പ്രധാനമന്ത്രിയുടെ ഫാസിസ്റ്റ് പ്രചരണ തന്ത്രം

Web Desk
Posted on May 04, 2019, 10:07 pm

 

jalakam

പൊതുതെരഞ്ഞെടുപ്പിന്റെ നാലുഘട്ടം പിന്നിട്ടു കഴിയുമ്പോള്‍ രാജ്യമെങ്ങും മോഡിവിരുദ്ധ തരംഗം അലയടിക്കുന്ന ചിത്രമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. പകരം ആര്? എങ്ങനെ? എന്നീ ചോദ്യങ്ങള്‍ക്കു മാത്രം ശരിയായ ഉത്തരം നല്‍കാന്‍ രാജ്യത്തെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിനു കഴിയുന്നില്ലായെന്ന യാഥാര്‍ത്ഥ്യവും നമ്മുടെ മുന്‍പിലുണ്ട്. ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്സിനോടൊപ്പമില്ലായെന്ന് ഉറപ്പാക്കിയത് മറ്റാരുമല്ല; കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസിന്റെ ദേശീയ‑സംസ്ഥാന നേതാക്കളുടെ പക്വതയില്ലാത്ത നിലപാടുകളും സമീപനങ്ങളുമാണ് ബി എസ് പി — സമാജ്‌വാദി സഖ്യത്തിന് അടിത്തറയൊരുക്കിയത്. മായാവതിയും അഖിലേഷ് യാദവും കൂടി ഒത്തുചേര്‍ന്നപ്പോള്‍ ശക്തമായ ഒരു ബിജെപിയിതര രാഷ്ട്രീയ സഖ്യം യു പി യില്‍ ഉണ്ടായി. ഇതുതന്നെയാണ് ഡല്‍ഹിയിലും സംഭവിച്ചത്.

ആം ആദ്മി പാര്‍ട്ടിയുമായി ഒരു നല്ല സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസിനു കഴിയുമായിരുന്നു. ഷീല ദീക്ഷിത്തിന്റെ താല്‍പര്യത്തിനു വഴങ്ങിയ കോണ്‍ഗ്രസ് തലസ്ഥാന നഗരിയും കൈവിടുന്നതിനവസരമൊരുക്കുകയാണ് ചെയ്തിരിക്കുന്നത്. ബിജെപിക്കു ബദലായി ഉയര്‍ന്നുവരാന്‍ കഴിയുന്നതും ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നതുമായ ഒരു സഖ്യസാധ്യതയാണ് പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് കളഞ്ഞുകുളിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെങ്കിലോ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലെല്ലാം സ്വന്തം ഗവണ്‍മെന്റിനെകുറിച്ച് ഒന്നും പറയാതെ കോണ്‍ഗ്രസിന്റെയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തെ വിമര്‍ശിക്കുവാനും കളിയാക്കുവാനും മാത്രമായിട്ടാണ് സമയം കണ്ടെത്തുന്നത്. അഞ്ചുവര്‍ഷം അധികാരത്തിലിരുന്ന ഒരു ഗവണ്‍മെന്റിനെ നയിച്ച രാജ്യത്തെ പ്രധാനമന്ത്രിക്ക് തന്റെ ഗവണ്‍മെന്റിനെക്കുറിച്ച് ഒന്നും പറയാനില്ലായെന്നത് അതിവിചിത്രമായി തോന്നാം. പക്ഷെ യാഥാര്‍ത്ഥ്യം ഒന്നും പറയാനില്ലായെന്നതു തന്നെയാണ്. ഒരു ഫാസിസ്റ്റു ഭരണകൂടത്തിന്റെ പുതിയ തന്ത്രമാണ് നരേന്ദ്ര മോഡിയെന്ന ഭരണാധികാരി ഇന്ത്യയില്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ഭരണകാലഘട്ടത്തിലെ ചെയ്തികളെക്കുറിച്ച് ഒന്നും പറയാതിരിക്കുക, എതിരാളികളെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട് ആക്രമണോത്സുകമായ ഒരു പ്രചരണ തന്ത്രം മെനഞ്ഞെടുക്കുക, എതിരാളികള്‍ പ്രത്യാക്രമണം നടത്തുമ്പോള്‍ ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും മറുപടി പറയുന്നതിനായിരിക്കും കൂടുതലും ശ്രദ്ധിക്കുക. തിന്മകള്‍ മാത്രം നിറഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലഘട്ടം ജനസമക്ഷം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്യുമെന്ന കൗശലമാണ് മോഡി പ്രയോഗിക്കുന്നത്.

