13 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 13, 2025
December 31, 2024
December 27, 2024
December 24, 2024
December 22, 2024
November 15, 2024
October 24, 2024
October 17, 2024
October 12, 2024
October 11, 2024

രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?

കുരീപ്പുഴ ശ്രീകുമാര്‍
വര്‍ത്തമാനം
November 11, 2021 4:51 am

യുണൈറ്റഡ് അറബ് എമിറൈറ്റ്സിലെ ദുബൈ ഗവൺമെന്റ് വൻതുക ചെലവഴിച്ച് സംഘടിപ്പിച്ചിട്ടുള്ള വിജ്ഞാനപ്രപഞ്ചമാണ് ഇപ്പോൾ അവിടെ നടക്കുന്ന എക്സ്പോ 2020 എന്ന ആഗോള പ്രദർശനം.

ഇരുനൂറോളം രാജ്യങ്ങളാണ് ഇതിൽ പങ്കെടുക്കുന്നത്. ഓരോ രാജ്യവും അതിന്റെ സംസ്കാരത്തനിമയും പുരോഗതിയുടെ പടവുകളും കാണികളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. മനുഷ്യാവകാശ പ്രവർത്തകരുടെ എതിർശബ്ദങ്ങൾ അറേബ്യക്ക് പുറത്തുണ്ടായിരുന്നെങ്കിലും പ്രദർശനം ഗംഭീരമായിത്തന്നെ തുടരുന്നു. ഇന്ത്യൻ രൂപ വച്ചുനോക്കിയാൽ ഒരാളിനു രണ്ടായിരം രൂപയാണ് ടിക്കറ്റ്. അവിടെ എളുപ്പം എത്താനുള്ള മെട്രോ സൗകര്യം ഒരുക്കിയിട്ടുണ്ട്. ബസ് സൗകര്യവും ഉണ്ട്. പതിനെട്ടു വയസുവരെയുള്ളവർക്കും അറുപതു കഴിഞ്ഞവർക്കും പ്രവേശനം സൗജന്യമാണ്.

ആധുനിക സാങ്കേതിക വിദ്യയുടെ അതിപ്രസരമാണ് എല്ലാ പവലിയനിലും ഉള്ളത്. സൗദി അറേബ്യ ഒരുക്കിയിട്ടുള്ള പവലിയൻ ആധുനിക സാങ്കേതിക വിദ്യാപ്രകടനത്തിന്റെ ഗംഭീര ഉദാഹരണമാണ്. മുഖത്തോട് മുഖം നോക്കി നിൽക്കുന്ന പലസ്തീൻ — ഇസ്രായേൽ പവലിയനുകൾ ലോക രാഷ്ട്രീയ ബോധമുള്ളവരിൽ കൗതുകം ഉണർത്തുന്നതാണ്.

 


ഇതുകൂടി വായിക്കൂ: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം


 

പ്രവേശനകവാടത്തിൽ തന്നെ എല്ലാ രാജ്യങ്ങളുടെയും പതാക ഉയർത്തിയിട്ടുണ്ട്. അതിന്റെ ചോട്ടിൽ അറേബ്യൻ ഗോത്രനൃത്തവും സംഗീതവുമൊക്കെ ഒരുക്കിയിട്ടുണ്ട്. കുട്ടികളോട് സംസാരിക്കുന്ന യന്ത്രസഹോദരരും അവിടെ കറങ്ങി നടക്കുന്നു.

ഓരോ പവലിയന് മുന്നിലും അതാതു രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികളുണ്ട്. നമ്മുടെ കളരിപ്പയറ്റും കൈകൊട്ടിക്കളിയും ഒഡീസിയും മണിപ്പൂരിയും നാട്ടു കാട്ടു കലാപ്രകടനങ്ങളുമൊക്കെ ഭാരത പവലിയന്റെ മുറ്റത്തുണ്ട്. കവിയരങ്ങും മുശായിരയുമൊന്നും ഇല്ല.

പാക് പവലിയന്റെ മുറ്റത്തുണ്ടാകുന്ന നൃത്തവും പാട്ടുമൊക്കെ ആസ്വദിക്കാനും ഇലഞ്ഞിത്തറ മേളത്തിന്റെ കൈയാംഗ്യ മേളത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അനുഭവിക്കാനും നിറയെ സന്ദർശകർ ഉണ്ടാകാറുണ്ട്.

