Janayugom Online
ALL PARTY MEETING KERALA- Janayugom

കേരള ജനതയെ അവഹേളിച്ച് പ്രധാനമന്ത്രി

Web Desk
Posted on July 19, 2018, 10:59 pm
  • കൂടുതല്‍ ഭക്ഷ്യധാന്യം അനുവദിക്കണമന്ന ആവശ്യം പ്രധാനമന്ത്രി അപ്പാടെ തള്ളി
  • പ്രധാനമന്ത്രിയുടെ പ്രതികരണം നിരാശാജനകമെന്ന് മുഖ്യമന്ത്രി
  • കേരളത്തിനോട് കടുത്ത അവഗണനയെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കക്ഷിഭേദമന്യേ കേരളം ഉന്നയിച്ച ആവശ്യങ്ങളെ അപഹസിച്ച് പ്രധാനമന്ത്രി. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളോടെല്ലാം നിഷേധാത്മക നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൈക്കൊണ്ടതെന്ന് സര്‍വകക്ഷി സംഘം ആരോപിച്ചു. നിരവധിതവണ കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തെക്കാണാന്‍ അവസരം നിഷേധിച്ച പ്രധാനമന്ത്രി ഏറെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് അനുമതി നല്‍കിയത്.

വെട്ടിക്കുറച്ച ഭക്ഷ്യധാന്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യങ്ങളടക്കം വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തിനോട് കാണിക്കുന്നത് അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 23 അംഗ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അഞ്ച് എംപിമാരും ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘം പ്രധാനമായും ഏഴ് ആവശ്യങ്ങളാണ്പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ഉന്നയിച്ചത്. കേന്ദ്ര പ്രഖ്യാപനമായ പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി നടപ്പിലാക്കുക, അങ്കമാലിശബരി റെയില്‍പാത, കസ്തൂരി രംഗന്‍ വിഷയം, കാലവര്‍ഷക്കെടുതി, എച്ച്എന്‍എല്‍, കോഴിക്കോട് വിമാനത്താവളം എന്നീ വിഷയങ്ങളില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടങ്കിലും ഒന്നില്‍പ്പോലും അനുകൂല നിലപാട് കൈക്കൊള്ളാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണമന്ന കേരളത്തിന്റെ ആവശ്യം പ്രധാനമന്ത്രി അപ്പാടെ തള്ളി. ഇക്കാര്യത്തില്‍ ഭക്ഷ്യഭദ്രതാ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ടു മാത്രമേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് തികച്ചും നിരാശാജനകമായ നിലപാടാണ്. ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കിയതിനെ തുടര്‍ന്ന് കേരളം വലിയ ഭക്ഷ്യ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. മുന്‍ഗണനാ വിഭാഗത്തില്‍ ഇടംപിടിക്കാത്ത വിഭാഗത്തിന് ആവശ്യമായ അരി ഇപ്പോള്‍ ലഭ്യമാകുന്നില്ല. അതിനാല്‍ കൂടുതല്‍ അരി കേന്ദ്രം നല്‍കണമെന്ന ആവശ്യം അഗീകരിക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്റെ റെയില്‍വേ വികസനത്തിന് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിലും പ്രധാനമന്ത്രി മുഖംതിരിച്ചു. രാജ്യത്തിന് ഇനിയൊരു കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്. ഇത് തീര്‍ത്തും നിരാശാജനകമാണ്. കോച്ച് ഫാക്ടറിയുടെ ആവശ്യകത, ചരിത്രം എന്നിവ പ്രധാനമന്ത്രിക്ക് മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിലെ ജനങ്ങള്‍ പെടാപാടുപെടുകയാണെന്നും അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്നും സര്‍വ്വകക്ഷി സംഘം ആവശ്യപ്പെട്ടു. ഇതേകുറിച്ച് അനുദിനം റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നു മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്.

എച്ച്എന്‍എല്ലിന്റെ കാര്യത്തില്‍ അതീവ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഈ സ്ഥാപനം സംസ്ഥാന സര്‍ക്കാറിന് കൈമാറണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാത്ത നിലവിലെ സാഹചര്യം ഗൗരവമായ വിഷയമാണ്. ഇക്കാര്യത്തില്‍ നേരത്തെ വ്യോമയാന മന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നുവെന്നും പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ചയിലും ഉന്നയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ശബരി പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറും റെയില്‍വേയുമായി ചര്‍ച്ചയ്ക്ക് അവസരം ഒരുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതിലെ ആശങ്കയും സര്‍വകക്ഷി സംഘം ഉന്നയിച്ചു. കേരളം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും പല സംസ്ഥാനങ്ങളില്‍നിന്നും ഇനിയും റിപ്പോര്‍ട്ട് ലഭിക്കാനുണ്ടെന്നും ഇതിന് ശേഷം കഴിയുന്നത്ര വേഗത്തില്‍ തീരുമാനമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രിമാരായ പി തിലോത്തമന്‍, ജി സുധാകരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം പിമാരായ പി കരുണാകരന്‍, ഇടി മുഹമ്മദ് ബഷീര്‍, എം പി വീരേന്ദ്രകുമാര്‍, ജോസ് കെ മാണി, എന്‍ കെ പ്രേമചന്ദ്രന്‍. സിപിഐയെ പ്രതിനിധീകരിച്ച് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, വിവിധ കക്ഷിനേതാക്കളായ എം എം ഹസന്‍, സി കെ നാണു, തോമസ് ചാണ്ടി, കോവൂര്‍ കുഞ്ഞുമോന്‍, അനൂപ് ജേക്കബ്, പി സി ജോര്‍ജ്, എം കെ കണ്ണന്‍, സി വേണുഗോപാലന്‍ നായര്‍, എ എന്‍ രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

കേന്ദ്രത്തിന്റേത് വില കുറഞ്ഞ രാഷ്ട്രീയക്കളി: കാനം
തിരുവനന്തപുരം: കേരളത്തോട് കേന്ദ്രം തുടര്‍ന്നു വരുന്ന അവഗണനയുടെ ഒടുവിലത്തെ തെളിവാണ് സര്‍വകക്ഷി നിവേദന സംഘം ഉന്നയിച്ച ആവശ്യങ്ങള്‍ പ്രധാനമന്ത്രി നിരാകരിച്ചതിലൂടെ വെളിവാകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. വില കുറഞ്ഞ രാഷട്രീയ കളിയാണ് മോഡി സര്‍ക്കാര്‍ നടത്തുന്നത്.
കേരളത്തിന്റെ റേഷന്‍ വിഹിതം തൊടു ന്യായങ്ങള്‍ പറഞ്ഞ് വര്‍ധിപ്പിക്കില്ലെന്ന നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. കേന്ദ്രസര്‍ക്കാരിന്റെയും മോഡിയുടെയും കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കക്ഷിഭേദമന്യേ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സംസ്ഥാനത്തെ പൊതു സമൂഹത്തോട് കാനം രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചു.

കേന്ദ്രമന്ത്രി വിലയിരുത്തും
ന്യൂഡല്‍ഹി: മഴക്കെടുതിയും കടല്‍ക്ഷോഭവും മൂലമുള്ള പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സര്‍വകക്ഷി സംഘം സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ച് മടങ്ങിയശേഷം പ്രധാനമന്ത്രി തന്നെ വിളിച്ചുവരുത്തിയെന്നും എന്തുകൊണ്ട് സര്‍വകക്ഷി സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി തിരക്കിയതായും അല്‍ഫോണ്‍സ് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി അനുഭാവത്തോടെ പരിഗണിച്ചെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.