തെരഞ്ഞെടുപ്പു പ്രചാരണ വേളകളില്‍ തന്റെ ഗവണ്‍മെന്റിനെക്കുറിച്ച് എന്തെങ്കിലും പറയേണ്ടുന്ന പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ എല്ലാം നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയുടെ വ്യക്തിപരമായ ചില നടപടികളെയും കുറിച്ചായിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത മോഡി പറഞ്ഞത്, ബി ജെ പി മുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ ”വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഭരണഘടന സംരക്ഷണം നല്‍കു”മെന്നാണ്. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രസ്താവം ഉണ്ടായത് 2018 സെപ്റ്റംബര്‍ 28 നാണ്. അതിനുശേഷം പാര്‍ലമെന്റിന്റെ രണ്ടു സമ്മേളനങ്ങള്‍ നടന്നു. സുപ്രീം കോടതിവിധിയെ മറികടന്നുകൊണ്ട് ആചാര വിശ്വാസങ്ങള്‍ സംരക്ഷിക്കുവാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന് പല വ്യക്തികളും സംഘടനകളും കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നല്ലോ. അന്നു പുറംതിരിഞ്ഞു നിന്നതല്ലാതെ ഒരു നിയമ നിര്‍മാണത്തിനും തയ്യാറാകാതെ നിന്ന പ്രധാനമന്ത്രിയും ബിജെപിയും ഇപ്പോള്‍ പറയുന്ന വിശ്വാസ‑ആചാര സംരക്ഷണം വോട്ടുതട്ടാനുള്ള ചെപ്പടിവിദ്യ മാത്രമാണ്. തന്നെയുമല്ല പൂനെയിലെ ശിംഗ്നാപൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി നിലനിന്ന ആചാരം ലംഘിച്ചുകൊണ്ട് സുപ്രീം കോടതി വിധിയിലൂടെ സ്ത്രീ പ്രവേശനം അനുവദിച്ചപ്പോള്‍ ബിജെപി നയിക്കുന്ന മഹാരാഷ്ട്ര ഗവണ്‍മെന്റും ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയും ആചാര വിശ്വാസങ്ങള്‍ ലംഘിച്ച സുപ്രീം കോടതിവിധി നടപ്പിലാക്കുകയാണല്ലോ ചെയ്തത്. കേരളത്തെക്കുറിച്ച് മറ്റൊരു കല്ലുവച്ച നുണകൂടി ഭരണ പരാജയം മറച്ചുവയ്ക്കാന്‍ പാടുപെടുന്ന പ്രധാനമന്ത്രി പറയുകയുണ്ടായി. കേരളത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ പുറത്തുപോകുമ്പോള്‍ ജീവനോടെ തിരിച്ചെത്താനാവുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും അതുകൊണ്ട് അമ്മയോട് അന്ത്യയാത്ര പറഞ്ഞാണ് പോകുന്നതെന്നും കൂടി അദ്ദേഹം തട്ടിവിട്ടു. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ പോളിങ് ബൂത്തില്‍ പോയി വോട്ടു ചെയ്താല്‍ തിരിച്ചു വരുമെന്നുറപ്പില്ലായെന്നും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി തന്റെ മണ്ഡലമായ വാരാണസിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  കേരളത്തില്‍ ദൈവത്തിന്റെ പേരുപോലും പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിടിച്ചു ജയിലിലിടുകയും ലാത്തിച്ചാര്‍ജ്ജ് ചെയ്യുമെന്നും മോഡി പ്രസ്താവിക്കുകയുണ്ടായി.