ഓരോ രാജ്യവും അവരുടെ സാംസ്കാരിക മഹത്വവും മനുഷ്യരാശിക്ക് അവർ നൽകിയ സംഭാവനകളും പവലിയനുകളിൽ ആധുനിക സാങ്കേതിക വിദ്യയുടെ കമനീയതയോടെ ഒരുക്കിയിട്ടുണ്ട്. ഫാസിസമൊക്കെ ലോകരാജ്യങ്ങളുടെ അനിഷ്ടപ്പട്ടികയിലായതിനാൽ രാഷ്ട്രനായകരുടെ പടവും പ്രസംഗവും കൊണ്ട് പവലിയനുകൾ നിറച്ചിട്ടില്ല. ഹിറ്റ്ലറുടെയോ മുസോളിനിയുടെയോ കാലമായിരുന്നെങ്കിലോ? അവരുടെ വിവിധ പോസുകളിലുള്ള ഫോട്ടോകൾ കാണുമായിരുന്നു. ഭരണാധികാരികളിലെ ഫാസിസ്റ്റ് പുറത്തുവരുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം ആത്മരതിയുടെ അടയാളമായ സ്വന്തം ചിത്രങ്ങൾ പ്രദർശിപ്പിക്കകയെന്ന പ്രവണതയിലൂടെ ആണല്ലോ.

 


ഇതുകൂടി വായിക്കൂ: രാജ്യം നാണംകെട്ടു നിൽക്കുമ്പോഴും മേനി നടിക്കൽ പ്രഹസനവുമായി പ്രധാനമന്ത്രി | Editorial


നാലുനിലയുള്ള പടുകൂറ്റൻ പവലിയനാണ് ഇന്ത്യ പടുത്തുയർത്തിയിട്ടുള്ളത്. നാനൂറ്റൻപത് കോടി രൂപയാണ് അവിടെ ദീവാളികുളിച്ചത്. ദീവാളി കുളിക്കുകയെന്ന പ്രയോഗം ഇന്ത്യൻ പവലിയന്റെ മൂന്നിലെത്തുമ്പോൾ പെട്ടെന്നു ഓർമ്മവരും. കാരണം നമ്മുടെ പ്രധാനമന്ത്രി ദീപാവലി ആശംസകളുടെ സ്നാനഘട്ടത്തിൽ നിൽക്കുന്ന ചിത്രം പലവട്ടം അവിടെ മിന്നിമറയും.

ഉള്ളിൽ കടന്നാൽ ആദ്യം ചന്ദ്രയാന്റെ ഓർമ്മപ്പെടുത്തലാണ്. അവിടെ നിന്നുകൊണ്ട് ഇനി ആര്യഭട്ടനും ഭാസ്ക്കരനും ഇട്ടിഅച്ചുതനും ഈ. ജാനകിയമ്മാളും ജഗദീഷ് ചന്ദ്രബോസും ശാസ്ത്രീയതയെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രിയായ നെഹ്റുവും ഒക്കെ കാണുമെന്നു ധരിച്ചാൽ തെറ്റി. പിന്നങ്ങോട്ടു യോഗാഭ്യാസമാണ്. ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഒരിക്കലും പിൻതുടർന്നിട്ടില്ലാത്ത വിവിധ ആസനങ്ങളുടെ പ്രകടനം.

കണ്ടുകണ്ടങ്ങനെ വരുമ്പോൾ അതാ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ. സോവിയറ്റ് അമേരിക്കൻ രാഷ്ട്രനായകരോടൊപ്പം ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നെഹ്റു നിന്ന പടമല്ല. നരേന്ദ്ര മോ‍‍‍‍ഡി വിവിധ രാഷ്ട്രനായകരെ ഒറ്റയ്ക്കു കാണുന്ന ഫോട്ടോകൾ.

ആദ്യം അഹിംസയെക്കുറിച്ച് സംസാരിച്ച ബുദ്ധന്റെയോ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയോ പടങ്ങളില്ല. എല്ലാം മോഡിമയം. രണ്ടാം ലോകയുദ്ധകാലത്തിനു മുൻപ് ജർമ്മനിയുടെ ചുമരുകളിൽ കണ്ട ആ മുറിമീശക്കാരനെ സന്ദർശകർ ഓർമ്മിച്ചാൽ അത്ഭുതപ്പെടാനില്ല.

ഈ നിർബന്ധിത ഫോട്ടോ പ്രദർശനം അവിടെ മാത്രമല്ലല്ലോ. വിമാനത്താവളങ്ങളിലും മരുന്ന് കടകളിലും പെട്രോൾ പമ്പുകളിലും കോവിഡ് സർട്ടിഫിക്കറ്റിലും എല്ലാം കാണുന്നുണ്ടല്ലോ. അതെ, ഭരണാധികാരിയുടെ നിർബന്ധിത ഫോട്ടോ പ്രദർശനം സർവനാശകാരണമായ ഫാസിസ്റ്റ് കൊടുങ്കാറ്റിനു മുൻപുള്ള പക്ഷിക്കരച്ചിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.