലക്ഷം മാത്രം ജനസംഖ്യയുള്ള ന്യൂസിലാൻഡ് 92,000 കോടിയോളം രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം യുഎസ് 15 ലക്ഷത്തിലധികം കോടി രൂപയുടെ പാക്കേജാണ് അംഗീകരിച്ചത്. 33 കോടിയോളമാണ് ഇവിടത്തെ ജനസംഖ്യയെന്നോർക്കണം. കൊറോണ രോഗ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി പരിഗണിക്കുന്നത് സമൂഹ അകലം പാലിക്കലാണ്. അതുകൊണ്ടുതന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് അതാത് രാജ്യത്തെ സർക്കാരുകൾ ജനങ്ങളോട് ആവശ്യപ്പെടുന്നത്. അങ്ങനെ വരുമ്പോൾ എല്ലാം അടച്ചുപൂട്ടുകയാണ് ചെയ്യുന്നത്. മാസവരുമാനമുള്ളവർക്കുപോലും വേതനം നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. അത് അസംഘടിത തൊഴിലാളികളെ മാത്രമല്ല സർക്കാർ — സംഘടിത മേഖലയിലുള്ളവരെ പോലും സാമ്പത്തിക പ്രതിസന്ധിയിലാക്കുമെന്ന് തിരിച്ചറിയാൻ വലിയ സാമ്പത്തിക പരിജ്ഞാനമൊന്നും ആവശ്യമില്ല. എന്നിട്ടും രണ്ടു തവണ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സാമ്പത്തിക പദ്ധതികൾ പ്രഖ്യാപിക്കാത്തത് വലിയ നിരാശയാണ് നൽകുന്നത്.

15,000 കോടി രൂപയുടെ ആരോഗ്യ പാക്കേജ് പ്രഖ്യാപിച്ച കാര്യം മറക്കുന്നില്ല. അതുപോലും 134 കോടിയോളം ജനസംഖ്യയും വലിയ ഭൂവിസ്തൃതിയുമുള്ള രാജ്യത്തെ സംബന്ധിച്ച് പരിമിതമായ തുകയാണ്. ചൊവ്വാഴ്ച രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ 21 ദിവസത്തേയ്ക്കാണ് അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാഴ്ചയോളമായി അടച്ചുപൂട്ടലിന് സമാനമായ സാഹചര്യം തന്നെയാണ് രാജ്യത്ത് നിലനിൽക്കുന്നത്. അതുകൊണ്ട് ജനസംഖ്യയിലെ വലിയ വിഭാഗം ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടുകഴിഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. മൂന്നു മാസത്തേക്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണ്ട, ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31ല്‍ നിന്നും ജൂണ്‍ 30 ആക്കി, ആദായ നികുതി അടയ്ക്കുന്നതിന് കാലതാമസം വരുത്തുമ്പോള്‍ നല്‍കേണ്ട പലിശ കുറച്ചു എന്നിങ്ങനെയുള്ളതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. ഇത് ഇന്ത്യയിലെ ന്യൂനപക്ഷത്തിനല്ലാതെ മഹാഭൂരിപക്ഷത്തിന് ചെറിയ ആശ്വാസം പോലും നൽകുന്നവയല്ല. ദിവസ വേതനക്കാർ, കാർഷിക മേഖലയുമായി ബന്ധപ്പെട്ടവർ, കച്ചവടസ്ഥാപനങ്ങൾ നടത്തുന്നവർ, അവിടത്തെ തൊഴിലാളികൾ, വഴിവാണിഭക്കാർ, ചുമട്ടുതൊഴിലാളികൾ എന്നിങ്ങനെ ജീവിതം പാടേ ദുരിതത്തിലായവരാണ് വലിയ വിഭാഗം. അവർക്ക് ഇപ്പോൾ പ്രഖ്യാപിച്ച 21 ദിവസം പോലും വീട്ടിൽ കഴിയാൻ സാധിക്കണമെന്നില്ല. അതുകൊണ്ട് എല്ലാ ജനങ്ങൾക്കും അവശ്യ സാധനങ്ങളെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. അതോടൊപ്പം അത്യാവശ്യം വരുന്ന സാമ്പത്തിക കാര്യങ്ങൾ നിർവഹിക്കുന്നതിനുള്ള ധനസഹായവും പ്രഖ്യാപിക്കണം. ഇതെല്ലാം കൂടിചേരുമ്പോൾ അഞ്ചു ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജെങ്കിലും ഉണ്ടായാൽ മാത്രമേ ചെറിയ ആശ്വാസമെങ്കിലും ഉണ്ടാക്കാൻ സാധിക്കൂ. സൗജന്യ റേഷൻ, മുൻകൂർ പെൻഷൻ എന്നിങ്ങനെ പ്രഖ്യാപിച്ച കേരളസർക്കാരിന്റെ അഭിനന്ദനാർഹമായ നടപടികളെ പിന്തുടർന്ന് വൻ സാമ്പത്തിക പാക്കേജാണ് രാജ്യം ഇപ്പോൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ രണ്ട് പ്രസംഗങ്ങളും നിരാശപ്പെടുത്തുന്നുവെന്ന് പറയേണ്ടിവരുന്നത്.