പശ്ചിമബംഗാളില്‍ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും ഈ പ്രധാനമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസ്താവിച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഔസയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത്, ”നിങ്ങളുടെ വോട്ട് പുല്‍വാമയിലെ ധീര രക്തസാക്ഷികളായ സൈനികര്‍ക്കും ബാലാകോട്ടില്‍ പാകിസ്ഥാന് ഉചിതമായ മറുപടി നല്‍കിയ സൈനികര്‍ക്കുമായി സമര്‍പ്പിക്കുന്നെങ്കില്‍ നിങ്ങള്‍ ബിജെപിക്ക് വോട്ടു നല്‍കണം എന്നാണ്. ഇത് സൈനിക നടപടികളെ രാഷ്ട്രീയവല്‍ക്കരിച്ച് വോട്ടുതട്ടാനുള്ള തരംതാണ പ്രചാരണ തന്ത്രം മാത്രമല്ല ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടങ്ങളുടെ പരസ്യമായ ലംഘനവും വെല്ലവിളിയുമാണ്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വാര്‍ത്താ സമ്മേളനം നടത്തുകയോ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കുകയോ ചെയ്തിട്ടില്ലാത്ത നരേന്ദ്ര മോഡി മറുചോദ്യങ്ങളെ ഭയക്കുന്ന ഒരു ഭരണാധികാരിയാണെന്ന് ഇന്നെല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകന്‍ അല്ലാത്ത ഹിന്ദി സിനിമാനടന്‍ അക്ഷയ്കുമാറിന് ഒരു മണിക്കൂര്‍ നീണ്ട ഒരു അഭിമുഖം അനുവദിച്ചു. അതില്‍ ഒരിടത്തും തന്റെ അഞ്ചുവര്‍ഷ ഭരണകാലയളവില്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി തന്റെ ഗവണ്‍മെന്റ് എന്തെങ്കിലും ചെയ്തു എന്ന് ഒരിടത്തും പറഞ്ഞില്ല. പകരം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതദീദി തനിക്ക് എല്ലാവര്‍ഷവും കുര്‍ത്തായും മധുരവും അയച്ചുതരാറുണ്ട് തുടങ്ങിയ കഥകള്‍ പറഞ്ഞു സമയം കളഞ്ഞതല്ലാതെ ഗൗരവമുള്ള ഒരു രാജ്യകാര്യങ്ങളും പറഞ്ഞില്ലായെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ കാര്‍ഷിക മേഖലയെ തകര്‍ത്ത, വ്യാവസായിക വളര്‍ച്ചാ നിരക്കിനെ തളര്‍ത്തിയ, ബാങ്കിങ് മേഖലയെ പാടെ തകര്‍ത്ത, നോട്ടു നിരോധനത്തില്‍ക്കൂടി ഗ്രാമീണ സമ്പദ്ഘടനയെ തകര്‍ത്ത, തൊഴിലില്ലായ്മയെ രൂക്ഷതരമാക്കി, ഉള്ളതൊഴില്‍ പോലും നഷ്ടപ്പെടുത്തിയ, കര്‍ഷക ആത്മഹത്യകളും ആള്‍ക്കൂട്ടക്കൊലകളും നിത്യസംഭവമാക്കിയ, സൈനികര്‍ ഉപയോഗിക്കേണ്ടുന്ന യുദ്ധവിമാന ഇടപാടുകളില്‍പോലും വമ്പന്‍ അഴിമതി നടത്തിയ, ഇന്ത്യന്‍ മതേതരത്വവും ബഹുസ്വരതയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റു ഭരണകൂടത്തിന്റെ തിന്മ നിറഞ്ഞ ദുഷ്‌ചെയ്തികള്‍ എത്ര വിദഗ്ധമായി മറച്ചു വയ്ക്കാനാണ് മോഡി പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ വേട്ടക്കാരന്‍ വിരിക്കുന്ന വലയില്‍ ഇനിയും ഇന്ത്യന്‍ ജനത എന്ന ഇര വീഴുമോ എന്ന് കണ്ടറിയാനേ കഴിയൂ, എങ്കിലും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള മുന്നേറ്റം അല്‍പം ആശ്വാസം നല്‍കുന്നതായിരിക്കും.