80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി

Web Desk

ന്യൂഡൽഹി

Posted on June 30, 2020, 10:39 pm

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം നവംബർ മാസംവരെ തുടരുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഇതിനായി 90,000 കോടി രൂപ ചെലവിടും. അഞ്ച് കിലോഗ്രാം അരി, ഗോതമ്പ്, ഒരു കിലോ പരിപ്പ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. അഞ്ച് മാസത്തേയ്ക്ക് രാജ്യത്തെ 80 കോടി ജനങ്ങൾക്കാണ് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്.

പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം 1.75 ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 20 കോടി കുടുംബങ്ങളുടെ അക്കൗണ്ടുകളിലായി 31,000 കോടി രൂപ നിക്ഷേപിച്ചു. ഒമ്പത് കോടി കർഷകരുടെ അക്കൗണ്ടുകളിലായി 18,000 കോടി രൂപ നിക്ഷേപിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തുടങ്ങിയ സന്ദർഭത്തിലാണ് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

ഇതിന്റെ ഫലമായി രോഗവ്യാപന തോത് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ഇന്ത്യയിൽ കുറവാണ്.

രാജ്യത്തെ ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിന് കർഷകർ, നികുതി ദായകർ എന്നിവരുടെ പങ്ക് ശ്രദ്ധേയമാണ്. നിലവിൽ സബ്സിഡി നിരക്കിൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരാളിന് അഞ്ച് കിലോഭക്ഷ്യ ധാന്യങ്ങൾ ലഭിക്കുന്നു. ഇതിന് പുറമെയാണ് ഗരീബ് കല്യാൺ യോജന പ്രകാരം അടുത്ത മൂന്ന് മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

you may also like this video;